'താത്പര്യം ഇല്ലാതിരുന്നിട്ടും ലീഗിനെ മത്സരിപ്പിച്ചു'; കോങ്ങാട് സീറ്റ് തിരിച്ചെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്
പാലക്കാട്: കോങ്ങാട് സീറ്റ് ലീഗിൽ നിന്നും തിരിച്ചെടുക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്. ഇത് സംബന്ധിച്ച് യൂത്ത് കോൺഗ്രസ് പ്രമേയും പാസാക്കി. താല്‍പര്യമില്ലാതിരുന്നിട്ടും സീറ്റ് കോണ്‍ഗ്രസ് നിര്‍ബന്ധിച്ച് മുസ്ലീം ലീഗിനെ അടിച്ചേൽപ്പിച്ചെന്നാണ് യൂത്ത് കോൺഗ്രസ് ഉയർത്തിയ വിമർശനം.

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോങ്ങാട് സീറ്റ് ലീഗിന് നൽകുന്നതിനെതിരെ കടുത്ത എതിർപ്പായിരുന്നു ഉയർന്നത്. 9 പഞ്ചായത്തുകള്‍ ഉള്ള മണ്ഡലത്തില്‍ രണ്ട് പഞ്ചായത്തില്‍ മാത്രമാണ് മുസ്ലിം ലീഗിന് സ്വാധീനമുള്ളത്. ബാക്കി ഏഴിടങ്ങളില്‍ വെറും പേരിന് മാത്രമാണ് സ്വാധീനമുള്ളത്. ജില്ലയില്‍ മണ്ണാര്‍ക്കാടാണ് മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റ്. ഇതിന് പുറമെ പട്ടാമ്പിയായിരുന്നു പാര്‍ട്ടി യു ഡി എഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കോങ്ങാട് സീറ്റ് നൽകാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു.
യുസി രാമനായിരുന്നു ഇവിടെ കഴിഞ്ഞ തവണ യു ഡി എഫ് സ്ഥാനാർത്ഥി.
ഇടത് കോട്ടയായ കോങ്ങാട് 2016 ൽ കോൺഗ്രസ് മത്സരിച്ചപ്പോൾ സ്ഥാനാർത്ഥിയായ പന്തളം സുധാകരന് 47,519 വോട്ടുകളായിരുന്നു ലഭിച്ചത്. എന്നാൽ ഇത്തവണ ലീഗ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് 40,662 വോട്ടുകളായിരുന്നു. 27219 വോട്ടുകള്‍ക്കാണ് യു സി രാമനെ എല്‍ഡി എഫിലെ കെ ശാന്തകുമാരി പരാജയപ്പെടുത്തില്‍. ശാന്തകുമാരിക്ക് 67881 വോട്ടുകളാണ് ലഭിച്ചത്. പന്തളം സുധാകരന്‍ മത്സരിച്ചപ്പോള്‍ 13271 വോട്ടുകളായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിയായി വിജയിച്ച കെവി വിജയദാസിന്റെ ഭൂരിപക്ഷം.
കനത്ത പരാജയം രുചിച്ചതോടെ തിരഞ്ഞെടുപ്പിന് പിന്നാലെയും കടുത്ത വിമർശനം ഉയർന്നിരുന്നു. സീറ്റ് ആവശ്യമില്ലാതിരുന്നിട്ട് കൂടി കോൺഗ്രസ് നേതൃത്വം ലിഗിന് മേൽ സീറ്റ് അടിച്ചേൽപ്പിക്കുകയായിരുന്നുവെന്നായിരുന്നു ആക്ഷേപം. പ്രാദേശിക കോണ്‍ഗ്രസ് ഘടകങ്ങളും പരസ്യമായ നേതൃത്വത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലെ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പോഷക സംഘടന നേതാക്കൾ രാജിക്ക് പോലും ഒരുങ്ങുന്ന സാഹചര്യം ഉണ്ടായിരുന്നു.
അതേസമയം ഇനി ഇത്തരമൊരു സാഹചര്യത്തിന് വഴിയൊരുക്കരുതെന്ന മുന്നറിയിപ്പാണ് യൂത്ത് കോൺഗ്രസ് പ്രമേയത്തിൽ പറയുന്നത്. ചുവരുണ്ടെങ്കിലേ ചിത്രം വരക്കാനാവൂവെന്ന് ഓർക്കണമെന്നാണ് പ്രമേയത്തിൽ ഉള്ളത്. മാത്രമല്ല മുതിർന്ന നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂരിനേയും പ്രമേയത്തിൽ പിന്തുണയ്ക്കുന്നുണ്ട്. ജനസ്വാധീനമുള്ള നേതാക്കൾക്ക് ഭ്രഷ്ട് കൽപ്പിക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നാണ് പ്രമേയത്തിൽ പറയുന്നത്.












Click it and Unblock the Notifications