ആലത്തൂരിൽ എൻഡിഎ സ്ഥാനാർത്ഥി എവിടെ? പ്രഖ്യാപനം വൈകുന്നതിൽ മുന്നണിയിൽ മുറുമുറുപ്പ്
പാലക്കാട്: ആലത്തൂരിലെ എൻ ഡി എ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നു. ഇടതു വലത് മുന്നണികൾ പ്രചരണത്തിൽ ഏറെ മുന്നിലെത്തിയിട്ടും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ഇരുട്ടിൽ തപ്പുകയാണ് മണ്ഡലത്തിൽ ബി ജെ പി. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തതിൽ ജില്ലാ പ്രാദേശിക നേതൃത്വങ്ങൾ സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. മുന്നണിക്കുള്ളിലും പ്രഖ്യാപനം വൈകുന്നതിൽ മുറുമുറപ്പുണ്ട്.
സർപ്രൈസ് സ്ഥാനാർത്ഥികളെ അവതരിപ്പിക്കാനാണോ അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള കൂട്ടിക്കിഴക്കലിന് ശേഷം ശക്തനായ നേതാവിനെ അവതരിപ്പിക്കുമോയെന്നൊക്കെയാണ് പ്രവർത്തകർ ഉറ്റുനോക്കുന്നത്. പാലക്കാട് അടക്കമുള്ള മണ്ഡലങ്ങളിൽ എൻ ഡി എ സ്ഥാനാർത്ഥികൾ പ്രചരണത്തിൽ ഏറെ മുന്നിലാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പാലക്കാട് എത്തി പാർട്ടി പ്രചരണത്തിന് തുടക്കം കുടറിച്ചിട്ടും ആലത്തൂരിൽ മാത്രം എന്തുകൊണ്ടാണ് തിടുക്കപ്പെട്ടുള്ള നടപടികൾ ഒന്നും ഉണ്ടാകാത്തത് എന്നും പ്രവർത്തകർ ചോദിക്കുന്നു. തീരുമാനം വൈകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് നേതാക്കൾ ആവർത്തിക്കുന്നു. അതേസമയം ദേശീയ തലത്തിൽ നിന്ന് ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. ഒരുപക്ഷേ സഖ്യകക്ഷിക്ക് സീറ്റ് നൽകുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്.
അതിനിടെ ആലത്തൂരിൽ യു ഡി എഫ്, എൽ ഡി എഫ് സ്ഥാനാർത്ഥികൾ പ്രചരണ രംഗത്ത് സജീവമാണ്. എൽ ഡി എഫിനായി കെ രാധാകൃഷ്ണനാണ് മത്സരത്തിന് ഇറങ്ങുന്നത്. യു ഡി എഫിന് വേണ്ടി സിറ്റിങ് എം പി രമ്യ ഹരിദാസാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണത്തെ പോലെ അട്ടിമറി വിജയം മണ്ഡലത്തിൽ നേടാൻ ആകുമെന്ന പ്രതീക്ഷയിലാണ് രമ്യ ഹരിദാസ്. 2019 ൽ മൂന്നാം തവണയും വിജയം പ്രതീക്ഷിച്ചിറങ്ങിയ സി പി എമ്മിന്റെ പി കെ ബിജുവിനെ പരാജയപ്പെടുത്തിയായിരുന്നു രമ്യ മണ്ഡലം പിടിച്ചത്.
ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ (1,58,968) വന്‍ ഭൂരിപക്ഷത്തിലായിരുന്നു രമ്യയുടെ മിന്നുന്ന വിജയം. മണ്ഡല ചരിത്രത്തിൽ തന്നെ സി പി എമ്മിന്റെ ഏറ്റവും നാണംകെട്ട തോൽവിയായിരുന്നു അത്തവണത്തേത്. ഇക്കുറി മന്ത്രി കെ രാധാകൃഷ്ണനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാണ് എൽ ഡി എഫ് ലക്ഷ്യം വെയ്ക്കുന്നത്. മന്ത്രി എന്ന നിലയിൽ രാധാകൃഷ്ണനുള്ള ജന പിന്തുണയും ചിട്ടയായ പ്രചരണവും സംഘടന ശേഷിയും മണ്ഡലം തിരിച്ചുപിടിക്കാൻ സഹായിക്കുമെന്നാണ് സി പി എം കണക്ക് കൂട്ടുന്നത്.












Click it and Unblock the Notifications