ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം കാരണമാണെന്ന് എഫ്‌ഐആര്‍, പാലക്കാട് നിരോധനാജ്ഞ
പാലക്കാട്: ആര്‍ എസ് എസ് മുന്‍ ശാരീരിക് ശിക്ഷണന്‍ പ്രമുഖ് എസ് കെ ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്നാണെന്ന് പൊലീസ് എഫ് ഐ ആര്‍. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിലുള്ള പ്രതികരാമായിട്ടാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നും എഫ് ഐ ആറില്‍ പറയുന്നു.
ഏലപ്പുള്ളിയില്‍ വച്ച് വിഷു ദിവസമാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ കൊല്ലപ്പെടുന്നത്. അതിന് തൊട്ടുപിന്നാലെയുള്ള ദിവസമാണ് പാലക്കാട് നഗരത്തില്‍ വച്ച് പട്ടാപ്പകല്‍ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. അതേസമയം, കൊലയാളികള്‍ ശ്രീനിവാസനെ ലക്ഷ്യം വച്ചല്ല വന്നതെന്നും എളുപ്പത്തില്‍ കൊലനടത്തുന്നതിന് വേണ്ടിയാണ് ശ്രീനിവാസനെ തിരഞ്ഞെടുത്തതെന്നുമാണ് പൊലീസ് പറയുന്നു.

പാലക്കാട് നഗരത്തിലും പരിസര പ്രദേശങ്ങളിലും താമസിച്ചവരാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. മൂന്ന് ബൈക്കുകളിലായാണ് കൊലയാളികള്‍ എത്തിയത്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, പോപ്പുലര്‍ ഫ്രണ്ട് , ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ട് പാലക്കാട് ജില്ലാ പരിധിയില്‍ ഏപ്രില്‍ 20ന് വൈകീട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് അഡീഷ്നല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠന്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ഇത് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമൊ പേര്‍ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളൊ, പ്രകടനങ്ങളൊ,ഘോഷയാത്രകളൊ പാടില്ല.ഇന്ത്യന്‍ ആമ്സ് ആക്ട് സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്.ഇന്ത്യന്‍ എക്സിപ്ലോസീവ് ആക്ട് 1884 സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഉഹപോഹങ്ങള്‍ പരത്തുകയോ ചെയ്യാന്‍ പാടുളളതല്ലായെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല.
ജില്ലയില്‍ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തി ല്‍ നാളെ(ഏപ്രില്‍ 18) വൈകീട്ട് 3.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം ചേരും. എല്ലാ രാഷ്ട്രീയ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications