മണ്ഡലം മാറി മത്സരിക്കാന്‍ ബല്‍റാമും ഷാഫിയും?; പാലക്കാട് 7 സീറ്റ് പിടിക്കാന്‍ കോണ്‍ഗ്രസ് തന്ത്രം
പാലക്കാട്: സംസ്ഥാനത്ത് അധികാരം തിരികെ പിടിക്കാന്‍ മലബാറില്‍ ഉള്‍പ്പടെ കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള തന്ത്രമാണ് യുഡിഎഫ് ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്. പാലക്കാട് ഉള്‍പ്പടേയുള്ള ജില്ലകളില്‍ ഇത്തവണ പാര്‍ട്ടി വലിയ മുന്നേറ്റം ലക്ഷ്യമിടുകയാണ്. സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി ഇടതുപക്ഷത്തില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമം. സിറ്റിങ് എംഎല്‍എമാരില്‍ തന്നെ ചിലരെ മണ്ഡലം മാറ്റി മത്സരിപ്പിക്കാനുള്ള ആലോചനയും പാര്‍ട്ടിയില്‍ നടക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

പാലക്കാട്, തൃത്താല
12 സീറ്റുകള്‍ ഉള്ള പാലക്കാട് ജില്ലയില്‍ 2016 ലെ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ മാത്രമായിരുന്നു യുഡിഎഫിന് വിജയിക്കാന്‍ സാധിച്ചത്. തൃത്താലയില്‍ വിടി ബല്‍റാം, പാലക്കാട് ഷാഫി പറമ്പില്‍, മണ്ണാര്‍ക്കാട് എന്‍ ഷംസുദ്ധീന് എന്നിവരായിരുന്നു പാലക്കാട് ജില്ലയില്‍ നിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. ഇത്തവണ ഈ സീറ്റുകള്‍ക്ക് പുറമെ നാല് സീറ്റുകള്‍ കൂടി പിടിച്ചെടുക്കാനാണ് യുഡിഎഫ് നീക്കം.

പാര്‍ട്ടിക്ക് ലീഡ്
കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി ജില്ലയില്‍ മുന്നണിക്ക് സാഹചര്യം അനുകൂലമാണെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് ലീഡ് പിടിക്കാന്‍ സാധിച്ചിരുന്നു. കൃത്യമായ പ്രവര്‍ത്തനം നടത്തിയാല്‍ ഈ മേധാവിത്വം തുടരാന്‍ കഴിയുമന്നാണ് പ്രതീക്ഷ. പുതിയ സാഹചര്യത്തില്‍ ചില ഞെട്ടിപ്പിക്കുന്ന തീരുമാനങ്ങളും ഉണ്ടാവുമെന്നാണ് ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ വ്യക്തമാക്കുന്നത്.

ഷാഫിയും ബല്‍റാമും
യുവ എംഎല്‍എമാരായ ഷാഫി പറമ്പിലും വിടി ബല്‍റാമും മണ്ഡലം മാറി മത്സരിക്കുന്ന ആലോചന വരെ പാര്‍ട്ടിയില്‍ നടക്കുന്നുണ്ട്. ഇരുവരും ജയിച്ച പാലക്കാടും തൃത്താലയും പാര്‍ട്ടിക്ക് നിലനിര്‍ത്താന്‍ കഴിയുമെന്നാണ് ആത്മവിശ്വാസം. ഈ സാഹചര്യത്തില്‍ കൂടുതല്‍ ജനകീയരായ ഷാഫി പറമ്പിലും വിടി ബല്‍റാമും മണ്ഡലം മാറി മത്സരിക്കുന്നതിലൂടെ ജില്ലയില്‍ കൂടുതല്‍ സീറ്റ് പിടിക്കാന്‍ കഴിഞ്ഞേക്കുമെന്നും പ്രതീക്ഷിക്കുന്നു.

തൃത്താല മണ്ഡലം
സിപിഎം ശക്തികേന്ദ്രമായി തൃത്താലയില്‍ നിന്നും വിടി ബല്‍റാം ആദ്യമായി വിജയിക്കുന്നത് 2011 ലാണ്. സിപിഎമ്മിലെ മമ്മിക്കുട്ടിയെ 3197 വോട്ടുകള്‍ക്ക് പരായപ്പെടുത്തിയായിരുന്നു രണ്ട് പതിറ്റാണ്ടിന് ശേഷം വിടി ബല്‍റാം തൃത്താല മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചത്. 2016 ല്‍ ഭൂരിപക്ഷം 10547 ലേക്ക് ഉയര്‍ത്തി വിടി ബല്‍റാം. സുബൈദ ഇസഹാക്ക് ആയിരുന്നു എതിരാളി. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഇടതുപക്ഷത്തിനായിരുന്നു മേധാവിത്വം.

പാലക്കാട് മണ്ഡലത്തില്‍
പാലക്കാട് മണ്ഡലത്തില്‍ നിന്ന് ഷാഫി പറമ്പിലും കഴിഞ്ഞ രണ്ട് തവണയായി വിജയിക്കുന്നു. ആദ്യ തവണ സിപിഎമ്മിലെ കെകെ ദിവാകരനേയും രണ്ടാം തവണ ബിജെപിയിലെ ശോഭാ സുരേന്ദ്രനേയും പരാജയപ്പെടുത്തിയായിരുന്നു ഷാഫി പറമ്പില്‍ വിജിയിച്ചത്. ശോഭാ സുരേന്ദ്രനെതിരെ 17483 വോട്ടുകള്‍ക്ക് ഷാഫി വിജയിച്ചപ്പോള്‍ സിപിഎ സ്ഥാനാര്‍ത്ഥി എന്‍ എന്‍ കൃഷ്ണദാസ് ആയിരുന്നു മൂന്നാം സ്ഥാനത്ത്.

ശക്തി കേന്ദ്രങ്ങള്‍
ഷാഫി പറമ്പില്‍ പാലക്കാടും ബല്‍റാം തൃത്താലയിലും മത്സരിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് ഇരുവരും മണ്ഡലം മാറി മത്സരിച്ചേക്കാനുള്ള സാധ്യതയും പാര്‍ട്ടിയില്‍ ചര്‍ച്ചയാവുന്നത്. ജില്ലയില്‍ നിലവില്‍ വിജയിച്ച സീറ്റുകള്‍ കോണ്‍ഗ്രസിന്റെ അല്ലെങ്കില്‍ യുഡിഎഫ് ശക്തി കേന്ദ്രങ്ങളാണ്. ഇതിന് അപ്പുറത്ത് എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുക്കാന്‍ പരിചയസമ്പന്നരായ യുവാക്കളെ നിര്‍ദേശിക്കുന്നതില്‍ തെറ്റില്ലെന്നും അങ്ങനെയുള്ള ആലോചനകള്‍ നടന്ന് വരുന്നുണ്ടെന്നുമാണ് പി ശ്രീകണ്ഠന് എംപി വ്യക്തമാക്കുന്നത്.

മലമ്പുഴയില്‍
വിഎസ് അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയില്‍ ജില്ലയ്ക്ക് പുറത്ത് നിന്നുള്ള നേതാക്കലെ ഇറക്കാനുള്ള നീക്കത്തേയും ഡിസിസി നേതൃത്വം ശക്തമായി എതിര്‍ക്കുന്നു. മുന്‍കാലങ്ങളില്‍ നിന്ന വ്യത്യസ്തമായി കുറച്ച് കൂടി ഗൗരവമായി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തണം എന്നാണ് ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം. ശക്തമായ മത്സരം ഇത്തവണ മലമ്പുഴയില്‍ ഉണ്ടാവുമെന്നും എംപി പറഞ്ഞു.

വിഎസ് അച്യുതാനന്ദന് വിജയി
2016 ലെ തിരഞ്ഞെടുപ്പില്‍ അന്നത്തെ കെ എസ് യു നേതാവായ വിഎസ് ജോയിയെ ആയിരുന്നു മലമ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. 27142 വോട്ട് നേടി വിഎസ് അച്യുതാനന്ദന് വിജയിച്ച തിരഞ്ഞെടുപ്പില്‍ ബിജെപിക്കും പിറകിലായി മൂന്നാം സ്ഥാനത്ത് എത്താനായിരുന്നു കോണ്‍ഗ്രസിന് കഴിഞ്ഞത്. കോണ്‍ഗ്രസിന് ഇന്നുവരെ വിജയിക്കാന്‍ കഴിയാത്ത ഒരു മണ്ഡലം കൂടിയാണ് മലമ്പുഴ.

വി ഫോര്‍ പട്ടാമ്പി
വി ഫോര്‍ പട്ടാമ്പി നിര്‍ണ്ണായക ഘടത്തില്‍ പാര്‍ട്ടി വഞ്ചിച്ചവാരാണെന്നും ഇവര്‍ക്ക് മാപ്പില്ലെന്നും ഡിസിസി അധ്യക്ഷന്‍ വ്യക്തമാക്കുന്നു. പ്രസ്ഥാനത്തെ വഞ്ചിച്ച് വിമത ഭീഷണി മുഴക്കി എല്‍ഡിഎഫിനൊപ്പമോ ബിജെപിക്കൊപ്പോ പോയ ആളുകളെ ഒരു കാരണവശാലും തിരികെ എടുക്കുന്ന പ്രശ്നമില്ല. അവര്‍ പോയെങ്കിലും പാര്‍ട്ടിക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.

സീറ്റ് പോകുമോ
അതേസമയം, പാലക്കാട് പിടിക്കാന്‍ ബിജെപിയും തൃത്താലയില്‍ സിപിഎമ്മും ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുമ്പോള് എംഎല്‍എമാരെ മാറ്റിയുള്ള പരീക്ഷണത്തിലെ അപകടവും പാര്‍ട്ടിയിലെ ഒരു വിഭാഗം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. കൂടുതല്‍ സീറ്റുകള്‍ നേടണമെന്നതാണ് ലക്ഷ്യമെങ്കിലും അത് ഉള്ള സീറ്റും നഷ്ടപ്പെടാന്‍ ഇടയാക്കരുതെന്ന മുന്നറിയിപ്പും ഇവര്‍ നല്കുന്നു.
മൊണാലിസയുടെ ഈ ചിത്രങ്ങള്‍ കണ്ടോ.. കണ്ടില്ലെങ്കില്‍ കാണണം