വ്യാജ തിരിച്ചറിയൽ കാർഡ്; മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് വിശദീകരണം നൽകി ഷാഫി പറമ്പിൽ
പാലക്കാട്: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന കേസിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് വിശദീകരണം നൽകി മുൻ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. സംഭവത്തിൽ ബി ജെ പിയും ഡി വൈ എഫ് ഐയും നേരത്തേ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് ഷാഫിയോട് കമ്മീഷൻ വിശദീകരണം തേടിയത്. പരാതിയിൽ യാതൊരു വസ്തുതയുമില്ലെന്നാണ് ഷാഫി നൽകിയ വിശദീകരണം.
ജനങ്ങൾക്കിടയിൽ കോൺഗ്രസിന്റെ പ്രതിച്ഛായ തകർക്കുകയെന്ന ലക്ഷ്യത്തോടെ സി പി എമ്മിന്റെ മുഖപത്രമാണ് ഇത്തരമൊരു വാർത്ത നൽകിയതെന്ന് വിശദീകരണത്തിൽ ഷാഫി പറമ്പിൽ പറഞ്ഞു. ആദ്യം ഈ പത്രമാണ് വാർത്ത നൽകിയത്. ലേഖകന്റെ ഭാവനയ്ക്ക് അനുസരിച്ചാണ് വാർത്ത തയ്യാറാക്കിയിരിക്കുന്നത്. രാഷ്ട്രീയ എതിരാളികൾക്കെതിരെ വസ്തുതാപരമല്ലാത്ത വാർത്തകൾ മുഖപത്രം കൊടുക്കാറുണ്ടെന്നും വിശദീകരണത്തിൽ ചൂണ്ടിക്കാട്ടുന്നു.

തിരഞ്ഞെടുപ്പിനായി വ്യാജ ഐഡി നിർമിച്ചതായി തനിക്കറിയില്ലെന്നും കൃത്യമായ പരിശോധന നടത്തി തെറ്റായ അപേക്ഷകൾ ഒഴിവാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്നും ഷാഫി വ്യക്തമാക്കി. അതേസമയം യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ വോട്ടർ ഐഡിയുമായി ബന്ധപ്പെട്ട് കെ പി സി സിക്ക് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു. പ്രതികളെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ സഹായിച്ചുവെന്ന് വിശ്വസിക്കുന്നില്ലെന്നും സുധാകരൻ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.












Click it and Unblock the Notifications