പാലക്കാട് കോൺഗ്രസിന് വീണ്ടും തിരിച്ചടി; ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാർട്ടി വിട്ടു, സിപിഎമ്മിലേക്ക്
പാലക്കാട്: ഉപതിരഞ്ഞെടുപ്പിനിടെ കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി മറ്റൊരു നേതാവ് കൂടി പാർട്ടി വിട്ടു. ദളിത് കോൺഗ്രസ് പിരിയാരി മണ്ഡലം പ്രസിഡന്റ് കെഎ സുരേഷ് ആണ് പാർട്ടി വിട്ടത്. ഷാഫി പറമ്പിലിനെതിരെ ആഞ്ഞടിച്ചാണ് സുരേഷിന്റെ രാജി.
ഷാഫി ഏകാധിപത്യ നിലപാട് പുലർത്തുന്നതെന്നും ഷാഫിക്കൊപ്പം നിൽക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ പരിഗണനയെന്നും സുരേഷ് ആരോപിച്ചു. രാജിക്ക് പിന്നാലെ സി പി എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പാലക്കാട് പി സരിന് വേണ്ടി താൻ പ്രവർത്തിക്കുമെന്നും സുരേഷ് പറഞ്ഞു.

അതേസമയം പിരിയാരി കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജി ശശിയും ഭാര്യ സിതാരയും കഴിഞ്ഞദിവസം കോൺഗ്രസിൽ നിന്നും രാജിവെച്ച് പി സരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഷാഫിക്കെതിരെ തന്നെയായിരുന്നു ഇരുവരുടേയും പ്രതിഷേധം. ഷാഫി പറമ്പിൽ വിജയിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ലെന്നും നൽകിയ വികസന വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്നും പിരായിരി പഞ്ചായത്ത് അംഗം കൂടിയായ സിതാരി തുറന്നടിച്ചു.
അതിനിടെ ഇനിയും കൂടുതൽ നേതാക്കൾ കോൺഗ്രസിൽ അതൃപ്തിയിലാണെന്നും വൈകാതെ അവർ പാർട്ടിവിട്ടേക്കുമെന്നും സി പി എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. ഷാഫിയും കൃഷ്ണകുമാറും തമ്മിൽ അവിശുദ്ധ ബന്ധമാണെന്നും അദ്ദേഹം ആരോപിച്ചു. 'ഷാഫിയും കൃഷ്ണകുമാറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ബന്ധമാണ് ഈ തിരഞ്ഞെടുപ്പിൽ കാണുന്നത്. അതാണ് ഷാഫി മത്സരിക്കുമ്പോൾ കൃഷ്ണകുമാർ മത്സരിക്കാൻ എത്താതിരുന്നത്. ഇ ശ്രീധരനെ പോലുള്ളവർ മത്സരിക്കാൻ എത്തിയോൾ ഉൾപ്പെടെ കൃഷ്ണകുമാറിന്റെ ബൂത്തിൽ ഷാഫിയാണ് ലീഡ് ചെയ്തത്. ഇതെല്ലാം രഹസ്യ ബന്ധത്തിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പോട് കൂടി കോൺഗ്രസിൻരെ പ്രവർത്തകരെല്ലാം തിരിച്ചറിയാൻ തുടങ്ങി. ഈ കൂട്ടുകെട്ടിന് പല താത്പര്യങ്ങളും ഉണ്ട്. ഇതിന് വേണ്ടി ജില്ലാ കോൺഗ്രസ് നേതൃത്വത്തെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതിൽ നിന്നാണ് ഇത്തരം പ്രതിഷേധ സ്വരങ്ങൾ ഉയരുന്നത്.
സരിൻ ഉയർത്തിയ പ്രതിഷേധസ്വരം ദിവസേന അരക്കിട്ട് ഉറപ്പിക്കുന്ന നിലയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് പാർട്ടി വിട്ട് സരിന് പിന്തുണ പ്രഖ്യാപിക്കുന്നത്. ഇത്തരം നിലപാട് ഞങ്ങളെ സംബന്ധിച്ച് ജയസാധ്യത കൂട്ടുകയാണ്. മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥി വിജയിക്കും. പ്രതിഷേധമുള്ള നിരവധി ആളുകൾ കോൺഗ്രസിൽ ഉണ്ട്. അവർ പാർട്ടി വിടുമോയെന്നൊക്കെ വഴിയെ കാണാം', സുരേഷ് ബാബു പറഞ്ഞു.












Click it and Unblock the Notifications