തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ട് വേണം ഒപ്പം ഒരു രൂപയും.. വ്യത്യസ്തനായി ഈ സ്ഥാനാർത്ഥി
പാലക്കാട്; തെരഞ്ഞെടുപ്പിൽ വോട്ട് തേടുന്നതിനിടെ ഒരു രൂപയും കൂടി വോട്ടർമാരിൽ നിന്ന് തേടി സ്ഥാനാർത്ഥി. പാലക്കാട് നഗരസഭയിലെ നാൽപ്പതാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി പിഎസ് വിപിനാണ് വോട്ട് ചോദിച്ച് വീട് കയറി ഇറങ്ങുമ്പോൾ 1 രൂപയും വീട്ടുകാരോട് വാങ്ങുന്നത്.
നാമനിർദ്ദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കാനുള്ള പണം കണ്ടെത്താനാണ് 1 രൂപ വാങ്ങുന്നതെന്ന് വിപിൻ പറയുന്നു. ഇലക്കഷൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനാണ് വാർഡിലെ നല്ലവരായ വോട്ടർമാരിൽ നിന്ന് ഒരു രൂപ വാങ്ങുന്നത്. ഇത് തന്റെ ആദ്യത്തെ അനുഭവമാണെന്നും വിപിന് പറയുന്നു.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പണം ശേഖരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. പാലക്കാട് നഗരസഭയിലെ രണ്ടാം വാർഡ് കൗൺസിലറാണ് വിപിന്.

ജില്ലയിലെ രാഷ്ട്രീയ ചിത്രം
പാലക്കാട് ജില്ലയിൽ ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനാണ്. ആകെയുള്ള 30 സീറ്റുകളിൽ എൽഡിഎഫിന് 27 ഉം യുഡിഎഫിന് 3 സീറ്റുകളുമാണ് ഉള്ളത്. 7 നഗരസഭകളിൽ 4 എണ്ണത്തിൽ യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും 1 ഇടത്ത് ബിജെപിയുമാണ്.88 ഗ്രാമപഞ്ചായത്തുകളിൽ 71 ഇടത്തും എൽഡിഎഫിനാണ് ഭരണം.യുഡിഎഫ് 17 ഇടത്താണ് ഭരിക്കുന്നത്.