ഒറ്റപ്പാലത്ത് പോരാട്ടം കടുപ്പിക്കാൻ സിപിഎം; ഉണ്ണിക്ക് പകരം ഇറക്കുക ജയദേവനെ..യുഡിഎഫിനായി സരിനും
പാലക്കാട്; വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് പോരാട്ടം കടുക്കും. യുവാക്കളെ ഇറക്കി തിരഞ്ഞെടുപ്പിനെ നേരിടാണ് എൽഡിഎഫും യുഡിഎഫും ഒരുങ്ങുന്നത്. സിറ്റിംഗ് എംഎൽഎയായ പി ഉണ്ണിയ്ക്ക് ഇത്തവണ സിപിഎം സീറ്റ് നൽകിയേക്കില്ല. പകരം യുവനേതാവിനെയാണ് സിപിഎം ഇവിടെ പരിഗണിക്കുന്നത്. പൂക്കോട്ടുകാവ് മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയാ കമ്മറ്റി അംഗവുമായ ജയദേവന്റെ പേരാണ് ഇവിടെ ഉയരുന്നത്.
ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യവും പാർട്ടിയിൽ ഉണ്ട്. അതേസമയം ജില്ലയിലെ സാമൂദായിക സമവാക്യം പരിഗണിച്ച് ന്യൂനപക്ഷത്ത് നിന്നൊരാള്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വന്നിട്ടുണ്ട്. അങ്ങനെയെങ്കിൽ സുബൈദ ഇസ്ഹാക്കിനായിക്കും നറുക്ക് വീണേക്കുക. ബാലസംഘം സംസ്ഥാന കോഡിനേറ്റര്‍ എം രണ്‍ദീഷിനെ മത്സരിപ്പിക്കണമെന്ന ആവശ്യവും ഉണ്ട്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഷാനി മോൾ ഉസ്മാനായിരുന്നു യുഡിഎഫിന് വേണ്ടി കളത്തിലിറങ്ങിയതെങ്കിലും യാതൊരു ചലനവും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ യുവാവിനെ തന്നെ മണ്ഡലത്തിൽ ഇറക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ പി സരിനെയാണ് യുഡിഎഫ് ഇവിടെ പരിഗണിക്കുന്നത്.
അഞ്ച് വര്‍ഷം മുമ്പ് സിവില്‍ സര്‍വ്വീസ് രാജിവെച്ചാണ് സരിന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടന്നത്. ഒറ്റപ്പാലം സ്വദേശിയാണ് സരിൻ. ഇതും അനുകൂല ഘടകമാകുമെന്നും നേതൃത്വം കരുതുന്നുണ്ട്. നഗരപ്രദേശങ്ങളിലും കാര്യമായ മുന്നേറ്റം സൃഷ്ടിക്കാൻ സാധിക്കുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു.
നിലവിൽ ജില്ലയിലെ 12 നിയമസഭ മണ്ഡലങ്ങളിൽ ഒൻപതിടത്തും എൽഡിഎഫ് ആണ് ഭരിക്കുന്നത്. തൃത്താല, പാലക്കാട്, മണ്ണാർക്കാട് എന്നി മൂന്ന് മണ്ഡലങ്ങളാണ് യുഡിഎഫിനൊപ്പമുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിലും വൻ മുന്നേറ്റമാണ് ഇടതുമുന്നണി ജില്ലയിൽ കാഴ്ചവെച്ചത്.നിയമസഭ തിരഞ്ഞെടുപ്പിൽ ഇത് ആവർത്തിക്കുമെന്ന് നേതാക്കൾ അവകാശപ്പെടുന്നു. അതേസമയം ഇത്തവണ കൂടുതൽ മണ്ഡലങ്ങളിൽ നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ജില്ലയിൽ ഇക്കുറി അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷ ബിജെപിയും പുലർത്തുണ്ട്.
നിയമസഭ തിരഞ്ഞെടുപ്പ്; ശബരിമല വിഷയം വീണ്ടും പൊടിതട്ടിയെടുക്കാൻ ബിജെപി; ഒപ്പം കോൺഗ്രസും
ഏറ്റുമാനൂരും ചങ്ങനാശേരിയും ഏറ്റെടുക്കാൻ കോൺഗ്രസ്..പാലായിൽ കോൺഗ്രസ് സ്ഥാനാർത്ഥി ടോമി കല്ലാനി?