പാലക്കാട് കോഴിക്കൂട്ടില്‍ പുലി കുടുങ്ങി, ആറ് മണിക്കൂര്‍ വലയില്‍... ഒടുവില്‍ ചത്തു
പുലര്‍ച്ചെ ഒരുമണിയോടെ ശബ്ദം കേട്ടെത്തിയ വീട്ടുകാരനാണ് പുലിയെ ആദ്യം കണ്ടത്

പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ വീട്ടിലെ കോഴിക്കൂട്ടില്‍ പുലി കുടുങ്ങി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ആണ് ഫിലിപ്പ് എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടില്‍ പുലി കുടുങ്ങിയത്. ആറ് മണിക്കൂറിലേറെ വലയില്‍ കുടുങ്ങി കിടന്ന പുലി രാവിലെയോടെ ചത്തു.
അര്‍ധരാത്രി ഉറക്കത്തിനിടെ കോഴിക്കൂട്ടില്‍ നിന്നുള്ള ശബ്ദവും കോഴികളുടെ കരച്ചിലും കേട്ടാണ് ഫിലിപ്പ് ഉണര്‍ന്നത്. പിന്നീട് കോഴിക്കൂട്ടില്‍ പരിശോധിക്കാനായി എത്തിയപ്പോള്‍ കോഴികളെ ഏതോ ജീവി അടിച്ചുകൊല്ലുകയാണ് എന്ന് മനസിലാക്കി. ഇതോടെ ഫിലിപ്പ് കൂട്ടില്‍ ശബ്ദമുണ്ടാക്കി കൊണ്ട് അടിച്ചു.
ഈ സമയം പുലി ഫിലിപ്പിന് നേരെ ചാടി വീഴുകയായിരുന്നു. ഇതിനിടെയാണ് പുലി വലയില്‍ കുടുങ്ങിയത് എന്നാണ് നിഗമനം. ഇതിനിടെ ഭയന്ന ഫിലിപ്പ് അകത്ത് കയറി വാതില്‍ അടക്കുകയായിരുന്നു. കോഴിക്കൂട് ഏത് സമയത്തും പൊട്ടിപ്പോകാം എന്നുള്ളതിനാല്‍ ഫിലിപ്പ് ഉടന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ സംഭവം അറിയിച്ചു.

ഇതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. പുലി അക്രമാസക്തനായതിനാല്‍ മയക്കുവെടി വെക്കാനായിരുന്നു തീരുമാനം. ഇതിനായി ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം മണ്ണാര്‍ക്കാട്ടേക്ക് തിരിക്കുകയും 9 മണിക്ക് മയക്കുവെടി വെക്കാനും തീരുമാനിച്ചിരുന്നതാണ്.
ഇതിനിടെ ആണ് പുലി ചത്തത്. പുലിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. വലയില്‍ കുടുങ്ങിയപ്പോള്‍ രക്ഷപ്പെടാനുള്ള ശ്രമത്തില്‍ സംഭവിച്ച മുറിവാകാം ഇത് എന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ പരിശോധന നടത്താനായി പുലിയുടെ ജഡം മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസില്‍ എത്തിച്ചിരിക്കുകയാണ്.












Click it and Unblock the Notifications