Palakkad Result: പാലക്കാട് അടിച്ചുകയറി രാഹുൽ മാങ്കൂട്ടത്തിൽ; ബിജെപിയെ വിറപ്പിച്ച് നഗരസഭയിൽ അടക്കം മുന്നേറ്റം
പാലക്കാട്; ഉപതിരഞ്ഞെടുപ്പിൽ ലീഡ് പിടിച്ച് യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. 1200 ഓളം വോട്ടുകൾക്കാണ് രാഹുൽ ലീഡ് ചെയ്യുന്നത്. ബി ജെ പിയുടെ കോട്ടയായ നഗരസഭ പരിധിയിലടക്കം വലിയ മുന്നേറ്റമാണ് രാഹുൽ മാങ്കൂട്ടത്തിലിന് കാഴ്ചവെയ്ക്കാൻ സാധിച്ചത്.
നഗരസഭ പരിധിയിലാണ് ആദ്യ റൗണ്ട് വോട്ടെണ്ണിയത്. ഇവിടെ ബി ജെ പിയുടെ സി കൃഷ്ണകുമാറിന് 4867 വോട്ടുകൾ ലഭിച്ചപ്പോൾ യുഡിഎഫ് രണ്ടാം സ്ഥാനത്തായിരുന്നു. 3131 വോട്ടുകളാണ് രാഹുലിന് ഇവിടെ നേടാൻ കഴിഞ്ഞത്. അതായത് ബി ജെ പിക്ക് ഇവിടെ 996 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ടാം റൗണ്ടിലും ബി ജെ പിയായിരുന്നു മുന്നേറിയത്. എന്നാൽ ഇക്കുറി രണ്ടാം റൗണ്ടിലേക്ക് കടന്നപ്പോൾ തന്നെ അപ്രതീക്ഷിത മുന്നേറ്റമാണ് രാഹുൽ കാഴ്ചവെച്ചത്.

യു ഡി എഫിന് 3700 വോട്ടും ബി ജെ പിക്ക് 3488 വോട്ടുമാണ് രണ്ടാം റൗണ്ടിൽ നേടിയത്. മൂന്നാം റൗണ്ടിലേക്ക് വോട്ടെണ്ണൽ കടന്നപ്പോൾ വമ്പൻ കുതിപ്പാണ് രാഹുൽ കാഴ്ചവെച്ചത്. 5517 വോട്ടാണ് രാഹുൽ നേടിയത്. ബി ജെ പി വെറും 3551 വോട്ടുലേക്ക് ഒതുങ്ങി.
ബി ജെ പിയുടെ ശക്തി കേന്ദ്രങ്ങളിൽ അടക്കം രാഹുൽ മുന്നേറുന്ന കാഴ്ചയാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കാണാൻ സാധിക്കുന്നത്. ഈ മുന്നേറ്റം തുടർന്നാൽ അട്ടിമറി വിജയം നേടാൻ രാഹുലിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ഇതിനോടകം തന്നെ യു ഡി എഫ് ക്യാമ്പിൽ ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു. തുടക്കം മുതൽ തന്നെ വലിയ വിജയപ്രതീക്ഷയാണ് യു ഡി എഫ് ക്യാമ്പ് പങ്കുവെച്ചത്. ഷാഫി പറമ്പിലിന്റെ പിൻഗാമിയായി രാഹുൽ എത്തുമെന്നും അട്ടുമറി മുന്നേറ്റം നേടുമെന്നും നേതാക്കൾ ഒരേ സ്വരത്തിൽ പറഞ്ഞു. ആരൊക്കെ വിജയ പ്രതീക്ഷ പുലർത്തിയാലും അവസാന വിജയം പാലക്കാട്ടെ മതേതര മുന്നണിക്കായിരിക്കുമെന്നാണ് ഇന്ന് രാവിലെ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്.
അതേസനയം രാഹുലിന് 12,000 മുതൽ 15,000 വരെ ഭൂരിപക്ഷം നേടാൻ സാധിക്കുമെന്നാണ് വികെ ശ്രീകണ്ഠൻ എംപി പ്രതികരിച്ചത്. കഴിഞ്ഞ തവണ ഷാഫി പറമ്പിലിന് 3800 ഓളം വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു പാലക്കാട് ഉണ്ടായിരുന്നത്.












Click it and Unblock the Notifications