യൂത്ത് ഒളിമ്പിക്സ് 400 മീറ്റർ ഹഡിൽസിൽ പാലക്കാട്ടുകാരിയും; വിഷ്ണുപ്രിയയ്ക്ക് ജന്മനാടിന്റെ വരവേൽപ്പ്
പാലക്കാട്: അർജന്റീനയിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്സിൽ 400 മീറ്റർ ഹഡിൽസിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിഷ്ണുപ്രിയയ്ക്ക് ജില്ലയിൽ വൻ വരവേൽപ്പ്. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണത്തിൽ ജനപ്രതിനിധികളും വിഷ്ണുപ്രിയയുടെ നാട്ടുകാരും പങ്കാളികളായി.
എല്ലാ നേട്ടങ്ങൾക്കും എന്റെ നാടിനും നാട്ടുകാർക്കും നന്ദി. നേട്ടങ്ങൾ നാടിനു സമർപ്പിക്കുന്നുവെന്ന് വിഷ്ണുപ്രിയ പറഞ്ഞു. വിഷ്ണുപ്രിയ അഭിമാനനേട്ടമാണ് കരസ്ഥമാക്കിയതെന്ന് സ്വീകരണത്തിന് നേതൃത്വം നൽകിയ എംബി രാജേഷ് എംപി പറഞ്ഞു. കായികലോകത്ത് പാലക്കാടിന്റെ വസന്തമാണ് വിടർന്നത്. പാലക്കാടിന്റെ കായികതാരങ്ങൾ കായികലോകത്തിന്റെ നെറുകയിലേക്കാണ് പാലക്കാടിനെ ഉയർത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും എലപ്പുള്ളി പഞ്ചായത്തിന്റെയും എലപ്പുള്ളി പൗരാവലിയുടെയും നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. ബാങ്കോക്കിൽ നടന്ന ട്രയൽസിൽ പങ്കെടുത്ത വിഷ്ണുപ്രിയ വെള്ളിമെഡൽ സ്വന്തമാക്കിയാണ് ഒക്ടോബറിൽ അർജന്റീനയിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയത്.
'ഇന്ത്യയുടെ ജേഴ്സിയണിയുക എന്ന സ്വപ്നമാണ് യാഥാർഥ്യമായത്, ഏറെ സന്തോഷമുണ്ട്'. പിന്തുണ നൽകിയ എംപിയോട് വിഷ്ണുപ്രിയ നന്ദി പറഞ്ഞു. 56 രാജ്യങ്ങളിൽനിന്നുള്ള കായികപ്രതിഭകളെ പിന്തള്ളിയാണ് വെള്ളിമെഡൽ നേടിയത്. 400 മീറ്റർ ഹഡിൽസ് മുൻ അന്തർദേശീയതാരം സി ഹരിദാസിന്റെ കീഴിൽ പാലക്കാട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിലായിരുന്നു പരിശീലനം. പരിശീലകനോടും ഏറെ കടപ്പാടുണ്ടെന്ന് വിഷ്ണുപ്രിയ കൂട്ടിച്ചേർത്തു.
പാലക്കാട് മോയൻ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിനിയാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്ന് ഏറെ കഷ്ടപ്പാടുകൾ മറികടന്നാണ് കളിക്കളത്തിലെ നേട്ടങ്ങൾ സ്വന്തമാക്കിയത്. വിഷ്ണുപ്രിയക്ക് ബാങ്കോക്കിലേക്ക് പോകുന്നതിന് ഡിവൈഎഫ്ഐ സഹായധനം നൽകിയിരുന്നു.
2017ൽ യൂത്ത് നാഷണലിലും 2018ൽ ജൂനിയർ ഫെഡറേഷനിലും അമച്വർ നാഷണലിലും സ്കൂൾ നാഷണലിലും 400 മീറ്റർ ഹഡിൽസിലും സംസ്ഥാന യൂത്ത് മീറ്റിലും സ്വർണമെഡൽ നേടിയിരുന്നു. 21ന് നടക്കുന്ന ദേശീയ യൂത്ത് മീറ്റിലും പങ്കെടുക്കുന്നുണ്ട് പാലക്കാടിന്റെ ഇൗ കായികതാരം.
സിപിഐ എം എലപ്പുള്ളി ഇൗസ്റ്റ് ലോക്കൽ കമ്മിറ്റിയംഗമായ ജയപ്രകാശന്റെയും ഗിരിജയുടെയും മകളാണ്. മുതിരംപള്ളത്ത് ഇൻഡ്സിൽ കമ്പനിയിൽ തൊഴിലാളിയാണ് ജയപ്രകാശൻ.
കെ വി വിജയദാസ് എംഎൽഎ, സിപിഐഎം പുതുശേരി ഏരിയ സെക്രട്ടറി എസ് സുഭാഷ്ചന്ദ്രബോസ്, എസ് സുഭാഷ്, ജെ മഹേഷ്, പി സി ബിജു, കെ ഹരിദാസ്, കെ വാസു, പഞ്ചായത്ത് പ്രസിഡന്റ് എ തങ്കമണി, വൈസ് പ്രസിഡന്റ് രാജകുമാരി, എലപ്പുള്ളി സർവീസ് സഹ. ബാങ്ക് പ്രസിഡന്റ് ചൈതന്യകൃഷ്ണൻ എന്നിവരും വിഷ്ണുപ്രിയയെ സ്വീകരിക്കാനെത്തിയിരുന്നു. ഇനി അർജന്റീനയ്ക്കുള്ള യാത്രയുടെ ഒരുക്കത്തിലാണ് ഇനിയുള്ള നാളുകളെന്ന് വിഷ്ണുപ്രിയ പറഞ്ഞു.