പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ പഞ്ഞി മറന്നുവെച്ചതായി പരാതി
പാലക്കാട്: പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിൽ പഞ്ഞി മറന്നുവെച്ചതായി പരാതി. ഷബാന എന്ന 22 കാരിയാണ് ആശുപത്രിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. പാലക്കാട് പാലന ആശുപത്രിയിലായിരുന്നു ഷബാന ശസ്ത്രക്രിയക്ക് വിധേയമായത്.
ജൂൺ ഒമ്പതിനായിരുന്നു ഷബാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തി. എന്നാൽ വീട്ടിൽ വന്നതിനുശേഷം കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു. ശസ്ത്രക്രിയയുടെ ബുദ്ധിമുട്ടായിരിക്കും എന്നാണ് ആദ്യം ഇവർ കരുതിയത്. എന്നാൽ ചൊവ്വാഴ്ച രാവിലെ ശുചിമുറിയിൽ പോയപ്പോഴാണ് വയറ്റിൽ നിന്നും പഞ്ഞിക്കെട്ട് പുറത്ത് വന്നതെന്ന് യുവതി പറയുന്നു.

സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനും ജില്ലാ കലക്ടർക്കും പരാതി നൽകിയതായി യുവതിയുടെ ഭർത്താവ് അറിയിച്ചു. 'ആശുപത്രി അധികൃതർക്ക് പരാതി നൽകിയിട്ടില്ല. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. അവരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയായിരിക്കാം ഇത്. നാളെ ഇത് മറ്റൊരാൾക്ക് സംഭവിക്കാൻ പാടില്ല. അതുകൊണ്ടാണ് നിയമ വഴിയിലൂടെ തന്നെ പോകുന്നത്. പഞ്ഞി പുറത്തുവന്നത് കൊണ്ടാണ് മനസിലായത്. ഇല്ലെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേനെ. ഇത് നിസാരമായി തള്ളിക്കളയേണ്ട കാര്യമല്ല. ആശുപത്രിയിൽ പരാതിയുമായി പോയാൽ അവർ ഇത് തള്ളിക്കളഞ്ഞേക്കാം. അതുകൊണ്ടാണ് മന്ത്രിക്ക് തന്നെ പരാതി നൽകിയത്', ഷബാനയുടെ ഭർത്താവ് പറഞ്ഞു.












Click it and Unblock the Notifications