പൈപ്പിൽ വെള്ളമില്ലെന്ന് എംബി രാജേഷ്, തുറന്ന് വെള്ളം കുടിച്ച് വിടി ബൽറാമിന്റെ മറുപടി; വാക്പോര്
തിരുവനന്തപുരം; സംസ്ഥാനത്ത് തന്നെ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട് ജില്ലയിലെ തൃത്താല. യുഡിഎഫിന് വേണ്ടി സിറ്റിംഗ് എംഎൽഎയായ വിടി ബൽറാമും എൽഡിഎഫിനായി എംബി രാജേഷുമാണ് മണ്ഡലത്തിൽ പോരിനിറങ്ങുന്നത്. ഇരുവരും വോട്ടുറപ്പിക്കാൻ ശക്തമായ പ്രചരണമാണ് കാഴ്ച വെയ്ക്കുന്നത്. അതിനിടെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് എംബി രാജേഷ് പങ്കുവെച്ച വീഡിയോയും ഇതിന് വിടി ബൽറാം നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ചർച്ചയാകുന്നത്. സംഭവം ഇങ്ങനെ
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

തൃത്താലയിലെ പട്ടിത്തറ പഞ്ചായത്തിലെ കാശാമുക്ക് എന്ന സ്ഥലത്ത് കുടിവെള്ളമില്ല എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു എംബി രാജേഷിന്റെ വീഡിയോ. പൈപ്പിന് മുന്നിലെത്തി അത് തുറന്ന് കാണിച്ച് അതിൽ നിന്നും വായു മാത്രമാണ് വരുന്നതെന്നും രാജേഷ് വീഡിയോയിൽ കാണിച്ചു. ഈ വീഡിയോ ഇടതുകേന്ദ്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.
വീഡിയോ ചർച്ചയായതോടെ അതേ പൈപ്പിൻ ചുവട്ടിൽ എത്തി വിടി ബൽറാം പ്രദേശ വാസികളെ കൊണ്ട് പൈപ്പ് തുറപ്പിച്ചു. അതിൽ നിന്നും വന്ന വെള്ളമെടുത്ത് കുടിക്കുകയും ചെയ്തു. കുടിവെള്ള പ്രതിസന്ധി ഉണ്ടായ ഈ പ്രദേശത്ത് പൈപ്പ് സ്ഥാപിച്ചുവെന്നും ഇവിടെ 250 മീറ്റർ ദൂരം കൂടി പൈപ്പിടാനുള്ള ഫണ്ടും അനുവദിച്ചിട്ടുണ്ടെന്നും ബൽറാം വീഡിയോയിൽ പറഞ്ഞു. ഇതോടെ മറുപടി വീഡിയോ സോഷ്യൽ മീഡിയയിൽ യുഡിഎഫ് കേന്ദ്രങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നു. അതേസമയം വീഡിയോ സംബന്ധിച്ച് നിരവധി ചർച്ചകളും സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ചിട്ടുണ്ട്.












Click it and Unblock the Notifications