ഏഴര വർഷത്തെ കാത്തിരിപ്പ്; പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാന്റ് യാഥാർത്ഥ്യമായി
ഏഴര വർഷത്തെ കാത്തിരിപ്പിനൊടുവിൽ പാലക്കാട് കെ എസ് ആർ സി സ്റ്റാന്റ് യാഥാർത്ഥ്യമായി. ആയിരങ്ങളുടെ സാന്നിധ്യത്തിൽ മന്ത്രി ആന്റണി രാജു ബസ്റ്റാന്റ് ഉദ്ഘാടനം ചെയ്തു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പ്രധാന ജില്ല എന്ന നിലയിൽ ബസ് ടെർമിനൽ കോംപ്ലക്സ് ജില്ലയുടെ ആവശ്യമായിരുന്നുവെന്ന് ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന തിരുവനന്തപുരം പോലെ തന്നെ പ്രധാനപ്പെട്ട ഒരു ജില്ലയാണ് പാലക്കാട്. പ്രതിസന്ധികൾ തരണം ചെയ്ത് അനുമതി ലഭിച്ച് നിർമ്മാണം പൂർത്തിയാക്കാനായത് സംസ്ഥാനത്തിന്റെ തന്നെ തിലകക്കുറിയായി മാറി. സമയബന്ധിതമായി പ്രവർത്തികൾ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം വൈകിയ പദ്ധതികൾ പലതും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാനായി, മന്ത്രി പറഞ്ഞു.

കോട്ടയം, തൊടുപുഴ, പാല ബസ് ടെർമിനലുകൾ ഇത്തരത്തിൽ പൂർത്തിയാക്കിയവയാണ്. മലപ്പുറം, നിലമ്പൂർ ടെർമിനലുകളുടെ നിർമാണം ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇത്തരം നിർമ്മാണ പ്രവർത്തികളിൽ ജനപ്രതിനിധികളും പ്രധാന പങ്കു വഹിക്കുന്നു. പ്രവർത്തികളുടെ കാലതാമസം ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സി പ്രൊഫഷണൽ ബോർഡ് രൂപീകരിച്ച് നേതൃത്വം നൽകാൻ കഴിഞ്ഞു. അതുകൊണ്ട് സമയബന്ധിതമായി അനുമതികൾ നൽകാൻ കഴിയുന്നതായി മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് ആരംഭിച്ച സിറ്റി സർക്കുലർ പദ്ധതിക്ക് സമാനമായി കേരളത്തിലാരംഭിക്കുന്ന ടൗൺ സർക്കുലർ പദ്ധതി പാലക്കാട് നിന്നാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് ഡിപ്പോയുമായി ബന്ധപ്പെട്ട വർക്ക്ഷോപ്പ് ആധുനീകരിച്ച് നവീകരിക്കും. നിലച്ചുപോയ അന്തർ സംസ്ഥാന സർവ്വീസുകളും പുതിയ സർവീസുകളും മറ്റു സംസ്ഥാനങ്ങളുമായി ചർച്ച ചെയ്ത് ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒരുപാട് തടസങ്ങളും പ്രയാസങ്ങളും കടന്നാണ് ബസ് ഡിപ്പോ നിർമ്മാണം പൂർത്തിയാക്കിയതെന്നും അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കി കൊണ്ടാണ് ഡിപ്പോ തുറന്നു കൊടുക്കുന്നതെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 8.095 കോടി രൂപ ചെലവിലാണ് ടെർമിനൽ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
11.4 ലക്ഷം രൂപ ചെലവിൽ ജീവനക്കാർക്ക് വിശ്രമകേന്ദ്രം
11.4 ലക്ഷം രൂപ ചെലവിൽ ജീവനക്കാർക്ക് വിശ്രമകേന്ദ്രം നിർമ്മിക്കുന്നതിന് അനുമതി നൽകിയതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. പാലക്കാട് കെ.എസ്. ആർ.ടി.സി. ബസ് സ്റ്റാൻഡ് ടെർമിനൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനർട്ട് പദ്ധതിയിലുൾപ്പെടുത്തി പാലക്കാട് സൗരോർജ പദ്ധതി നടപ്പാക്കും.
കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ പമ്പുകൾ പൊതുജങ്ങൾക്ക് ഉൾപ്പടെ ഉപയോഗപ്പെടുത്താൻ സൗകര്യമൊരുക്കും. കൂടാതെ റോഡിനോട് ചേർന്ന് ആധുനിക സൗകര്യങ്ങളുള്ള വൈദ്യുത ചാർജിങ് സംവിധാനവുമൊരുക്കും. സംസ്ഥാനത്ത് ഇത്തരത്തിൽ 11 ഇടങ്ങളിൽ ഈ സംവിധാനമാരംഭിച്ചു. ജില്ലയിലും ഇത്തരത്തിൽ പെട്രോൾ, ഡീസൽ ഔട്ട്ലെറ്റിന്റെ നിർമാണ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications