പാതിരാ റെയ്ഡും ട്രോളി വിവാദവും; സിപിഎം പെട്ടോ? ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ കേസെടുക്കാതെ പോലീസ്
പാലക്കാട് കള്ളപ്പണ പരിശോധനയിൽ സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിന്റെ പരാതിയിൽ കേസെടുക്കാതെ പോലീസ്. ഹോട്ടലിലെ പരിശോധനയിലും തുടർ സംഘർഷങ്ങളിലും ഹോട്ടൽ മാനേജർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിൽ കേസ് എടുത്ത് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് പോലീസ് നീക്കം. ഇതോടൊപ്പം പുതിയ കേസ് എടുക്കാതെ ഇഎൻ സുരേഷ് ബാബുവിന്റെ പരാതിയിൽ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തും.
ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ വാഹനത്തിൽ ബാഗുമായി ഒരാൾ വന്നു. കള്ളപ്പണമാണോ കൊണ്ടുവന്നത്, കോൺഗ്രസ് നേതാക്കളുടെ ഫോണുകൾ പരിശോധിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സുരേഷ് ബാബുവിന്റെ പരാതിയിൽ പറയുന്നത്. എന്നാൽ കുറ്റകൃത്യം നടന്നതായി കണ്ടെത്താൻ സാധിക്കാത്തതിനാൽ പരാതിയിൽ കേസ് എടുക്കാനാകില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. ഇതോടെ പാലക്കാട്ടെ റെയ്ഡ് വിവാദത്തിൽ സിപിഎം കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.

അതിനിടയിൽ റെയ്ഡിനെ ചൊല്ലി പാർട്ടിയിൽ ഉയർന്നിരിക്കുന്ന എതിർ അഭിപ്രായങ്ങളും നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്. തുടക്കത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി സരിനായിരുന്നു ട്രോളി വിവാദത്തിൽ സിപിഎം നേതൃത്വത്തിന് വിരുദ്ധമായ നിലപാട് പങ്കുവെച്ചത്. ട്രോളിയിൽ കള്ളപ്പണം കൊണ്ടുവന്നു, അന്വേഷിക്കണം എന്ന് ജില്ലാ സെക്രട്ടറി ആവർത്തിച്ച് പറയുന്നതിനിടയിൽ റെയ്ഡ് വിവാദം കോൺഗ്രസിന്റെ തന്നെ തിരക്കഥയാണോയെന്ന് പരിശോധിക്കണമെന്നായിരുന്നു സരിൻ പറഞ്ഞത്.
'സി പി എം-ബി ജെ പി ബന്ധം ആരോപിക്കാൻ ബോധപൂർവ്വം പ്ലാറ്റ്ഫോം ഉണ്ടാക്കിയെടുത്തതാണോയെന്ന് അന്വേഷിക്കണം. പോലീസിന് എവിടെ നിന്നാണ് വിവരം ലഭിച്ചത്. ഇത് താത്കാലിക ലാഭത്തിന് വേണ്ടി പയറ്റിയ തന്ത്രമാണോ. മൂന്ന് തവണ ജയിച്ച എം എൽ എയ്ക്ക് ആ മോഡ് ഓഫ് ഓപ്പറാന്റി അറിയാം',എന്നായിരുന്നു സരിന്റെ വാക്കുകൾ. എന്നാൽ ജില്ലാ നേതൃത്വം സരിനെ തള്ളി.
ഇതിനിടയിൽ കഴിഞ്ഞ ദിവസം മുതിർന്ന നേതാവ് എൻഎൻ കൃഷ്ണദാസും വിഷയത്തിൽ സരിന് സമാനമായ നിലപാട് ആണ് പങ്കുവെച്ചത്. ട്രോളിയെന്ന ട്രാപ്പിൽ വീഴാതെ ജനകീയ വിഷയങ്ങൾ പാലക്കാട് ചർച്ചയാക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. പോലീസിൽ വിശ്വാസമുണ്ടെന്നും കള്ളപ്പണം കടത്തിയിട്ടുണ്ടെങ്കിൽ പോലീസ് അക്കാര്യം അന്വേഷിച്ച് കണ്ടുപിടിക്കട്ടെയെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
ഇന്നിപ്പോൾ മുതിർന്ന സിപിഐ നേതാവ് സി ദിവാകരനും സി പി എമ്മിനെതിരെ രംഗത്തെത്തി . ട്രോളി ബാഗ് ആരോപണമുന്നയിച്ചവർ ഇരുട്ടിൽ തപ്പുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കള്ളപ്പണ ആരോപണം ഉന്നയിച്ചവർക്ക് യാതൊരു തെളിവും ഇതുവരെ നൽകാൻ സാധിച്ചിട്ടില്ലെന്നും ഇതെല്ലാം ഒരു ബിൽഡപ്പ് സ്റ്റോറിയാണോയെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തിരക്കഥയിൽ പോലീസിനും പങ്കുണ്ടോയെന്ന് സംശയം ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.












Click it and Unblock the Notifications