മന്ത്രിയെ ടാഗ് ചെയ്ത് ഫേസ്ബുക്കില്‍ പരാതി; നിമിഷനേരം കൊണ്ട് റോഡിലെ കുഴിയടപ്പിച്ചു
പാലക്കാട്: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന് ടാഗ് ചെയ്തുകൊണ്ട് ഫേസ്ബുക്കില്‍ റോഡിലെ കുഴി ശ്രദ്ധയില്‍പ്പെടുത്തിയ കബീറിന് ഇപ്പോഴും ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. 24 മണിക്കൂര്‍ കഴിയും മുന്‍പ് പ്രശ്നം പരിഹരിച്ച് മന്ത്രി തന്നെ നേരിട്ട് മറുപടിയും നല്‍കിയിരിക്കുന്നു. ഈസ്റ്റ് ഒറ്റപ്പാലത്ത് നിന്ന് ടൗണിലേക്ക് വരുമ്പോൾ മായന്നൂർ പാലം എത്തുന്നതിനു മുൻപ് റോഡിലുള്ള വലിയ കുഴിയെ കുറിച്ച് കഴിഞ്ഞ ദിവസമാണ് കബീർ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത്. പത്ത് മിനിട്ടിനുള്ളിൽ രണ്ട് ഇരു ചക്ര വാഹനങ്ങൾ ആണ് അപകടത്തിൽ പെട്ടത് എന്നായിരുന്നു കബീറിന്റെ കമന്റ്. മന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് അദ്ദേഹം ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം അവിടെ കുഴി അടയ്ക്കുന്ന പ്രവൃത്തി ആരംഭിച്ചിരുന്നു. പ്രവൃത്തി പൂര്‍ത്തിയായ ശേഷം അതിന്‍റെ ഫോട്ടോ സഹിതം കബീറിന് മന്ത്രി മറുപടി നല്‍കി. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലീക്കായതുമായി ബന്ധപ്പെട്ടാണ് കുഴി രൂപപ്പെട്ടത്. പരാതി ശ്രദ്ധയില്‍പ്പെട്ട മന്ത്രി അത് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും പൊതുമരാമത്ത് വകുപ്പിന്‍റെ നേതൃത്വത്തില്‍ അവിടെ കോണ്‍ക്രീറ്റ് പ്രവൃത്തി നടത്തുകയുമായിരുന്നു.
പൈപ്പിന്‍റെ ലീക്കേജ് പൂര്‍ണമായി മാറ്റിയതിന് ശേഷം റോഡിലെ കുഴി നികത്തേണ്ടത് വാട്ടര്‍ അതോറ്റിയാണ്. ഇനിയും പൈപ്പ് ലീക്കേജ് ഉണ്ടായാല്‍ കുഴി പഴയത്പോലെ ആയേക്കാം. ഇക്കാര്യം പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ വാട്ടര്‍ അതോറ്റിയെ അറിയിച്ചിട്ടുണ്ട് എന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളത്.
നടപടിയെ കുറിച്ച് മന്ത്രിയും ഫേസ്ബുക്കിൽ കുറിപ്പ് പങ്കിട്ടുണ്ട് വായിക്കാം-ഫേസ്ബുക്ക് കമൻ്റിൽ മെൻഷൻ ചെയ്ത
ചാത്തന്‍മാസ്റ്റര്‍ റോഡിൻ്റെ അറ്റകുറ്റപ്പണികൾ അതിവേഗത്തിൽ പൂർത്തിയായി..
"നാളെ തൃശൂർ ജില്ലയില്‍'' ..
ഒക്ടോബർ 5 ന് വൈകുന്നേരം 7 മണിക്ക് ഫേസ്ബുക്കില്‍ ഈ വരി എഴുതിയതിന് ശേഷം നിരവധി നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കമൻ്റ് ബോക്‌സിൽ പലരും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതില്‍ ചാത്തന്‍മാസ്റ്റര്‍ റോഡിന്‍റെ പ്രശ്നവും ഉണ്ടായിരുന്നു.
പിറ്റേ ദിവസം രാവിലെ തൃശ്ശൂരിൽ ചേര്‍ന്ന യോഗത്തിൽ അത് വരെ ലഭിച്ച എല്ലാ നിര്‍ദ്ദേശങ്ങളും പരാതികളും പരിശോധിച്ചു. ഓരോ പരാതിയിലും നടപടി സ്വീകരിക്കാന്‍ കൃത്യമായ തീയതി നിശ്ചയിച്ചു നൽകി. ലഭിച്ച എല്ലാ പരാതികളുടെയും തുടർനടപടികളെ സംബന്ധിച്ച് ഫേസ്ബുക്ക് ലൈവില്‍ അറിയിക്കുകയും ചെയ്തിരുന്നു.
ചാത്തന്‍മാസ്റ്റര്‍ റോഡ് പരിശോധിച്ച് അടിയന്തിരമായി പാച്ച് വര്‍ക്ക് തീര്‍ത്ത് ഗതാഗതയോഗ്യമാക്കാൻ തീരുമാനം എടുത്തു. അതിവേഗത്തിൽ പ്രസ്തുത റോഡിൻ്റെ അറ്റകുറ്റപണി പൂർത്തിയായി കഴിഞ്ഞു. ലഭിച്ച എല്ലാ പരാതികളിലും കൃത്യമായ പരിഹാരം ഉറപ്പുവരുത്തും.












Click it and Unblock the Notifications