ഒരാൾ സ്വന്തം വീട്ടിൽ, മറ്റേയാൾ ബന്ധു വീട്ടിൽ, മൂന്നാമത്തെയാൾ സുഹൃത്തിനൊപ്പം; 3 പെൺകുട്ടികളേയും കണ്ടെത്തി
പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്നും കാണാതായ 3 പെൺകുട്ടികളെയും കണ്ടെത്തി. ഒരാളെ സ്വന്തം വീട്ടിൽ നിന്നും മറ്റൊരാളെ സുഹൃത്തിനൊപ്പവും മൂന്നാമത്തെയാളെ ബന്ധുവിനൊപ്പവുമാണ് കണ്ടെത്തിയത്. രണ്ട് ദിവസങ്ങൾക്ക് മുൻപായിരുന്നു പോക്സോ കേസ് അതിജീവിതയുൾപ്പെടെ 17 വയസുള്ള രണ്ടു കുട്ടികളേയും 14 കാരിയേയും കാണാതായത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു പെൺകുട്ടികളെ കാണാതായത്. സെക്യൂരിറ്റിയുടെ കണ്ണ് വെട്ടിച്ച് പുറത്ത് കടക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഇന്നലെ വൈകുന്നേരത്തോടെ 17 കാരികളിൽ ഒരാളെ സ്വന്തം വീട്ടിൽ നിന്നും കണ്ടെത്തി. വീട്ടിലേക്ക് വരാനുള്ള ആഗ്രഹം കൊണ്ടാണ് നിർഭയ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടതെന്നാണ് പെൺകുട്ടി പറഞ്ഞത്.

ഇന്ന് രാവിലെയോടെയാണ് 17കാരിയായ രണ്ടാമത്തെ പെൺകുട്ടിയെ കണ്ടെത്തിയത്.മണ്ണാർക്കാട് വെച്ച് സുഹൃത്തിനൊപ്പമായിരുന്നു പെൺകുട്ടി ഉണ്ടായിരുന്നത്. മൂന്നാമത്തെ പെൺകുട്ടിയെ തമിഴ്നാട്ടിലുള്ള ബന്ധുവീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്.
നേരത്തേയും ഈ പെൺകുട്ടികൾ സമാനമായ രീതിയിൽ നിർഭയ കേന്ദ്രത്തിൽനിന്ന് ചാടിപ്പോകാൻ ശ്രമിച്ചിരുന്നു. അന്ന് മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു പെൺകുട്ടികളെ പോലീസ് കണ്ടെത്തിയത്.












Click it and Unblock the Notifications