കുതിരാൻ പാലം വീണ്ടും തകർന്നു; വിള്ളൽ വീണത് ബീമുകൾ ചേരുന്ന ഭാഗത്ത്
പാലക്കാട്: കുതിരാൻ തുരങ്കത്തിനു മുൻപിലെ പാലം വീണ്ടും തകര്‍ന്നു. ബീമുകൾ ചേരുന്ന ഭാഗത്താണ് വിള്ളൽ ഉണ്ടായത്. ഇതോടെ ഈ ഭാഗം കുത്തിപ്പൊളിച്ച് ടാറിങ്ങ് കമ്പനിയായ കെ എം സി ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പണി ആരംഭിച്ചതോടെ റോഡിന്റെ ഒരു ഭാഗത്ത് കൂടി മാത്രമാണ് വാഹനഗതാഗതം അനുവദിക്കുന്നത്.
നിലവിൽ വാഹനങ്ങള്‍ ഇതുവഴി കടന്ന് പോകുമ്പോൾ വലിയ കുലുക്കവും ശബ്ദവും അനുഭവപ്പെടുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതിനോടകം തന്നെ പാലത്തിന്റെ പല ഭാഗങ്ങളിലും കുത്തിപ്പൊളിച്ച് ടാറിങ് നടന്നിരുന്നു. ഇതുവരെ 20 ഓളം സ്ഥലങ്ങളിലാണ് പണികൾ നടത്തേണ്ടി വന്നത്.

നേരത്തേ വഴുക്കുംപാറ മേൽപാതയിലും വിള്ളൽ കണ്ടെത്തിയിരുന്നു. ഈ ഭാഗങ്ങളും നന്നാക്കുന്നുണ്ട്. റോഡിലെ വിള്ളലുണ്ടായ ഭാഗം കരാറുകാര്‍ സ്വന്തം ചെലവില്‍ പൂര്‍ണമായും പൊളിച്ചുമാറ്റിയ ശേഷം പുനര്‍നിര്‍മിക്കണമെന്ന് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം നിർദ്ദേശിച്ചിരുന്നു. റോഡിലെ വിള്ളലിന്റെ വ്യാപ്തി അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എത്രയും വേഗം റോഡ് പുനര്‍നിര്‍മിച്ച് ഗതാഗത യോഗ്യമാക്കാനായിരുന്നു കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇതിന് ദേശീയ പാത അതോറിറ്റിക്ക് പുറമെ, റോഡ് സുരക്ഷാ അതോറിറ്റി, നാറ്റ്പാക്ക്, പാലക്കാട് ഐ ഐ ടി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ മേല്‍നോട്ടം വഹിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
റോഡ് നിര്‍മാണത്തിന്റെ കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് കരാര്‍ കമ്പനിക്കാരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളതെന്നായിരുന്നു അന്ന് യോഗത്തിൽ മന്ത്രി വ്യക്തമാക്കിയത്. റോഡിലെ വിള്ളലിന്റെ വ്യാപ്തി കൂടി വരുന്ന പശ്ചാത്തലത്തില്‍ കരാറുകാര്‍ക്കെതിരേ ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രി കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു.
അതേസമയം ഇപ്പോൾ വഴുക്കുംപാറ ഭാഗത്ത് നടക്കുന്നത് താത്കാലിക പണിയാണെന്നാണ് കെ എം സി പറയുന്നത്. മഴയ്ക്ക് ശേഷമായിരിക്കും നിർമാണം നടത്തുകയെന്നും കമ്പനി പറയുന്നു. അതിനിടെ മഴ ശക്തമായതോടെ ഇവിടെ തുരങ്കമുഖത്ത് മണ്ണിടിച്ചിൽ ഭീഷണി നിലിൽക്കുന്നുണ്ട്. ദേശീയപാതയ്ക്കായി മണ്ണെടുത്ത സ്ഥലങ്ങളിലെ മൺതിട്ടകളാണ് അടർന്നു വീഴുമെന്ന നിലയിലുള്ളത്. ഇതിൽ കടുത്ത ആശങ്കയാണ് നാട്ടുകാർ അറിയിക്കുന്നത്. എത്രയും പെട്ടെന്ന് പാലത്തിന്റെയും കുതിരാൻ തുരങ്കത്തിന്റെയും ബലം സംബന്ധിച്ച് വിദഗ്ധ സമിതി പരിശോധന നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.












Click it and Unblock the Notifications