രാഹുലിന്റെ വിഡിയോ പങ്കിട്ട് പത്തനംതിട്ട സിപിഎം..പാലക്കാട് എന്ന സ്നേഹ വിസ്മയം’..പിന്നാലെ നീക്കി
പാലക്കാട്: യു ഡിഎ ഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ തിരഞ്ഞെടുപ്പ് പ്രചരണ വീഡിയോ സി പി എമ്മിന്റെ ഫേസ്ബുക്ക് പേജിൽ. പത്തനംതിട്ട സി പി എമ്മിന്റെ പേജിലാണ് വീഡിയോ പങ്കുവെച്ചത്. 'പാലക്കാട് എന്ന സ്നേഹ വിസ്മയം' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ. പാലക്കാട് മണ്ഡലത്തിൽ വീട് കയറിയുള്ള രാഹുലിന്റെ പ്രചരണമാണ് വീഡിയോയിൽ ഉള്ളത്. അതേസമയം അബദ്ധം പിണഞ്ഞെന്ന് മനസിലായതോടെ മിനുറ്റുകൾക്കകം തന്നെ വീഡിയോ നീക്കം ചെയ്തു. എന്നാൽ അപ്പോഴേക്കും വീഡിയോ പങ്കിട്ടതിന്റെ സ്ക്രീൻ റെക്കോഡ് വ്യാപകമായി പ്രചരിച്ചിരുന്നു.
ഇന്നലെ രാത്രിയോടെയാണ് സംഭവം. 63,000ത്തോളം ഫോളേവേഴ്സ് ഉള്ളതാണ് പേജ്. പത്തനംതിട്ട സി പിഎമ്മിന്റെ ഔദ്യോഗിക പേജ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ
പേജ് വ്യാജമാണെന്ന് സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രതികരിച്ചത്. സംഭവം സി പി എമ്മിനെ വലിയ തോതിൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ആരാണ് പേജിന്റെ അഡ്മിൻ പാനലിൽ ഉള്ളതെന്ന വിവരം പുറത്തുവന്നിട്ടില്ല. അതേസമയം സംഭവത്തിൽ പ്രതികരിച്ച് യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി.

പത്തനംതിട്ടയിലേയും പാലക്കാട്ടേയും സി പി എമ്മുകാരുടെ പിന്തുണ തനിക്ക് ഉണ്ടാകുമെന്ന് നേരത്തേ തന്നെ താൻ പറഞ്ഞിരുന്നതല്ലേയെന്ന് രാഹുൽ പ്രതികരിച്ചു. കമ്മ്യൂണിസ്റ്റ് ജനത പാർട്ടി അല്ലാത്തവരുടെ പിന്തുണ തനിക്ക് കിട്ടും. പത്തനംതിട്ടയിൽ വിഭാഗീയതയുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി തകർന്ന് പോകണമെന്ന് ആഗ്രഹിക്കുന്നവർ എല്ലാം എനിക്ക് വോട്ട് ചെയ്യും', രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട്ടെ സി പി എം വോട്ടുകൾ ഷാഫി പറമ്പിലിന് ലഭിച്ചതായി നേതാക്കൾ തന്നെ സമ്മതിച്ചിരുന്നു. ഇക്കുറിയും അത്തരത്തിൽ സി പി എം വോട്ടുകൾ രാഹുലിന് അനുകൂലമായി മറിയുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. കോൺഗ്രസ് വിട്ടെത്തിയ പി സരിനെ പാർട്ടിക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വോട്ടുകൾ രാഹുലിന് അനുകൂലമായി മറിഞ്ഞേക്കുമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. അതേസമയം കടുത്ത സി പി എം വിമർശകനാണ് രാഹുൽ. അതിനാൽ ഷാഫിയ്ക്ക് ലഭിച്ച വോട്ടുകൾ ഇക്കുറി സി പി എമ്മിൽ തന്നെ നിൽക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. കഴിഞ്ഞ തവണ ബിജെപി ജയിക്കുമോയെന്ന ഭയത്തിൽ മതേതര വോട്ടുകൾ മറിഞ്ഞതാണെന്നും ഇക്കുറി ബിജെപി മണ്ഡലത്തിൽ വലിയ മത്സരം കാഴ്ചവെയ്ക്കുന്നില്ലെന്നും സി പി എം പറയുന്നു. അതിനാൽ പാർട്ടി വോട്ടുകൾ ഇത്തവണ തങ്ങളുടെ പെട്ടിയിൽ തന്നെ വീഴുമെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications