ഷാഫിക്ക് പകരക്കാരാനാകാൻ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടേക്ക്; പത്മജയെ ഇറക്കുമോ ബിജെപി?
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായേക്കുമെന്ന് റിപ്പോർട്ട്. രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കൾ പിന്തുണച്ചുവെന്നാണ് വിവരം. യുവ നേതാവായ രാഹുൽ ഇറങ്ങുന്നത് മണ്ഡലം നിലനിർത്താൻ സഹായിക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
കോൺഗ്രസിലെ യുവാക്കളുടെ ഹരമാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ കൂടിയായ രാഹുൽ മാങ്കൂട്ടത്തിൽ. ചാനൽ ചർച്ചകളിലെ കോൺഗ്രസ് മുഖം. യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ടുണ്ടായ അറസ്റ്റും ദിവസങ്ങളോളം നീണ്ടുനിന്ന ജയിൽ വാസവുമെല്ലാമാണ് പാർട്ടിയിൽ രാഹുലിന്റെ ഇമേജ് മാറ്റി മറിച്ചത്. പിണറായി വിജയന്റെ പോലീസിനെ വെല്ലുവിളിച്ചുകൊണ്ട് സർക്കാരിനെതിരെ നേരിട്ട് സമരം നയിക്കുന്ന യുവ രക്തമായി പാർട്ടിയിൽ രാഹുൽ ആഘോഷിക്കപ്പെടുകയായിരുന്നു.

പാലക്കാട് മുൻ എം എൽ എയായിരുന്ന ഷാഫി പറമ്പിലുമായി വലിയ അടുപ്പമുള്ള നേതാവ് കൂടിയാണ് രാഹുൽ. പാലക്കാട് തിരഞ്ഞെടുപ്പുകളിൽ ഷാഫിക്കൊപ്പം തന്നെ രാഹുലും പ്രചരണത്തിന് ഇറങ്ങിയിട്ടുണ്ട്. ഷാഫിക്ക് പകരക്കാരനായി രാഹുൽ ഇറങ്ങിയാൽ ശക്തമായ മത്സരം കാഴ്ചവെയ്ക്കാമെന്നും വിജയം ഉറപ്പിക്കാമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടുകൾ കുത്തനെ കുറഞ്ഞെങ്കിലും ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുകളിലും യു ഡി എഫ് ആത്മവിശ്വാസം പുലർത്തുന്നുണ്ട്.
ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് യു ഡി എഫിന് ലഭിച്ചത് 52,779 വോട്ടാണ്. രണ്ടാമതെത്തിയ ബി ജെ പിയേക്കാൾ 9707 വോട്ടിന്‍റെ ഭൂരിപക്ഷം അവർക്കുണ്ട്. നഗരസഭ പരിധിയിലും മികച്ച മുന്നേറ്റം നടത്താൻ കോൺഗ്രസിന് കഴിഞ്ഞു. ഇതേ ട്രെൻഡ് തുടർന്നാൽ ഉപതെരഞ്ഞെടുപ്പിലെ വിജയിക്കാമെന്നാണ് കോൺഗ്രസ് പറയുന്നത്. മാത്രമല്ല ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തം ഉപതിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും നേതാക്കൾ കണക്കുകൂട്ടുന്നുണ്ട്. അതേസമയം എന്തുവിലകൊടുത്തും പാലക്കാട് പിടിക്കാനാണ് ബി ജെ പിയിലെ ആലോചന. ശക്തനായ നേതാവ് ഇറങ്ങിയാൽ അട്ടിമറി വിജയം നേടാമെന്നാണ് നേതാക്കൾ പറയുന്നത്. സ്ഥാനാർത്ഥി ചർച്ചകൾ ബി ജെ പിയിലും തുടങ്ങിയിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലെങ്കിൽ കോൺഗ്രസ് വിട്ടെത്തിയ പത്മജ വേണുഗോപാലിനെ ബി ജെ പി മത്സരിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. പത്മജ ബി ജെ പിയിലേക്ക് ചേക്കേറിയപ്പോൾ കടുത്ത ഭാഷയിൽ വിമർശിച്ച നേതാവാണ് രാഹുൽ. 'പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും' എന്നായിരുന്നു രാഹുലിന്റെ പരാമർശം. ഇത് കോൺഗ്രസിന് ഉള്ളിൽ തന്നെ വലിയ ചർച്ചയ്ക്ക് കാരണമായിരുന്നു. രാഹുലിന്റെ ഭാഷയില്‍ അഹങ്കാരത്തിന്റെ സ്വരം ഉണ്ടെന്നും ഒരു സ്ത്രീയെ മോശം ഭാഷയില്‍ അധിക്ഷേപിച്ചത് ശരിയായ രീതിയല്ലെന്നുമായിരുന്നു പാർട്ടിയിലെ നേതാക്കൾ പറഞ്ഞത്.
ഈ സാഹചര്യത്തിൽ പാലക്കാട് പത്മജയും രാഹുലും ഏറ്റുമുട്ടുന്നത് കോൺഗ്രസ് വോട്ടുകൾ അടക്കം ലഭിക്കാൻ സഹായിക്കുമെന്നാണ് ബി ജെ പിയിലെ ഒരു വിഭാഗം നേതാക്കൾ പറയുന്നത്. അതേസമയം ശോഭ സുരേന്ദ്രന് നറുക്ക് വീഴാനുള്ള സാധ്യത ഉണ്ടെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്. മത്സരിച്ചിടത്തെല്ലാം ശോഭയ്ക്ക് വോട്ട് ഉയർത്താൻ സാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ആലപ്പുഴ ലോക്സഭ തിരഞ്ഞെടുപ്പിൽ 2.99 ലക്ഷം വോട്ട് നേടാൻ ശോഭയ്ക്ക് കഴിഞ്ഞിരുന്നു. 2019 ൽ 1.87 ലക്ഷം വോട്ട് മാത്രമായിരുന്നു പാർട്ടിക്ക് അവിടെ ലഭിച്ചത്. എൻ ഡി എയ്ക്ക് യാതൊരു സ്വാധീനവും ഇല്ലെന്ന് കരുതിയ മണ്ഡലത്തിലാണ് കോൺഗ്രസിനേയും സിപിഎമ്മിനേയും ഒരുപോലെ ഞെട്ടിച്ച് ശോഭ മുന്നേറിയത്. ഈ സാഹചര്യത്തിൽ ശോഭ പാലക്കാട് മത്സരിച്ചാൽ വോട്ട് കുത്തനെ ബിജെപിയിലേക്ക് ഒഴുകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.












Click it and Unblock the Notifications