പാലക്കാട് 5 ദിവസം നിരോധനാജ്ഞ; സോഷ്യല്‍ മീഡിയ നിരീക്ഷണത്തില്‍, കൊലയുടെ ദൃശ്യം പുറത്ത്
പാലക്കാട്: രണ്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രിവരെയാണ് നിരോധനാജ്ഞ. സാഹചര്യം വിലയിരുത്തിയ ശേഷം തുടര്‍ നടപടി സ്വീകരിക്കും. സംഘര്‍ഷ സാധ്യതയുള്ളതിനാലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുത്. പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, ഘോഷ യാത്രകള്‍ എന്നിവയ്ക്ക് വിലക്കുണ്ട്. വ്യാജ പ്രചാരണങ്ങള്‍ നടത്താന്‍ പാടില്ല. സോഷ്യല്‍ മീഡിയ നിരീക്ഷണം പോലീസ് ശക്തമാക്കി. സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ നടത്തിയാല്‍ നിയമനടപടി സ്വീകരിക്കും. അക്രമങ്ങള്‍ ആഹ്വാനം നല്‍കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി അനില്‍ കാന്ത് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സൈബര്‍ വിങ് മുഴുസമയ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

അതേസമയം, ഇന്ന് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ ആക്രമിക്കാനെത്തിയത് ആറ് പേരാണെന്ന് ബോധ്യമായി. മൂന്ന് ബൈക്കുകളില്‍ ആറ് പേര്‍ വരുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇതില്‍ മൂന്ന് പേരാണ് കടയിലേക്ക് ഓടിക്കയറിയതും വെട്ടിക്കൊലപ്പെടുത്തിയതും. ശേഷം ഇവര്‍ അതിവേഗം ബൈക്കുകളില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. ചിലര്‍ മുഖം മറച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇവരെയും ബൈക്കുകളും തിരിച്ചറിയാനുള്ള ശ്രമം പോലീസ് ശക്തമാക്കി. എസ്പിഡിഐ ബിജെപിയെയും ബിജെപി തിരിച്ചും ആരോപണം ഉന്നയിക്കുകയാണ്. തുടര്‍ച്ചയായ അക്രമങ്ങളുണ്ടാകുന്നതില്‍ കോണ്‍ഗ്രസ് എല്‍ഡിഎഫ് സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനുമെതിരെ രംഗത്തുവരികയും ചെയ്തു.
24 മണിക്കൂറിനിടെ രണ്ടു കൊലപാതകങ്ങള്‍ നടന്നത് പാലക്കാട് ജില്ലയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടത്. ജുമുഅ നിസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്നു. കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം വെട്ടിക്കൊല്ലുകയാണ് ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് നഗരഭാഗത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. സുബൈര്‍ വധത്തിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടി പ്രതീക്ഷിച്ച് പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഈ വേളയിലാണ് ആര്‍എസ്എസ് സ്വാധീന മേഖലയില്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. ഇയാളുടെ കടയില്‍ കയറി വെട്ടുകയായിരുന്നു.
അതേസമയം, രണ്ടു കൊലപാതകങ്ങളും രണ്ടു സംഘങ്ങള്‍ അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ പാലക്കാടെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മലബാര്‍ മേഖലയില്‍ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കാനും തീരുമാനിച്ചു. സുബൈര്‍ വധവുമായി ബന്ധപ്പെട്ട് നാല് പേരെ പിടിച്ചിട്ടുണ്ട്. നേരത്തെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സക്കീറിനെ വെട്ടിയ കേസിലെ പ്രതികളാണിവര്‍ എന്നാണ് സൂചന. ആഴ്ചകള്‍ക്ക് മുമ്പാണ് ഇവര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.












Click it and Unblock the Notifications