ചാർജ് ചെയ്യാൻ വെച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, മുറി കത്തി; സംഭവം പാലക്കാട്
പാലക്കാട്: ചാർജ് ചെയ്യാൻ വെച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മുറി കത്തി.പൊൽപ്പുള്ളി വേർകോലി ബി ഷാജുവിന്റെ (40) വീട്ടിലാണ് സംഭവം. രാത്രി 7 മണിയോടെയാണ് അപകടം ഉണ്ടായത്.
ദിവസങ്ങൾക്ക് മുൻപ് സുഹൃത്ത് വാങ്ങിയ ഫോൺ ഷാജുവിന് ഉപയോഗിക്കാൻ കൊടുത്തിരുന്നു. ഷാജു പനി പിടിച്ച് കിടക്കുകയായിരുന്നു. മകൻ ഫോൺ ചാർജ് ചെയ്യാൻ മുറിയിലേക്ക് വന്നപ്പോൾ മകനൊപ്പം ഷാജുവും പുറത്തേക്ക് പോയി. ഇതിനിടയിൽ വലിയ പൊട്ടിത്തെറി ശബ്ദം കേൾക്കുകയായിരുന്നു.വന്ന് നോക്കിയപ്പോൾ മുറിയിലാകെ തീപടരുന്നതാണ് കണ്ടത്. ഉടൻ തന്നെ ഇലക്ട്രിഷ്യനായ ഷാജു വൈദ്യുതി കണക്‌ഷൻ വിഛേദിച്ചു. തുടർന്നു വെള്ളം പമ്പ് ചെയ്തു തീയണയ്ക്കുകയും ചെയ്തു.

പൊട്ടിത്തെറിച്ച ഫോൺ കിടക്കയിലേക്കു വീണതോടെയാണു തീപടർന്നതെന്ന് ഷാജു പറഞ്ഞു. കിടക്ക, കട്ടിൽ, ഹോം തിയറ്റർ, അലമാര, ടിവി, പഴ്സിലുണ്ടായിരുന്ന പാൻ കാർഡ്, ലൈസൻസ്, 5500 രൂപ എന്നിവ കത്തിനശിച്ചു. മകനൊപ്പം പുറത്തേക്ക് പോയതിനാലാണ് വലിയ അപകടം സംഭവിക്കാതിരുന്നതെന്ന് ഷാജു പറഞ്ഞു. മാത്രമല്ല ഭാര്യയും മക്കളും പുറത്തായിരുന്നതിനാൽ വലിയ അപകടം ഒഴിവായി.അതേസമയം താ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഷാജുവിന്റെ മുതുകിൽ പൊള്ളലേറ്റിട്ടുണ്ട്.












Click it and Unblock the Notifications