മധു കേസ്; സുനിൽ കുമാറിന്റെ കണ്ണ് പരിശോധിച്ച ഡോക്ടറെ വിസ്തരിക്കും, 36ാം സാക്ഷിയും കൂറുമാറി
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ 29ാം സാക്ഷിയായ സുനിൽ കുമാറിനെ പരിശോധിച്ച കണ്ണു ഡോക്ടറെ വിസ്തരിക്കും. നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കോടതിയെ തെറ്റിധരിപ്പിച്ച സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

മധുവിനെ ആൾക്കൂട്ടം ആക്രമിക്കുമ്പോൾ ഇയാൾ സമീപത്ത് നിന്ന് അത് കണ്ടതായിട്ടായിരുന്നു ആദ്യം പോലീസിന് നൽകിയ മൊഴി. എന്നാൽ കഴിഞ്ഞ ദിവസം ഇയാൾ മൊഴി തിരുത്തുകയായിരുന്നു. ഇതോടെ പ്രോസിക്യൂഷന്റെ അഭ്യർത്ഥന പ്രകാരം സംഭവ സമയം സുനിൽ കുമാർ സമീപത്ത് നിൽക്കുന്ന വീഡിയോ ദൃശ്യം കോടതിയിൽ പ്രദർശിപ്പിച്ചു. എന്നാൽ തനിക്ക് കണ്ണിന് പ്രശ്നമുണ്ടെന്നും ദൃശ്യങ്ങൾ കാണുന്നില്ലെന്നുമായിരുന്നു സുനിൽ കുമാർ പറഞ്ഞത്. ഇതോടെ ഇയാളുടെ കണ്ണ് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. പരിശോധിക്കാൻ കോടതി നിർദേശിച്ചത്. പരിശോധനയിൽ കാഴ്ചയ്ക്ക് തകരാർ ഇല്ലെന്ന് ആശുപത്രി അധികൃതർ റിപ്പോർട്ട് നൽകി. തുടർന്ന് ഇന്നലെ ഇയാളെ വീണ്ടും വിസ്തരിച്ചിരുന്നു. ദൃശ്യങ്ങൾ വീണ്ടും കാണിച്ചപ്പോൾ നേരിയ തോതിൽ ദൃശ്യങ്ങൾ കാണാം എന്നായിരുന്നു ഇയാൾ കോടതിയിൽ പറഞ്ഞത്.
ഇതോടെയാണ് കോടതിയെ തെറ്റിധരിപ്പിച്ചതിന് സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. അതേസമയം നാളെ ഇത് സംബന്ധിച്ച് ഡോക്ടറെ വിസ്തരിച്ച ശേഷം മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലേക്ക് കേസ് കൈമാറും.
അതിനിടെ ഇന്ന് കേസിൽ മറ്റൊരു സാക്ഷി കൂടി കൂറുമാറി. 36ാം സാക്ഷിയായ അബ്ദുൾ ലത്തീഫാണ് കൂറുമാറിയത്. മധു ആക്രമിക്കപ്പെട്ട സംഭവം തനിക്ക് അറിയില്ല എന്നായിരുന്നു അബ്ദുൾ ലത്തീഫ് കോടതിയിൽ പറഞ്ഞത്. ആൾക്കൂട്ട ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിച്ചപ്പോൾ അതിൽ താൻ ഇല്ലെന്നായിരുന്നു ഇല്ലെന്ന് ലത്തീഫ് പറഞ്ഞത്. തന്റെ ദൃശ്യങ്ങൾ അല്ല വീഡിയോയിൽ കണ്ടെതെന്ന് ഇയാൾ ആവർത്തിച്ച് പറഞ്ഞതോടെ ദൃശ്യങ്ങളും ഇയാളുടെ പാസ്പോർട്ടിലെ ഫോട്ടോയും ഫോറൻസിക് പരിശോധനയ്ക്ക് അയക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നാളെ പുതിയ ഹർജി പ്രോസിക്യൂഷൻ നൽകും.
കേസിൽ ഇതുവരെ 21 സാക്ഷികളാണ് കൂറുമാറിയത്. മധുവിൻ്റെ അമ്മ മല്ലി , സഹോദരി ചന്ദ്രിക , സഹോദരി ഭർത്താവ് മുരുകൻ എന്നിവരെ തിങ്കളാഴ്ചയാണ് കേസിൽ വിസ്തരിക്കുന്നത്.












Click it and Unblock the Notifications