പാലക്കാട് ഉപതിരഞ്ഞെടുപ്പ്; രാഹുൽ മാങ്കൂട്ടത്തിലിറങ്ങിയാൽ പത്മജയെ ഇറക്കാൻ ബിജെപി? ചർച്ചകൾ ഇങ്ങനെ
പാലക്കാട്: വടകരയിൽ നിന്നും ഷാഫി പറമ്പിൽ വിജയിച്ചതോടെ പാലക്കാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. ശക്തനായ സ്ഥാനാർത്ഥിയെ തന്നെയിറക്കിയാൽ മണ്ഡലം നിലനിർത്താമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. യുവ നേതാക്കളായ വിടി ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവരുടെ പേരുകളെല്ലാം കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. അതേസമയം കോൺഗ്രസ് ആരെയിറക്കിയാലും ഇക്കുറി മണ്ഡലത്തിൽ ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ബി ജെ പി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ ബി ജെ പി മുന്നേറ്റം തന്നെയാണ് പാർട്ടിയുടെ പ്രതീക്ഷ ഉയർത്തുന്നത്.
2021ൽ ബി ജെ പി സ്ഥാനാർത്ഥിയായെത്തിയ ഈ ശ്രീധരനും കോൺഗ്രസ് സ്ഥാനാർത്ഥിയായ ഷാഫി പറമ്പിലും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു മണ്ഡലത്തിൽ നടന്നത്. ഒരു ഘട്ടത്തിൽ ഈ ശ്രീധരൻ മണ്ഡലം പിടിച്ചെന്ന് വരെ വിലയിരുത്തലുണ്ടായിരുന്നു. എന്നാൽ ബി ജെ പിയുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി ഷാഫി മണ്ഡലം നിലനിർത്തി. ഇക്കുറി മികച്ച സ്ഥാനാർത്ഥി വന്നാൽ പാലക്കാട് വിജയം ഉറപ്പിക്കാമെന്നാണ് ബി ജെ പി കണക്ക് കൂട്ടൽ. സ്ഥാനാർത്ഥികളെ സംബന്ധിച്ച അനൗദ്യോഗിക ചർച്ചകൾ ബി ജെ പിയിൽ നടക്കുന്നുണ്ട്.

യുവനേതാവായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയാക്കിയാൽ കോൺഗ്രസ് വിട്ടെത്തിയ പത്മജ വേണുഗോപാലിനെ മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള സാധ്യതയാണ് ബി ജെ പി നേതൃത്വം പരിശോധിക്കുന്നത്. പത്മജയുടെ ബി ജെ പി പ്രവേശനവുമായി ബന്ധപ്പെട്ട് രാഹുൽ നടത്തിയ ചില പരാമർശങ്ങൾ വിവാദമായിരുന്നു. കടുത്ത ഭാഷയിലായിരുന്നു രാഹുൽ പ്രതികരിച്ചത്. അതുകൊണ്ട് തന്നെ രാഹുലും പത്മജയും നേർക്ക് നേർ വന്നാൽ കോൺഗ്രസ് വോട്ടുകൾ അടക്കം മറിയാനുള്ള സാധ്യത ഉണ്ടെന്നാണ് ബി ജെ പി നേതൃത്വം വിലയിരുത്തുന്നത്.
പത്മജ അല്ലെങ്കിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കാഴ്ചവെച്ച സി കൃഷ്ണകുമാറിനെ പരിഗണിക്കാനുള്ള സാധ്യതയും ഉണ്ട്. ബി ജെ പി സംസ്ഥാന ട്രഷററും നിലവിൽ നഗരസഭ വൈസ് ചെയർമാനുമായ ഇ കൃഷ്ണദാസിന്റെ പേരും ബി ജെ പി പരിഗണനയിൽ ഉണ്ട്. സന്ദീപ് വാര്യർക്കും നറുക്ക് വീണേക്കാം. ആലപ്പുഴയിൽ മികച്ച പ്രകടനം കാഴ്ചവച്ച ശോഭ സുരേന്ദ്രന്റെ പേരിൽ ചർച്ചയിൽ ഇടംപിടിക്കുന്നുണ്ട്.
അതേസമയം മികച്ച സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാൽ മണ്ഡലത്തിൽ മുന്നേറാമെന്ന കണക്കുകൂട്ടൽ സി പി എമ്മിനും ഉണ്ട്. പാലക്കാട്ടെ ശക്തനായ നേടാവും മുൻ കോൺഗ്രസുകാരനുമായ എവി ഗോപിനാഥിനെ ഇടതുമുന്നണി സ്ഥാനാർഥിയാക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഗോപിനാഥ് മത്സരിച്ചാൽ കോൺഗ്രസ് വോട്ടുകളിൽ ഭിന്നിപ്പിക്കുണ്ടാക്കാമെന്ന് നേതൃത്വം കരുതുന്നു. എന്നാൽ കാലങ്ങളായി സി പി എം വിരുദ്ധ നിലപാടുള്ള ഗോപിനാഥിനെ പ്രവർത്തകർ അംഗീകരിക്കുമോയെന്നതാണ് മറ്റൊരു സംശയം. സി പി എം മത്സരം കടുപ്പിച്ചാൽ അത് ബി ജെ പി വിരുദ്ധ വോട്ടുകൾ വിഘടിച്ച് പോകാനുള്ള സാധ്യതയും ഏറെയാണ്. അതുകൊണ്ട് സി പി എം എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിർണായകമാണ്.
എന്നാൽ ആരൊക്കെ വന്നാലും മണ്ഡലം സുരക്ഷിതമാണെന്നാണ് ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് യു ഡി എഫിന് ലഭിച്ചത് 52,779 വോട്ടാണ്. രണ്ടാമതെത്തിയ ബി ജെ പിയേക്കാൾ 9707 വോട്ടിന്‍റെ ഭൂരിപക്ഷം അവർക്കുണ്ട്. നഗരസഭ പരിധിയിലും മികച്ച മുന്നേറ്റം നടത്താൻ കോൺഗ്രസിന് കഴിഞ്ഞു. ഇതേ ട്രെൻഡ് തുടർന്നാൽ ഉപതെരഞ്ഞെടുപ്പിലെ വിജയിക്കാമെന്നാണ് കോൺഗ്രസ് പറയുന്നത്.












Click it and Unblock the Notifications