പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി, ഇടഞ്ഞ് സരിൻ; സീറ്റ് വാഗ്ദാനം ചെയ്ത് സിപിഎം
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടിയുടെ ഡിജിറ്റൻ മീഡിയ തലവൻ പി സരിനാണ് രംഗത്തെത്തിയത്.
പാലക്കാട് സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ട പേരുകളിൽ ഒന്നായിരുന്നു പി സരിന്റേത്. സരിന് കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ പിന്തുണ ഉണ്ടായിരുന്നു. മണ്ഡലത്തിൽ തന്നെയുള്ള നേതാവെന്ന നിലയിൽ സരിന് വേണ്ടി ചില മുതിർന്ന നേതാക്കളും രംഗത്തെത്തി. എന്നാൽ യൂത്ത് കോൺഗ്രസ് നേതാവായ രാഹുലിനെ ശക്തമായി പിന്തുണച്ച് പാലക്കാട് മുൻ എം എൽ എ ഷാഫി പറമ്പിലും വിഡി സതീശനും രംഗത്തെത്തുകയായിരുന്നു.

അതേസമയം നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ സരിൻ കടുത്ത നടപടികൾ സ്വീകരിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അതിനിടയിൽ സരിന് സീറ്റ് വാഗ്ദാനം ചെയ്ത് സി പി എമ്മും രംഗത്തെത്തിയിട്ടുണ്ട്. സി പി എം ഇതുവരെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനോടകം തന്നെ സരിനുമായി നേതൃത്വം ചർച്ച നടത്തിയെന്നാണ് സൂചനകൾ. പി സരിൻ സിപിഎം വാഗ്ദാനം സ്വീകരിച്ച് പാർട്ടി സ്വതന്ത്രനായി എത്തുമോയെന്നാണ് ഉയരുന്ന ചോദ്യം.
അങ്ങനെയെങ്കിൽ ഒരുമിച്ച് പ്രവർത്തിച്ചവർ തമ്മിൽ നേരിട്ടുള്ള പോരാട്ടത്തിനായിരിക്കും പാലക്കാട് വേദിയൊരുങ്ങുക. മണ്ഡലത്തിൽ നിലവിൽ മുന്നാം സ്ഥാനത്താണ് സി പി എം. ഉപതിരഞ്ഞെടുപ്പിൽ ബി ജെ പിയും കോൺഗ്രസും തമ്മിലാണ് മണ്ഡലത്തിൽ പോരാട്ടം എന്നാണ് ഇരുപാർട്ടികളും വ്യക്തമാക്കിയത്. സരിൻ എൽ ഡി എഫ് സ്ഥാനാർത്ഥിയായി എത്തിയാൽ അത് ശക്തമായ ത്രികോണ പോരാട്ടത്തിനായിരിക്കും മണ്ഡലത്തിൽ കളമൊരുങ്ങുക.
അതേസമയം ബി ജെ പിക്ക് ശക്തമായ വോരോട്ടമുള്ള മണ്ഡലത്തിൽ ഈ നീക്കം തിരിച്ചടിയാകുമെന്ന് കോൺഗ്രസ് ഭയക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സരിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് നേതൃത്വം നടത്തുന്നുണ്ട്. അതിനിടെ സരിൻ കോൺഗ്രസ് വിടുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് വികെ ശ്രീകണ്ഠൻ എംപി പ്രതികരിച്ചു. 'സ്ഥാനാർത്ഥിത്വത്തിന്റെ പേരിൽ പാർട്ടി വിടുന്നൊരാളാണ് സരിൻ എന്ന് കരുതുന്നില്ല. സ്ഥാനാർത്ഥിത്വത്തിനായി പലരും മോഹിക്കുന്നുണ്ടാകും. എന്നാൽ പാർട്ടി ഒരു തീരുമാനം എടുത്താൽ അത് എല്ലാ നേതാക്കൾക്കും പ്രവർത്തകർക്കും ബാധകമാണ്. പാലക്കാട് മുനിസിപ്പിലാറ്റിയിലേക്ക് അല്ലല്ലോ മത്സരിക്കുന്നത്. നിയമസഭയിലേക്കാണ്. ജില്ല മാറി മത്സരിച്ച് ജയിച്ച ചരിത്രം പലർക്കുമുണ്ട്.
പാർട്ടിയിൽ യുവ നേതാക്കൾ ഒരുപാട്. അവർക്കെല്ലാം ഉത്തരവാദിത്തപ്പെട്ട സ്ഥാനവും നേതൃത്വം നൽകിയിട്ടുണ്ട്. സരിനും ഭാരവാഹിയാണ്. ഒറ്റപ്പാലത്ത് തുടക്കത്തിൽ തന്നെ സരിന് പാർട്ടി സീറ്റ് നൽകിയിട്ടുണ്ട്. പാർട്ടി ഒരു തീരുമാനമെടുത്താൽ അത് അംഗീകരിച്ച് പ്രവർത്തിക്കുകയെന്നാണ്', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications