ശോഭയുമില്ല കൃഷ്ണകുമാറുമില്ല: പാലക്കാട് പിടിക്കാന്‍ കെ സുരേന്ദ്രന്‍ വരും, അനുകൂലമായത് ആ ഘടകം
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മണ്ഡലങ്ങളില്‍ ഏറ്റവും ചൂടേറിയ പോരാട്ടത്തിലേക്ക് കടക്കുന്നത് പാലക്കാടാണ്. രാഹുല്‍ മാങ്കൂട്ടത്തിന് സീറ്റ് നല്‍കിയതില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ പി സരിനെ ഇടത് സ്വതന്ത്രനായി അദ്ദേഹത്തെ മത്സരിപ്പിക്കാനുള്ള എല്‍ ഡി എഫ് തീരുമാനവുമാണ് പാലക്കാട്ടെ പോരാട്ടത്തിന്റെ ചൂടേറ്റിയത്. യു ഡി എഫ്, എല്‍ ഡി എഫ് സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ തീരുമാനമായെങ്കിലും ബി ജെ പിയുടെ സ്ഥാനാർത്ഥി ആരായിരിക്കുമെന്ന ആകാംക്ഷ ഇപ്പോഴും തുടരുകയാണ്.
ബി ജെ പി വിജയ പ്രതീക്ഷ വെച്ച് പുലർത്തുന്ന മണ്ഡലത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാർ, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരായിരുന്നു പരിഗണനയിലുണ്ടായിരുന്നത്. സുരേഷ് ഗോപി അടക്കമുള്ളവർ ശോഭ സുരേന്ദ്രന് വേണ്ടി രംഗത്ത് വരികയും അവരെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്ത് അയച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. മറുവശത്ത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിഭാഗത്തിന്റെ പിന്തുണയായിരുന്നു സി കൃഷ്ണകുമാറിനുണ്ടായിരുന്നത്.

സ്ഥാനാർത്ഥിത്വം സംബന്ധിച്ച ആലോചനകള്‍ തുടരവെയാണ് പാലക്കാട്ടെ ബി ജെ പി സ്ഥാനാർത്ഥിയായി കെ സുരേന്ദ്രന്‍ തന്നെ എത്തിയേക്കുമെന്ന തരത്തിലുള്ള വാർത്തകളും പുറത്ത് വരുന്നത്. മറ്റ് രണ്ട് പേരേക്കാള്‍ വിജയ സാധ്യത കെ സുരേന്ദ്രനാണെന്നും അതുകൊണ്ട് തന്നെ ദേശീയ നേതൃത്വവും അദ്ദേഹത്തെയാണ് പരിഗണിക്കുന്നതെന്നുമാണ് ബി ജെ പി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്.
പാലക്കാട് ബി ജെ പി വിജയം പ്രതീക്ഷിക്കുമ്പോഴും മണ്ഡല പരിധിയിലെ ചില സമുദായങ്ങള്‍ പാർട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്നുണ്ട്. ഇതിനെ മറികടക്കാന്‍ പൊതുസമ്മതനായ സ്ഥാനാർത്ഥി വേണമെന്ന ആവശ്യം പാർട്ടിക്കുള്ളില്‍ ഉയർന്നിരുന്നു. ഈ ചർച്ചകളാണ് ഒടുവില്‍ കെ സുരേന്ദ്രനിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. സുരേന്ദ്രനെ മത്സരിപ്പിക്കുന്നതില്‍ കേന്ദ്ര നേതൃത്വത്തിനും അനുകൂല നിലപാടാണുള്ളത്.
വിജയ പ്രതീക്ഷയുള്ള സീറ്റില്‍ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലാതെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാണ് ബി ജെ പി നോക്കുന്നത്. കെ സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനത്തിന് മുമ്പ് തന്നെ സി കൃഷ്ണകുമാറുമായും ശോഭ സുരേന്ദ്രനുമായി പാർട്ടി നേതൃത്വം സമവായ ചർച്ചകള്‍ നടത്തിയേക്കും.
2016 മുതല്‍ ബി ജെ പി രണ്ടാമത് എത്തുന്ന മണ്ഡലമാണ് പാലക്കാട്. ശോഭ സുരേന്ദ്രനാണ് ആദ്യമായി പാലക്കാട് ബി ജെ പിയെ രണ്ടാമത് എത്തിക്കുന്നത്. 2021 ല്‍ ഷാഫി പറമ്പിലിനെതിരെ മെട്രോമാന്‍ ഈ ശ്രീധരനെയായിരുന്നു ബി ജെ പി മത്സരിപ്പിച്ചത്. അവസാന നിമിഷം വരേയും ശക്തമായ മത്സരം അദ്ദേഹം കാഴ്ചവെച്ചെങ്കിലും ഷാഫി പറമ്പിലിനോട് 3859 വോട്ടിന് പരാജയപ്പെടാനായിരുന്നു വിധി. എന്നാല്‍ മികച്ച സ്ഥാനാർത്ഥിയെ നിർത്തിയാല്‍ ഇത്തവണ വിജയം പിടിച്ചെടുക്കാന്‍ കഴിയുമെന്ന് ബി ജെ പി ഉറച്ച് വിശ്വസിക്കുന്നു.












Click it and Unblock the Notifications