റോഡിന്റെ നടുക്ക് വൈദ്യുത പോസ്റ്റ്; വർഷങ്ങളായി കാത്തിരുന്ന് കിട്ടിയ റോഡിലൂടെ ഓട്ടോ പോലും പോകില്ല
പാലക്കാട് : ഒരു വൈദ്യുത പോസ്റ്റ് കാരണം വഴിമുട്ടിയ അവസ്ഥയിലാണ് പാലക്കാട് മരുതറോഡ് അംബുജം കടയൻകോട് കോളനി നിവാസികൾ. ഇടങ്ങിയ റോഡിന്റെ ഒത്ത നടുക്ക് ഈ പോസ്റ്റ് നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഈ പോസ്റ്റ് കാരണം ഓട്ടോറിക്ഷയ്ക്ക് പോലും പോകാനാവാത്ത അവസ്ഥയാണ്.
മരുതറോഡ് പഞ്ചായത്തിലെ 9ാം വാർഡിലാണ് കടയൻകോട് കോളനി. നാൽപ്പതോളം കുടുംബങ്ങളാണ് ഇവിടെ നിലവിൽ താമസിക്കുന്നത്. നേരത്തെ ഇതുവഴി കാൽനട യാത്രപോലും സാധ്യതമല്ലായിരുന്നു. നാട്ടുകാരുടെ പരാതികൾക്കൊടുവിൽ ജലസേചന വകുപ്പ് കനാൽ വരമ്പിലൂടെ ഒരു വഴിയൊരുക്കിയത്. വഴിക്ക് വേണ്ടി ഇവിടെയുള്ള ഒട്ടേറെ കുടുംബങ്ങൾ സ്ഥലം വിട്ടുനൽകിയിരുന്നു.

വഴിയായെങ്കിലും വഴിമുടക്കിക്കൊണ്ട് വഴിയുടെ മധ്യഭാഗത്തായി വൈദ്യുത പോസ്റ്റുകൾ ഇട്ടു. ഇപ്പോൾ ഒരു കിലോമീറ്റർ വരുന്ന റോഡിന്റെ അവസ്ഥ കഷ്ടത്തിലാണ്. പോസ്റ്റിന്റെ ഇരുവശത്തിൽ കൂടെ വേണം നാട്ടുകാർക്ക് നടന്നുപോകാൻ. വാഹനങ്ങൾക്ക് ഇതുവഴി പോകാൻ കഴിയാത്ത അവസ്ഥയുമാണ്. വൈദ്യുത പോസ്റ്റുകൾ എടുത്തുനീക്കാൻ 2 വർഷം മുമ്പ് വൈദ്യുത മന്ത്രിയായിരുന്ന എം എം മണി ഉത്തരവ് ഇറക്കിയെങ്കിലും നടപടി ഉണ്ടായില്ല.
റോഡിന്റെ നടുഭാഗത്ത് താന്നെ പോസ്റ്റുള്ളതു കൊണ്ട് ഓട്ടോറിക്ഷ പോലും പോകില്ല. അസുഖബാധിതരെ ആശുപത്രിയിലേക്ക് തലച്ചുമടായി എത്തിക്കേണ്ട അവസ്ഥയാണ്. രോഗികളെ സ്ട്രച്ചറിലും ചുമടായും താങ്ങിയെടുത്തു വേണം റോഡിൽ എത്തിക്കാൻ. ആംബുലൻസ് പോകാൻ വഴി ഇല്ലാത്തതിനാൽ മൃതദേഹം ചുമന്ന് മുക്കാൽ കിലോ മീറ്ററോളം നടന്ന പോകേണ്ടി വന്നിട്ടുണ്ട്.
ഈ പ്രശ്നത്തിന് അടിയന്തിര നടപടി ഉടൻ ഉണ്ടായില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകാൻ ആണ് നാട്ടുകാരുടെ തീരുമാനം. അതേസമയം, വൈദ്യുത പോസ്റ്റ് മാറ്റാൻ നടപടി തുടങ്ങിയെന്നാണ് മരുത റോഡ് പഞ്ചായത്ത് പറയുന്നത്.












Click it and Unblock the Notifications