പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ശോഭ സുരേന്ദ്രനോ , കെ സുരേന്ദ്രനോ?;സ്ഥാനാർത്ഥിത്വത്തെ ചൊല്ലി തർക്കം രൂക്ഷം
പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിന് തയ്യാറാക്കുന്നതിനിടെ ബി ജെ പിയിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച തർക്കം മുറുകുന്നു. ബി ജെ പിക്ക് പാലക്കാട് ഇത്തവണ സാഹചര്യം അനുകൂലമാണെന്നും അതിനാൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥിയാകണമെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. അതേസമയം വനിതാ നേതാവ് ശോഭ സുരേന്ദ്രൻ മത്സരിക്കണമെന്നാണ് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നത്.
മത്സരിച്ചയിടങ്ങളിലെല്ലാം വോട്ട് ഉയർത്താൻ ശോഭ സുരേന്ദ്രന് സാധിച്ചിരുന്നു. ഏറ്റവും ഒടുവിൽ മത്സരിച്ച ആലപ്പുഴ ലോക്സഭ മണ്ഡലത്തിലും കോൺഗ്രസിനേയും സി പി എമ്മിനേയും വിറപ്പിച്ച പ്രകടനാണ് ശോഭ സുരേന്ദ്രൻ കാഴ്ചവെച്ചത്. 2.99 ലക്ഷം വോട്ടുകളായിരുന്നു ശോഭയ്ക്ക് നേടാൻ സാധിച്ചത്. അതായത് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥി നേടിയതിനേക്കാൾ ഒരു ലക്ഷത്തിലധികം വോട്ടുകൾ. ഏറ്റവും ഒടുവിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ട് കൂടി പാർട്ടിക്ക് വേണ്ടി വോട്ട് വിഹിതം ഉയർത്തിയത് ശോഭയുടെ പ്രതിച്ഛായ വർധിക്കാൻ കാരണമായിട്ടുണ്ടെന്നാണ് നേതാക്കൾ പറയുന്നത്. ഈ സാഹചര്യത്തിൽ ശോഭ പാലക്കാട് മത്സരിച്ചാൽ സീറ്റ് പിടിക്കാമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ബി ജെ പി നടത്തിയ ആഭ്യന്തര സർവേയിലും ശോഭയ്ക്കാണ് പിന്തുണ കൂടുതൽ. മുതിർന്ന നേതാവും മുൻ ബിജെപി അധ്യക്ഷനുമായിരുന്ന കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലാണ് സർവ്വേ നടത്തിയത്. സർവ്വെ വിവരങ്ങൾ ഉടൻ സംസ്ഥാന ,ദേശീയ നേതൃത്വത്തിന് കൈമാറും.
സംസ്ഥാനത്ത് 2021 ലെ നിയനസഭ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തി. മണ്ഡലമാണ് പാലക്കാട്. അവസാന നിമിഷം വരെ ബിജെപിക്ക് വേണ്ടി മെട്രോ മാൻ ഇ ശ്രീധരനും കോൺഗ്രസ് സ്ഥാനാർത്ഥിയായ ഷാഫി പറമ്പിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. ഒടുവിൽ 3858 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഷാഫി വിജയം സ്വന്തമാക്കുകയായിരുന്നു. ഷാഫിയുടെ അഭാവത്തിൽ ആഞ്ഞിറങ്ങിയാൽ സീറ്റ് പിടിക്കാമെന്ന് ബി ജെ പി വിലയിരുത്തുന്നത്. കെ സുരേന്ദ്രനേയും ശോഭാ സുരേന്ദ്രനേയും കൂടാതെ സി കൃഷ്ണകുമാറിന്റെ പേരും ചർച്ചയാകുന്നുണ്ട്.
അതേസമയം കോൺഗ്രസിലും സിപിഎമ്മിലും സ്ഥാനാർത്ഥി ചർച്ചകൾ കൊഴുക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരിനാണ് കോൺഗ്രസിൽ മുൻതൂക്കം. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥികളെ പരിഗണിച്ചേക്കുമെന്നാണ് സൂചന.












Click it and Unblock the Notifications