മുരളീധരൻ കരുത്തുറ്റ നേതാവ്; എവിടെ നിന്നാലും അദ്ദേഹം ജയിക്കും; പാലക്കാട് ഡിസിസി
കെ മുരളീധരൻ ഏത് മണ്ഡലത്തിലും മത്സരിക്കാൻ യോഗ്യതയുള്ള കരുത്തുറ്റ നേതാവാണെന്ന് പാലക്കാട് ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ. അദ്ദേഹം പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകണമെന്ന ചർച്ചയ്ക്ക് കാരണം അദ്ദേഹത്തിന്റെ സ്വീകാര്യതയാണെന്നും ശക്തനായ ഏത് മത്സരാർത്ഥിയെ നേതൃത്വം നിശ്ചയിച്ചാലും അതിനെ സ്വാഗതം ചെയ്യുമെന്നും തങ്കപ്പൻ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കെ മുരളീധരൻ ഒരു പോരാളിയാണ്. അതുകൊണ്ടാണ് ഈ ഘട്ടത്തിൽ അദ്ദേഹത്തിന്റെ പേര് ചർച്ചയാകുന്നത്. ഇപ്പോൾ സ്ഥാനാർത്ഥി ചർച്ചകൾ ആരംഭിച്ചിട്ടില്ല. നിലവിൽ സ്ഥാനാർത്ഥികളായി പലരുടേയും പേരുകൾ അന്തരീക്ഷത്തിൽ ഉണ്ട്. ഹൈക്കമാന്‍ഡ് ആരെ നിശ്ചയിച്ചാലും ഒരേമനസോടെ പ്രവര്‍ത്തിക്കും. പാലക്കാട് മണ്ഡലം നിലനിർത്താൻ സാധ്യമായത് എല്ലാം ചെയ്യും'. അദ്ദേഹം പറഞ്ഞു.

വടകരയ്ക്ക് പകരം പാലക്കാട് കോൺഗ്രസ് ബി ജെ പി ഡീലെന്ന ആരോപണങ്ങൾക്കും അദ്ദേഹം മറുപടി നൽകി. അങ്ങനെ ഒരു ഡീലുമില്ല. പാലക്കാട് നഗരസഭയില്‍ കോണ്‍ഗ്രസും ബി ജെ പിയും തമ്മിലാണ് യഥാർത്ഥ മത്സരം. സമീപ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും സി പി എമ്മും നേര്‍ക്കുനേരാണ് മല്‍സരം. പിന്നെങ്ങനെയാണ് ഡീൽ ഉണ്ടാകുക', അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ദിവസം പാലക്കാട് കെ മുരളീധരൻ സ്ഥാനാർത്ഥിയാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകൾ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 'നയിക്കാൻ മുരളിയേട്ടൻ വരട്ടെ' എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. എന്നാൽ മുരളീധരൻ ഇതിനോട് പ്രതികരിച്ചിട്ടില്ല. തൃശൂരിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ താൻ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാടിലാണ് മുരളീധരൻ. സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമങ്ങൾ കോൺഗ്രസിൽ നടക്കുന്നുണ്ട്.
അതേസമയം പാലക്കാട് മുരളീധരൻ സ്ഥാനാർത്ഥിയാകുന്നതിനുള്ള സാധ്യത തള്ളിക്കളായാനാകില്ലെന്നാണ് കഴിഞ്ഞ ദിവസം പാലക്കാട് എംപി വികെ ശ്രീകണ്ഠൻ പ്രതികരിച്ചത്. ശക്തമായ സ്ഥാനാർത്ഥി വേണമെന്നുള്ളതാണ് തന്റെ അഭിപ്രായം. അത് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സ്ഥാനാർത്ഥി ചർച്ചകൾ ഔദ്യോഗികമായി ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾ സ്ഥാനാർത്ഥികളാവണമെന്ന ആവശ്യം ഒരു വിഭാഗത്തിനുണ്ട്. മുൻ തൃത്താല എംഎൽഎ വിടി ബൽറാമോ അല്ലെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലോ മത്സരിക്കണമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഷാഫി പറമ്പിലിന്റെ കൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാർത്ഥിത്വം.












Click it and Unblock the Notifications