കുറവ സംഘത്തെ പോലെ കോൺഗ്രസുകാരെ ചോദ്യം ചെയ്യാനാകില്ലല്ലോയെന്ന് സിപിഎം; മറുപടിയുമായി വിഡി സതീശൻ
ട്രോളി ബാഗ് വിവാദത്തിൽ പോലീസ് അന്വേഷണം തൃപ്തികരമായിരുന്നുവെന്ന് സി പി എം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. കുറുവാ സംഘത്തെ ചോദ്യം ചെയ്യുന്നത് പോലെ കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്യാൻ സാധിക്കില്ലല്ലോ. അന്വേഷണത്തിൽ പോലീസിന് പരിമിതിയുണ്ട്', സുരേഷ് ബാബു പറഞ്ഞു.
'കൃത്യമായ വസ്തുതയുടെ അടിസ്ഥാനത്തിലാണ് ട്രോളി വിവാദം ഞങ്ങൾ ഉയർത്തിയത്. പെട്ടെന്ന് രക്ഷപ്പെടാനുള്ള ലൂപ്പ് ഹോൾ അവർക്ക് കിട്ടി. കോൺഗ്രസ് നേതാക്കളെ കുറുവ സംഘത്തെ ചോദ്യം ചെയ്യുന്നത് പോലെ ചോദ്യം ചെയ്യാൻ സാധിക്കില്ലല്ലോ. ഇപ്പോഴത്തെ പോലീസ് അന്വേഷണം തെറ്റായ രീതിയിൽ കാണുന്നില്ല', അദ്ദേഹം പറഞ്ഞു.

അതേസമയം സുരേഷ് ബാബുവിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. കുറുവാ സംഘത്തിന് സമാനമായ ആളുകളെ ചോദ്യം ചെയ്യണമെങ്കില്‍ എ കെ ജി സെന്ററിലും പാലക്കാട് സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലും പോകണമെന്ന് സതീശൻ പറഞ്ഞു.' കേരളം കൊള്ളയടിക്കുന്നവരൊക്കെ അവിടെ കേന്ദ്രീകരിച്ചിരിക്കുകയാണ്. നാണക്കേട് കൊണ്ട് തലയില്‍ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയിലാണ് മന്ത്രി രാജേഷും അളിയനും. അവരുടെ കുറുവാ സംഘത്തില്‍പ്പെട്ട ആളാണ് പാലക്കാട് ജില്ലാ സെക്രട്ടറി. ജില്ലാ സെക്രട്ടറിയാണ് പാലക്കാട് ജില്ലയിലെ കുറുവാ സംഘത്തിന്റെ നേതാവ്. ഇവരെ കുറിച്ച് അറിയാവുന്നതു കൊണ്ടാണ് പാലക്കാട്ടെ ജനങ്ങള്‍ ഈ കുറുവാ സംഘത്തിന് ശക്തമായ മറുപടി നല്‍കിയത്', സതീശൻ പറഞ്ഞു.
സി പി എമ്മില്‍ കമ്മ്യൂണിസം വരുമെന്നു കരുതി കൂടെക്കൂടി അബന്ധം പറ്റിയവര്‍ നിരവധിയുണ്ട്. അവരൊക്കെ ഞങ്ങള്‍ക്കൊപ്പം വരും. അവരൊക്കെ ഞങ്ങള്‍ക്ക് വോട്ട് ചെയ്യാറുമുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് പാലക്കാട് ഇത്രയും വോട്ട് കിട്ടിയത്', അദ്ദേഹം പറഞ്ഞു. അതേസമയം ട്രോളി വിവാദത്തിൽ എന്ത് നുണപരിശോധനയ്ക്കും താൻ തയ്യാറാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. വിഷയത്തിൽ ഞാൻ അല്ല പോലീസ് ആണ് എന്തെങ്കിലും ചെയ്യേണ്ടത്. തനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല' , രാഹുൽ പറഞ്ഞു.
ട്രോളിയിൽ പണം കടത്തിയെന്ന ആരോപണത്തിൽ തെളിവൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. ഈ സാഹചര്യത്തിൽ കേസുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കി. അതേസമയം വിഷയം തങ്ങൾ വിടില്ലെന്നും മാനനഷ്ട കേസ് നൽകുമെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications