അതിരുവിട്ട് കേരള ഫാൻസ്, പാലക്കാട് ലിയോ പ്രമോഷന് എത്തിയ ലോകേഷ് കനകരാജിന് പരിക്ക്
പാലക്കാട്: തിയറ്ററുകളില്‍ റെക്കോര്‍ഡ് കളക്ഷനുമായി കുതിക്കുകയാണ് ലോകേഷ് കനകരാജ്-വിജയ് ചിത്രം ലിയോ. തമിഴ്‌നാട്ടിലെന്ന പോലെ വമ്പന്‍ വരവേല്‍പാണ് ചിത്രത്തിന് കേരളത്തിലും ലഭിക്കുന്നത്. വിജയ്ക്ക് നേരത്തെ മുതല്‍ തന്നെ വന്‍ ഫാന്‍ ബേസ് കേരളത്തിലുണ്ട്. വിജയ്ക്ക് മാത്രമല്ല ലോകേഷിനും വന്‍ ആരാധകവൃന്ദം കേരളത്തിലുണ്ടെന്ന് തെളിയിക്കുന്നതാണ് പാലക്കാട്ടെ അരോമ തിയറ്ററിലേക്ക് ഒഴുകി എത്തിയ ആയിരങ്ങള്‍.
ലിയോയുടെ കേരളത്തിലെ പ്രമോഷന്റെ ഭാഗമായാണ് സംവിധായകന്‍ ലോകേഷ് കനകരാജ് പാലക്കാട് എത്തിയത്. അരോമ തിയറ്ററില്‍ അടക്കം കേരളത്തില്‍ മൂന്നിടത്താണ് ലോകേഷിന്റെ തിയറ്റര്‍ സന്ദര്‍ശനം പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ പാലക്കാട് ആരാധകകരുടെ ആവേശം അതിരുവിട്ടത് ലോകേഷിന് പണിയായി. തിക്കിലും തിരക്കിലും പെട്ട് ലോകേഷിന് പരിക്കേറ്റിരിക്കുകയാണ്.

ലോകേഷിന്റെ കാലിനാണ് പരിക്കേറ്റിരിക്കുന്നത്. കേരളത്തില്‍ ചിത്രം വിതരണത്തിന് എത്തിച്ച ഗോകുലം മൂവീസ് ലോകേഷിനായി തിയറ്ററില്‍ വലിയ സുരക്ഷ ഒരുക്കിയിരുന്നു. എന്നാല്‍ ഒഴുകിയെത്തിയ ജനക്കൂട്ടത്തിന്റെ സ്‌നേഹപ്രകടനങ്ങള്‍ അതിരുവിട്ടതോടെയാണ് ലോകേഷിന് പരിക്കേറ്റത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഒടുവില്‍ പോലീസിന് ലാത്തി വീശേണ്ടതായും വന്നു.
സാധാരണ സിനിമാ താരങ്ങളെ കാണാനാണ് ഇത്രയും ആളുകള്‍ തടിച്ച് കൂടുക. ഒരു സംവിധായകന് ഇത്രയും സ്വീകരണം ലഭിക്കുന്നത് ആദ്യമായിട്ടാകും എന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. പരിക്ക് പറ്റിയതോടെ ലോകേഷിന്റെ തൃശൂര്‍ രാഗം, കൊച്ചി കവിത തിയറ്റര്‍ സന്ദര്‍ശനങ്ങള്‍ റദ്ദാക്കി. മാത്രമല്ല കൊച്ചിയില്‍ ഇന്ന് നടത്താനിരുന്ന പത്രസമ്മേളനവും റദ്ദാക്കിയിട്ടുണ്ട്. ലോകേഷ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
Thank you Kerala for your love.. Overwhelmed, happy and grateful to see you all in Palakkad. ❤️
— Lokesh Kanagaraj (@Dir_Lokesh) October 24, 2023
Due to a small injury in the crowd, I couldn’t make it to the other two venues and the press meeting. I would certainly come back to meet you all in Kerala again soon. Till then… pic.twitter.com/JGrrJ6D1r3
''കേരളത്തിന്റെ സ്‌നേഹത്തിന് നന്ദി. എല്ലാവരേയും പാലക്കാട് വെച്ച് കാണാന്‍ സാധിച്ചതില്‍ സന്തോഷും അത്ഭുതവും നന്ദിയും അറിയിക്കുന്നു. ആള്‍ക്കൂട്ടത്തില്‍പ്പെട്ട് ചെറിയ പരിക്ക് പറ്റിയതിനാല്‍ മറ്റ് രണ്ട് സ്ഥലങ്ങളിലേക്കും വാര്‍ത്താ സമ്മേളനത്തിലേക്കും എത്താന്‍ സാധിക്കില്ല. വീണ്ടും അടുത്ത് തന്നെ നിങ്ങളെ കാണാനായി കേരളത്തിലേക്ക് വരുന്നുണ്ട്. അതുവരെ ഇതേ സ്‌നേഹത്തോടെ ലിയോ ആസ്വദിക്കൂ'', ലോകേഷ് കനകരാജ് കുറിച്ചു.












Click it and Unblock the Notifications