ഇ ബുൾജെറ്റ് സഹോദരങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; 3 പേർക്ക് പരിക്ക്
പാലക്കാട്: വ്ലോഗർമാരായ ഇ ബുൾജെറ്റ് സഹോദരങ്ങൾ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. പാലക്കാട് ചെർപ്പുളശ്ശേരി ആലിക്കുളത്തിന് സമീപമാണ് അപകടം. ചെറിയ കുട്ടി ഉൾപ്പെടെ 6 പേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല. ഇവരെ പെരുന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം.
ഇ ബുൾ ജെറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തരായ എബിനും ലിബിനും സഞ്ചരിച്ച കാർ ചെർപ്പുളശ്ശേരിയിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്നു. എതിർദിശയിൽ നിന്ന് വന്ന കാറുമായാണ് ഇവരുടെ വാഹനം കൂട്ടിയിടിച്ചത്. നേരത്തെ ഇവരുടെ വാഹനം രൂപം മാറ്റം വരുത്തിയതും മോട്ടോർ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തതും തുടർന്ന് ഉണ്ടായ വിവാദങ്ങളൊക്കെ വാർത്തയായിരുന്നു.

ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ടെംപോ ട്രാവലർ രൂപ മാറ്റം വരുത്തി കാരവാനക്കിയായിരുന്നു ഇവരുടെ യാത്ര. വാൻ ലൈഫ് ട്രാവൽ വ്ലോഗർമാരായ ഇവർ ചുരിങ്ങിയ കാലം കൊണ്ടാണ് ലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയത്. വീഡിയോകൾക്ക് ലക്ഷക്കണക്കിന് വ്യൂസ് ലഭിക്കാറുമുണ്ട്.












Click it and Unblock the Notifications