ബൈക്കിലെത്തി കഴുത്തിൽ കത്തി വെച്ച് വീട്ടമ്മയുടെ ആഭരണങ്ങൾ കവർന്നു
പാലക്കാട്: ബൈക്കിലെത്തിയ രണ്ട് യുവാക്കൾ റിട്ട. ഉദ്യോഗസ്ഥയായ വീട്ടമ്മയുടെ കഴുത്തിൽ കത്തി വെച്ച് സ്വർണാഭരണങ്ങൾ കവർന്നു. പൂടൂർ ശങ്കർ നിവാസിൽ സുമതി (67) യുടെ ആഭരണങ്ങളാണ് കവർന്നത്. എട്ട് പവനോളം ആഭരണങ്ങൾ കവർന്നതായി പരാതിയിൽ പറയുന്നു.
ഇന്നലെ രാവിലെ 11.30 ഓടെ വീടിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ചെന്നൈയിൽ നിന്നും പൂടൂരിലെ തറവാട്ടുവീട്ടിൽ ബന്ധുക്കളുടെ അടുത്ത് വിരുന്നിനെത്തിയതാണ് സുമതി. പൂടൂർ പുഴക്കടവിൽ കുളി കഴിഞ്ഞ് വരുന്നതിനിടെ യുവാക്കൾ വീട്ടമ്മയെ തടഞ്ഞു നിർത്തുകയായിരുന്നു.

തുടർന്ന് ഭീഷണി മുഴക്കിയ യുവാക്കൾ കഴുത്തിൽ കത്തിവെച്ച് മാലയും വളയുമെല്ലാം ഊരി നൽകാൻ ആവശ്യപ്പെടുകായയിരുന്നു. മൂന്നും രണ്ടും പവൻ വീതമുള്ള രണ്ട് മാലയും ഒരു ഘടക വളയുമാണ് സുമതി അണിഞ്ഞിരുന്നത്.
സുമതിയുടെ കൂടെയുണ്ടായിരുന്ന അയൽവാസിയായ മറ്റൊരു വീട്ടമ്മ കുളികഴിഞ്ഞ് പോയെന്ന് ഉറപ്പുവരുത്തിയതിനു ശേഷമായിരുന്നു യുവാക്കൾ ആഭരണങ്ങൾ കവർന്നത്. മുണ്ടും ഷർട്ടും ധരിച്ച യുവാക്കളെ നേരത്തേ പുഴയ്ക്ക് സമീപത്തായി കണ്ടിരുന്നതായി ഇവർ പോലീസിന് മൊഴി നൽകി. സംഭവത്തിൽ യുവാക്കൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.












Click it and Unblock the Notifications