യാത്രയ്ക്കിടെ ലഹരി ഉപയോഗം; 9 കെഎസ്ആർടിസി ഡ്രൈവർമാർ കുടുങ്ങി
പാലക്കാട്; നിരോധിത പുകയില വസ്തുക്കളുമായി കെ എസ് ആർ ടി സി ഡ്രൈവർമാർ പിടിയിൽ. പാൻമസാലയും പുകയിലയും ഉൾപ്പെടെയുള്ള ലഹരി ഉത്പന്നങ്ങളാണ് രാത്രി സർവ്വീസ് നടത്തുന്ന ഡ്രൈവർമാരിൽ നിന്നും കണ്ടെടുത്തത്. 12 ബസുകളിലായി നടത്തിയ പരിശോധനയിൽ 9 പേരാണ് പിടിയിലായത്.
പാലക്കാട്-ആലത്തൂർ ദേശീയപാതയിൽ ഇന്നലെ രാത്രിയായിരുന്നു മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്. പാലക്കാട് കുഴൽമന്ദത്ത് യുവാക്കളുടെ മരണത്തിനിടയാക്കിയ കെ എസ് ആർ ടി സി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. ഡ്രൈവർമാരുടെ അടിവസ്ത്രത്തിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ.

തുടക്കത്തിൽ കൊറിക്കാനുള്ള ഭക്ഷണങ്ങൾ ആണ് കൈയ്യിലുള്ളതെന്നായിരുന്നു ഡ്രൈവർമാരുടെ വിശദീകരണം. എന്നാൽ തെളിവുകൾ ഉൾപ്പെടെ നിരത്തി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് പലരും കുടുങ്ങിയത്. ചിലർ കൂടിയ അളവിൽ ലഹരി ഉപയോഗിക്കുന്നതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ഉറക്കം വരാതിരിക്കാനാണ് ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതെന്നാണ് പിടിക്കപ്പെട്ട ഡ്രൈവർമാരുടെ മൊഴി. പിടിക്കപ്പെട്ടവർക്കെതിരെ നിയമലംഘനം തെളിഞ്ഞാൽ വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്തേക്കും. അതിനിടെ പരിശോധനയിൽ ലൈസൻസ് ഇല്ലാതെ തുടരുന്ന കണ്ടക്ടർമാരേയും പിടിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും വകുപ്പിന്റെ ശക്തമായ പരിശോധന ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications