പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ബിജെപി അടിച്ചുകയറുമോ അതോ യുഡിഎഫ് നിലനിർത്തുമോ? ഇടത് പ്രതീക്ഷയെന്ത്?
പാലക്കാട് ബിജെപി ഇത്തവണ ചരിത്രം കുറിക്കുമോ? അതോ യുഡിഎഫ് തന്നെ മണ്ഡലം നിലനിർത്തുമോ?. കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് പാലക്കാട്. മണ്ഡലം പിടിക്കാൻ അരയും തലയും മുറുക്കി ബിജെപി ഇറങ്ങിയതോടെ ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ പോരാട്ടം പൊടിപാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
2016 ൽ ഷാഫി പറമ്പിലിനെതിരെ ശോഭാ സുരേന്ദ്രനെയായിരുന്നു ബിജെപി മത്സരിപ്പിച്ചത്. അന്ന് സിപിഎമ്മിനെ മൂന്നാമതാക്കി രണ്ടാം സ്ഥാനം പിടിക്കാൻ ബിജെപിക്ക് സാധിച്ചു. 29.08 ശതമാനം വോട്ടായിരുന്നു അന്ന് ബിജെപിക്ക് മണ്ഡലത്തിൽ ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ മത്സരമാണ് മണ്ഡലത്തിൽ കാഴ്ചവെച്ചത്. ഷാഫിക്കെതിരെ മെട്രോമാൻ ഇ ശ്രീധരനായിരുന്നു മത്സരിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മൂവായിരത്തോളം വോട്ടുകൾക്ക് ഷാഫി മണ്ഡലം നിലനിർത്തി. ഷാഫി പറമ്പിലിന്റെ വ്യക്തിപ്രഭാവമാണ് മണ്ഡലത്തിൽ കോൺഗ്രസിന് അന്ന് തുണയായത്.

ഷാഫിയുടെ അഭാവത്തിൽ ഇക്കുറി മണ്ഡലം പിടിക്കാമെന്ന് തന്നെയാണ് ബിജെപിയിലെ പ്രതീക്ഷ. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ഏറെ നാൾ മുൻപ് തന്നെ ബിജെപി ഇവിടെ പ്രവർത്തനം ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ബിജെപിയിൽ ഇപ്പോൾ വലിയ തർക്കമാണ് ഉടലെടുത്തിരിക്കുന്നത്. ശോഭ സുരേന്ദ്രന്റേയും സി കൃഷ്ണകുമാറിന്റേയും പേരിനെ ചൊല്ലിയാണ് തർക്കം.
മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ട് ഉയർത്തിയ നേതാവായ ശോഭാ സുരേന്ദ്രൻ പാലക്കാട് മത്സരിച്ചാൽ മണ്ഡലം കൂടെ പോരുമെന്നാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ അടക്കമുള്ള ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ശോഭയെ മത്സരിപ്പിക്കുന്നതിനോട് കെ സുരേന്ദ്രൻ വിഭാഗത്തിന് താത്പര്യമില്ല. ബിജെപി ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിനെ പാലക്കാട്ട് മത്സരിപ്പിച്ച് ശോഭയെ വയനാട് മത്സരിപ്പിക്കാമെന്നാണ് സുരേന്ദ്ര പക്ഷം മുന്നോട്ട് വെയ്ക്കുന്നത്. തർക്കം രൂക്ഷമായ സാഹചര്യത്തിൽ പന്ത് ദേശീയ നേൃത്വത്തിന്റെ കോർട്ടിലെത്തിയിരിക്കുകയാണ്.
അതേസമയം കോൺഗ്രസിൽ യുവ നേതാവായ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരിനാണ് മുൻതൂക്കം. യുവാക്കൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള നേതാവ്, ചാനലിൽ പാർട്ടിയുടെ മുഖം, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഈ നിലയ്ക്കെല്ലാം രാഹുലിന് മണ്ഡലത്തിൽ സ്വാധീനം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് മുതിർന്ന നേതാക്കളടക്കം വിലയിരുത്തുന്നത്. എന്നാൽ ജില്ലക്ക് പുറത്തുള്ള നേതാക്കളെ മത്സരിപ്പിക്കേണ്ടെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. അങ്ങനെയെങ്കിൽ മറ്റൊരു യുവ നേതാവായ പി സരിന് നറുക്ക് വീണേക്കും.
ആര് മത്സരിച്ചാലും മണ്ഡലത്തിൽ കോൺഗ്രസിന് കാര്യങ്ങൾ സുരക്ഷിതമാണെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. പാലക്കാട് നഗരസഭ, മാത്തൂർ, പിരിയാരി, കണ്ണാടി പഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് പാലക്കാട് നിയമസഭ മണ്ഡലം. ഇവിടെ പാലക്കാട് നഗരസഭ മാത്രമാണ് ബിജെപിയുടെ കൈകളിൽ ഉള്ളത്. മാത്തൂരും പിരിയാരും യുഡിഫും കണ്ണാടി സിപിഎമ്മുമാണ് ഭരിക്കുന്നത്. മാത്രമല്ല ലോക്സഭ തിരഞ്ഞെടുപ്പിൽ വികെ ശ്രീകണ്ഠൻ എംപിക്ക് കൂറ്റൻ വിജയവും മണ്ഡലത്തിൽ നിന്ന് നേടാൻ സാധിച്ചിട്ടുണ്ട്. 9707 വോട്ടുകളുടെ ലീഡായരുന്നു കോൺഗ്രസിന് ഇവിടെ ലഭിച്ചത്. ഇതെല്ലാം ഗുണം ചെയ്യുമെന്നാണ് നേതൃത്വം പറയുന്നത്.
അതേസമയം സിപിഎമ്മിന്റെ മനസിലെന്തെന്ന് ഇതുവരേയും വ്യക്തമല്ല. ബിജെപിയെ എതിർക്കാൻ കാലാകാലം കോൺഗ്രസിനെ വിജയിപ്പിക്കേണ്ട ബാധ്യത തങ്ങൾക്കില്ലെന്നാണ് സിപിഎം നിലപാട്. സ്ഥാനാർത്ഥി നിർണയ ചർച്ചകൾ നേതൃത്വം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ഡിവൈഎഫ്ഐ നേതാവ് സഫ്ദർ എന്നിവരുടേ പേരുകളാണ് പാർട്ടി പരിഗണിക്കുന്നത്. വിജ്ഞാപനം വന്ന സാഹചര്യത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം എത്രയും വേഗം പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം.












Click it and Unblock the Notifications