സൈന്യമെത്തി, ബാബുവിനോട് സംസാരിച്ചു; കേരളത്തില്‍ ഒരാള്‍ക്ക് വേണ്ടി നടത്തുന്ന ഏറ്റവും വലിയ രക്ഷാദൗത്യം
പാലക്കാട്: മലമ്പുഴയിലെ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ രക്ഷാദൗത്യം പുരോഗമിക്കുന്നു. കരസേന സംഘം ബാബുവിന്റെ സമീപത്തെത്തി അദ്ദേഹത്തോട് സംസാരിച്ചു. രക്ഷാദൗത്യം നടക്കുന്ന സ്ഥലത്ത് രാത്രിയിലും താപനില 23 ഡിഗ്രിയാണ്. ഒരാള്‍ക്കായി കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ രക്ഷാദൗത്യമാണ് പുരോഗമിക്കുന്നത്. ബാബു സൈന്യത്തോട് വെള്ളം ചോദിച്ചു. മലയടിവാരത്ത് ബേസ് ക്യാംപ് തുറന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഇന്ന് തന്നെ ബാബുവിനെ രക്ഷപ്പെടുത്താനാകുമെന്ന് സൈന്യം അറിയിച്ചു. ഇന്നലെ രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്ന കരസേനയുടെ പരിചയസമ്പന്നരായ പര്‍വതാരോഹകരാണ് യുവാവിന് അടുത്തെത്തിയത്. ഇന്നലെ രാത്രിയെത്തിയ പരിചയസമ്പന്നരായ പര്‍വതാരോഹകര്‍ ഇരുട്ടിനെ വകവെക്കാതെ മലയിലേക്ക് കയറുകയായിരുന്നു. ബെംഗളൂരുവില്‍ നിന്നെത്തിയ സംഘവും വെല്ലിങ്ടണില്‍ നിന്നുള്ള സംഘവും ലഫ്റ്റനന്റ് കേണല്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഹേമന്ദ് രാജാണ് ബാബുവിനോട് സംസാരിച്ചത്.

അതേസമയം രാത്രി വൈകിയും ബാബുവിന്റെ ഉമ്മ മലയ്ക്ക് താഴെ കാത്തിരിക്കുകയായിരുന്നു. മകന്റെ വിവരമറിയാനുള്ള ആധിയോടെ ചൊവ്വാഴ്ച പകല്‍ മുഴുവന്‍ മലയടിവാരത്തില്‍ വന്നിരിപ്പായിരുന്നു അവര്‍. ഒടുവില്‍ കളക്ടര്‍ മൃണ്‍മയി ജോഷിയുടെ നിര്‍ബന്ധിച്ചതോടെയാണ് വൈകീട്ട് വീട്ടിലേക്ക് മടങ്ങിയത്. തിങ്കളാഴ്ച വൈകീട്ടാണ് മകന്‍ അപകടത്തില്‍പ്പെട്ട വിവരം അറിഞ്ഞതെന്ന് ഇവര്‍ പറയുന്നത്. അവന്‍ തന്നെ വീട്ടിലേക്ക് ഫോണില്‍ വിളിച്ച് പറയുകയായിരുന്നു. ഞാന്‍ കരഞ്ഞപ്പോള്‍, എന്തിനാണ് കരയുന്നതെന്ന് ചോദിച്ച് അവന്‍ ദേഷ്യപ്പെട്ടു, ഉമ്മ പറയുന്നു. ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ അവന്‍ ഷര്‍ട്ടൂരി വീശിക്കാണിച്ചതായി പൊലീസുകാര്‍ പറയുന്നു. ജീവനുണ്ടെന്ന് അറിയുന്നത് ആശ്വാസമാണെന്നും ഉമ്മ കൂട്ടിച്ചേര്‍ത്തു.

