പ്രമുഖരെ തഴഞ്ഞു; സ്ഥാനാർഥിപ്പട്ടിക മരവിപ്പിച്ച് സിപിഎം ജില്ലാ കമ്മിറ്റി
പാലക്കാട്; പ്രമുഖ നേതാക്കളെ തഴഞ്ഞുളള ഷൊർണൂർ നഗരസഭ സ്ഥാനാർത്ഥി പട്ടി മരവിപ്പിച്ച് സിപിഎം ജില്ലാ കമ്മിറ്റി. എംആർ മുരളി, നിലവിലെ ഉപാധ്യക്ഷൻ ആർ സുനു, കുളപ്പുള്ളി ഏരിയ സെക്രട്ടറി എം സുരേന്ദ്രൻ തുടങ്ങിയ നേതാക്കളെ തഴഞ്ഞതോടെയാണ് ജില്ലാ കമ്മിറ്റിയുടെ അടിയന്തര ഇടപെടലെന്ന് മനോരമ റിപ്പോർട്ട് ചെയ്തു.
പട്ടിക സമർപ്പിക്കപ്പെട്ടതോടെ സംസ്ഥാന നേതൃത്വം ഇടപെടുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാവ് ഇടപെട്ടാണ് പട്ടിക മരവിപ്പിച്ചത്. സിപിഎം ബ്രാഞ്ച്, ലോക്കൽ, ഏരിയ കമ്മിറ്റികൾ അംഗീകരിച്ച പട്ടിക ജില്ലാ കമ്മിറ്റി മരവിപ്പിക്കുന്ന രീതി പാർട്ടിയിൽ ഇല്ല.
എന്നാൽ പട്ടിക പ്രകാരം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചാൽ അത് കടുത്ത ഭിന്നതയ്ക്ക് വഴിവെയ്ക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.മാത്രമല്ല കോൺഗ്രസ് ശക്തമായ സ്ഥാനാ്‍ത്ഥികളെ ഇറക്കുന്ന മണ്ഡലങ്ങളിൽ പോലും പ്രമുഖ സ്ഥാനാർത്ഥികളുടെ അഭാവം പട്ടികയിൽ ഉണ്ടായെന്നാണ് ഉന്നയിക്കപ്പെട്ടത്. പുതിയ പട്ടിക ഉടൻ സമർപ്പിക്കും.പ്രധാനമായും മൂന്ന് വാർഡുകളിലെ സ്ഥാനാർത്ഥികളാകും മാറിയേക്കുക.

ജില്ലയിലെ രാഷ്ട്രീയ ചിത്രം
പാലക്കാട് ജില്ലയിൽ ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനാണ്. ആകെയുള്ള 30 സീറ്റുകളിൽ എൽഡിഎഫിന് 27 ഉം യുഡിഎഫിന് 3 സീറ്റുകളുമാണ് ഉള്ളത്. 7 നഗരസഭകളിൽ 4 എണ്ണത്തിൽ യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും 1 ഇടത്ത് ബിജെപിയുമാണ്.88 ഗ്രാമപഞ്ചായത്തുകളിൽ 71 ഇടത്തും എൽഡിഎഫിനാണ് ഭരണം.യുഡിഎഫ് 17 ഇടത്താണ് ഭരിക്കുന്നത്.