കൊപ്പം പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ യുഡിഎഫ് അവിശ്വാസം പാസ്സായി, വിമർശിച്ച് എംഎൽഎ
പാലക്കാട്: കൊപ്പം പഞ്ചായത്തില്‍ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം ബിജെപി പിന്തുണയോടെ പാസ്സായ സംഭവത്തില്‍ വിമര്‍ശനവുമായി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍. എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ അംഗബലമുളള പഞ്ചായത്താണ് കൊപ്പം. ഒരു ബിജെപി അംഗം യുഡിഎഫിനെ പിന്തുണച്ചതോടെ എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമാവുകയായിരുന്നു.
അവിഹിത കൂട്ടുകെട്ടിന് ചുക്കാൻ പിടിച്ച കോൺഗ്രസ് - മുസ്ലിംലീഗ് നേതൃത്വം എത്രയാണ് ബിജെപി മെമ്പർക്ക് കോഴ നൽകിയത് എന്ന് വ്യക്തമാക്കണമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ ആവശ്യപ്പെട്ടു.അധികാരത്തിന് വേണ്ടി ഏത് സംഘപരിവാറിന്റെയും കൂട്ടുപിടിക്കാമെന്നതാണ് യുഡിഎഫ് നയമെന്നും എംഎൽഎ കുറ്റപ്പെടുത്തി.
മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ പ്രതികരണം: '' യുഡിഎഫും- ബിജെപിയും ഒന്നാണ്! കൊപ്പം പഞ്ചായത്തിൽ ബിജെപിയുടെ പിന്തുണയോടെ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസ്സായി. പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കാൻ യുഡിഎഫിലെ 8 അംഗങ്ങൾക്ക് പുറമെ ബിജെപിയുടെ അംഗവും പിന്തുണ നൽകിയതിനാലാണ് അവിശ്വാസ പ്രമേയം പാസായത്. എൽഡിഎഫിലെ 8 നെതിരെ ഒൻപത് അംഗങ്ങളെ അണിനിരത്താൻ യുഡിഎഫിന് സംഘപരിവാർ പിന്തുണ ആവശ്യമായിരുന്നു. അവിഹിത കൂട്ടുകെട്ടിന് ചുക്കാൻ പിടിച്ച കോൺഗ്രസ് - മുസ്ലിംലീഗ് നേതൃത്വം എത്രയാണ് ബിജെപി മെമ്പർക്ക് കോഴ നൽകിയത് എന്ന് വ്യക്തമാക്കണം. അധികാരത്തിന് വേണ്ടി ഏത് സംഘപരിവാറിന്റെയും കൂട്ടുപിടിക്കാമെന്നതാണ് യുഡിഎഫ് നയം. "സുധാകരന്റെ സെമികേഡർ" എന്നാൽ കോൺഗ്രസ് ആർഎസ്എസിൻറെ സെമികേഡർമാരാവുക എന്നാണെന്ന് ഇപ്പോൾ വ്യക്തമായി.

അവിശുകൂട്ടുകെട്ടിന് ദല്ലാളായ കൊപ്പത്തെ മുസ്ലിംലീഗിന്, 'റമളാം മാസത്തിൽ സംഘ പരിവാറുമായി കൂട്ടുചേർന്നാൽ പ്രത്യേക പ്രതിഫലമുണ്ടെന്ന്' പാണക്കാട്ടു നിന്ന് വല്ല രഹസ്യ ഫത്‌വയും വന്നോ ആവോ? തെരുവുകളിൽ മതത്തിൻറെ പേരിൽ വർഗീയത പറഞ്ഞും മനുഷ്യരെ വെട്ടുകയും കൊല്ലുകയും ചാവുകയും ചെയ്യുന്ന സംഘി രാഷ്ട്രീയത്തിന് മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും "കോഴയോട്" യാതൊരു വിരോധവുമില്ലെന്നത് ബിജെപിയുടെ രാഷ്ട്രീയം. കഴിഞ്ഞ ആറുവർഷമായി വികസനപ്രവർത്തനങ്ങളിൽ തുല്യതയില്ലാത്ത മാതൃകയാണ് കൊപ്പം പഞ്ചായത്തിൽ നടന്നത്.
വെറ്റിനറി ഹോസ്പിറ്റൽ, ആശുപത്രി, സ്കൂൾകെട്ടിടം, സ്മാർട്ട് വില്ലേജ് ഓഫീസ്, കേരഗ്രാമം, പട്ടാമ്പി പുലാമന്തോൾ റോഡ്, കൊപ്പം -വളാഞ്ചേരി റോഡ്, അടക്കം വിവിധ റോഡുകൾ, സമഗ്ര കുടിവെള്ള പദ്ധതി തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത എൽഡിഎഫ്. ടൗൺ നവീകരണത്തിന് ആദ്യഘട്ടത്തിൽ തന്നെ ടൗണിൽ വലിയ മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞു . ടൗൺ നവീകരണത്തിന്റെ രണ്ടാംഘട്ടം, കൊപ്പത്ത് സ്റ്റേഡിയം അടക്കമുള്ള പദ്ധതികൾ തുടങ്ങാൻ ഇരിക്കുമ്പോൾ തന്നെ അതിന് നേതൃത്വം കൊടുക്കുന്ന പ്രസിഡണ്ടിനെ പുറത്താക്കുന്നത്, ഈ വികസനപ്രവർത്തനങ്ങൾ തുടർന്നാൽ എൽഡിഎഫിന് ഉണ്ടാക്കുന്ന ജനകീയ പിന്തുണ ഭയന്നാണ്.
കൂടാതെ യുഡിഎഫിലെ ചില അധികാരമോഹികൾ ജനാധിപത്യത്തെ പണംകൊണ്ട് വാങ്ങാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ അവിശുദ്ധ കൂട്ടുകെട്ട്. അധികാരമോഹികളെ ജനങ്ങൾ തിരിച്ചറിയുന്നു. നേരത്തെ യുഡിഎഫ് ബിജെപി നേതാക്കൾ പറഞ്ഞുറപ്പിച്ച തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടക്കുന്ന ബിജെപിയുടെ പുറത്താക്കൽ നാടകം. കൊപ്പത്തെ വികസന തുടർച്ച അവസാനിപ്പിക്കാൻ മുന്നിട്ടിറങ്ങിയ ബിജെപിയെയും യുഡിഎഫിനെയും ജനങ്ങൾ ഒറ്റപ്പെടുത്തുക തന്നെ ചെയ്യും സംശയമില്ല!''












Click it and Unblock the Notifications