എന്തിനാണ് മകന്‍ മലയിലേക്ക് പോയതെന്ന് അറിയില്ലെന്നും എന്തിന് പോയതാണെങ്കിലും ആരോടും പറയാതെ പോയത് തെറ്റാണെന്നും അവര്‍ പറഞ്ഞു. ഒരുനാട് മുഴുവന്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടെയുണ്ടെന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെന്നും ഉമ്മ പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടാണ് ചെറാട് എലിച്ചിരം കൂര്‍മ്പാച്ചിമലയില്‍ കാല്‍വഴുതിവീണ് മലയിടുക്കില്‍ ബാബു കുടുങ്ങിയത്. അവശനിലയിലായ ബാബുവിനെ ചൊവ്വാഴ്ച ഹെലികോപ്റ്റര്‍ എത്തിച്ച് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ദേശീയ ദുരന്തനിവാരണസേനാംഗങ്ങളും അഗ്നിരക്ഷാസേനാംഗങ്ങളും രാത്രി ഏറെ വൈകിയും രക്ഷാശ്രമം തുടര്‍ന്നിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബു രണ്ടു കൂട്ടുകാര്‍ക്കൊപ്പം കൂര്‍മ്പാച്ചിമല കയറാന്‍ പോയത്.
Recommended Video

പകുതിവഴി കയറിയപ്പോള്‍ തന്നെ ക്ഷീണിതരായ കൂട്ടുകാര്‍ മടങ്ങിയെങ്കിലും ബാബു കയറ്റം തുടര്‍ന്നു. മലയുടെ മുകള്‍ത്തട്ടില്‍നിന്ന് അരക്കിലോമീറ്ററോളം താഴ്ചയുള്ള മലയിടുക്കിലാണ് ബാബു കുടുങ്ങിയത്. മുകളില്‍നിന്നും താഴെനിന്നും നോക്കിയാല്‍ കാണാനാവത്ത സ്ഥലത്താണ് ബാബു കുടുങ്ങിയത്. തിങ്കളാഴ്ച രാത്രി ഏഴരവരെയും ബാബു മൊബൈല്‍ ഫോണില്‍നിന്ന് വീട്ടിലേക്ക് വിളിച്ച് സംസാരിച്ചിരുന്നു. വൈകീട്ട് മൂന്നോടെ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ എത്തി മലയുടെ മുകള്‍ത്തട്ടുവരെ പറന്നെങ്കിലും ഇറങ്ങാന്‍ സൗകര്യമില്ലാത്തത് തിരിച്ചടിയായി. ഡ്രോണില്‍ കെട്ടിവെച്ച് ചെറിയ കുപ്പിയില്‍ ഇളനീര്‍വെള്ളം യുവാവിന് അടുത്തേക്കെത്തിക്കാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും ഡ്രോണ്‍ താഴെവീഴുകയായിരുന്നു. കഴിഞ്ഞ ദിവസമെല്ലാം യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഓരോന്നായി പരാജയപ്പെട്ടിരുന്നു.

രാത്രിയോടെ തന്നെ പൊലീസും ദുരന്തനിവാരണ സേനയും അടക്കമുള്ള സംഘം രക്ഷാപ്രവര്‍ത്തനായി മലമുകളിലേക്ക് എത്തിയെങ്കിലും യുവാവ് കുടുങ്ങിയ ഭാഗത്തേക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ഇവര്‍ രാത്രി മലമുകളില്‍ തന്നെ ക്യാമ്പ് ചെയ്യുകയായിരുന്നു. വന്യമൃഗങ്ങളെ അകറ്റാന്‍ തീപ്പന്തങ്ങള്‍ അടക്കം ഉപയോഗിച്ചാണ് സുരക്ഷയൊരുക്കിയത്. നേരത്തെ റോപ്പ് ഉപയോഗിച്ച് ബാബു കുടുങ്ങി കിടക്കുന്ന സ്ഥലത്തേക്ക് എത്താനായിരുന്നു ആദ്യത്തെ ശ്രമം. എന്നാല്‍ ചെങ്കുത്തായ മലയായതിനാല്‍ റോപ് കെട്ടാനോ താഴേക്ക് ഇറക്കാനോ കഴിയാതെ വന്നു. ഇതോടെ ആ ശ്രമം ഉപേക്ഷിച്ചു.












Click it and Unblock the Notifications