പാലക്കാട് സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും; ശേഖരിക്കുന്നത് 400 സാമ്പിളുകൾ
പാലക്കാട്; ജില്ലയില്‍ കോവിഡ് 19 സമൂഹ രോഗവ്യാപനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള സാമ്പിള്‍ ശേഖരണത്തിനായി ഐ സി എം ആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) 20 അംഗ ടീം ജില്ലയില്‍ എത്തിയതായി ജില്ലാ കലക്ടര്‍ ഡി ബാലമുരളി അറിയിച്ചു. സംസ്ഥാനത്ത് പാലക്കാട്, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളാണ് പരിശോധനയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. പ്രത്യേകിച്ച് മാനദണ്ഡങ്ങള്‍ ഒന്നും ഇല്ലാതെയാണ് ജില്ലകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് കണ്ടെത്താന്‍ കഴിയാത്ത പ്രതിസന്ധികളും ഇതുവഴി തിരിച്ചറിയാനാകും. ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത പോസിറ്റീവ് കേസുകളോ അല്ലെങ്കില്‍ നിലവില്‍ പോസിറ്റീവ് അല്ലെങ്കിലും വൈറസ് ബാധയുണ്ടായി ഭേദമായ ആളുകളോ ഉണ്ടെങ്കില്‍ കണ്ടെത്താനാകും. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധത്തിനായുള്ള സര്‍ക്കാറിന്റെ പദ്ധതി ആസൂത്രണങ്ങള്‍ മെച്ചപ്പെടുത്താനുമാകും.

* സാമ്പിള്‍ ശേഖരണം നടത്തുന്ന പ്രദേശങ്ങള്‍
വിവിധ ഘട്ടങ്ങളിലായി നഗര,ഗ്രാമ പ്രദേശങ്ങളിലെ പ്രത്യേക ഏരിയകള്‍ തിരഞ്ഞെടുത്തതാണ് പഠനം നടത്തുന്നതെന്ന് ഡി.എം.ഒ ഡോ. കെ പി റീത്ത അറിയിച്ചു. ജില്ലയില്‍ 10 സ്ഥലങ്ങള്‍ ഇതിനായി കണ്ടെത്തുകയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.ഏഴ് വില്ലേജുകളും മൂന്ന് വാര്‍ഡുകളും ആണ് ഇതില്‍ ഉള്‍പ്പെടുന്നത്. കരിമ്പുഴ 2, ചാലിശ്ശേരി, അഗളി, മങ്കര, തെക്കേ ദേശം, കൊല്ലങ്കോട് 2, മേലാര്‍കോട് എന്നീ വില്ലേജുകളിലും ഒറ്റപ്പാലം നഗരസഭയില്‍ ഉള്‍പ്പെടുന്ന വാര്‍ഡ് 25, പാലക്കാട് നഗരസഭയില്‍ ഉള്‍പ്പെടുന്ന വാര്‍ഡ് 31, ചിറ്റൂരില്‍ ഉള്‍പ്പെടുന്ന പുതുനഗരം വാര്‍ഡ് 1 എന്നിവിടങ്ങളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്. 10 ടീമുകള്‍ തിരിഞ്ഞു തിരഞ്ഞെടുക്കപ്പെട്ട വില്ലേജുകളിലെ/വാര്‍ഡുകളിലെ 4 പ്രദേശങ്ങള്‍ തിരഞ്ഞെടുത്ത് 10 സാമ്പിളുകള്‍ വീതം 40 സാമ്പിളുകള്‍ ശേഖരിക്കും.
Recommended Video
ഇപ്രകാരം 10 വില്ലേജുകളില്‍ നിന്നായി 400 സാമ്പിളുകള്‍ ശേഖരിക്കും. മെഡിക്കല്‍ ഓഫീസര്‍മാരുടെയും ആശാ വര്‍ക്കര്‍മാരുടെയും സഹായത്തോടെയാണ് സാമ്പിള്‍ ശേഖരിക്കുക. അഞ്ച് ദിവസത്തിനുള്ളില്‍ സാമ്പിള്‍ ശേഖരണം പൂര്‍ത്തിയാകുമെങ്കിലും കൂടുതല്‍ നടപടിക്രമങ്ങളിലൂടെ അടുത്ത ഘട്ടങ്ങളിലായാവും ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയാനാവുക. എന്നാല്‍ ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈ സാമ്പിള്‍ ശേഖരണത്തിന്റെ അടിസ്ഥാനത്തിലല്ല ആസൂത്രണം ചെയ്യുന്നതെന്നും ഡി.എം.ഒ അറിയിച്ചു.












Click it and Unblock the Notifications