പാലക്കാട് 2 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
പാലക്കാട്: ദുരൂഹ സാഹചര്യത്തിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ കാണിവായ് ആദിവാസി വിഭാഗത്തിൽപ്പെട്ട കുറുമ്പൻ (53), കുറുമ്പന്റെ വീട്ടിലെത്തിയ കരിമ്പുഴ സ്വദേശി ബാലു (45) എന്നിവരാണ് മരിച്ചത്. ഇരുവരേയും കുറുമ്പന്റെ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
തിങ്കളാഴ്ച വൈകിട്ടോടെ കുറുമ്പന്റെ വീട്ടിലാണ് സംഭവം. കുറുമ്പൻ വീട്ടിൽ നാട്ടുവൈദ്യം എന്ന പേരിൽ ചികിത്സ നടത്തുന്നുണ്ട്. ബാലു ചികിത്സ തേടി എത്തിയതായിരിക്കാമെന്നാണ് നിഗമനം. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ബാലു എത്തുന്ന സമയത്ത് കുറുമ്പന്റെ അമ്മയും ഭാര്യയും വീട്ടിലുണ്ടായിരുന്നു. വൈകീട്ട് ഇവർ തിരിച്ചെത്തിയപ്പോഴാണ് ഇരുവരേയും അവശ നിലയിൽ കണ്ടെത്തിയത്.

ബാലുവിനെയാണ് ആദ്യം കണ്ടത് കുറുമ്പന്റെ വീടിനോടു ചേർന്നു പുറത്തായിരുന്നു ഇയാൾ. ഇതിനു ശേഷമാണു വീട്ടിനുള്ളിൽ കുറുമ്പനെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇവിടെ ചികിത്സയ്ക്കെത്തിയ മറ്റൊരാളുടെ വാഹനത്തിൽ ഇരുവരേയും ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മണ്ണാർക്കാട് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടേയും മരണകാരണം എന്തെന്ന് വ്യക്തമല്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. നീലിയാണ് മരിച്ച കുറുമ്പന്റെ അമ്മ. ഭാര്യ: ലീല.












Click it and Unblock the Notifications