ഒടിപി നമ്പർ ചോർത്തി പണം തട്ടിപ്പ്, ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ... സംഭവം പാലക്കാട്!
പാലക്കാട്: ബാങ്ക് ഉദ്യോഗസ്ഥർ ആണെന്ന വ്യാജേന ഫോണിൽ വിളിച്ച് ബാങ്ക് അക്കൗണ്ട് രഹസ്യ വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. ജാർഖണ്ഡ്, ധൻബാദ് ജില്ലയിലെ ബിരാജ് പൂർ സ്വദേശിയായ മഹാദേവ മഹാത (30) നെയാണ് ഒടി പി തട്ടിപ്പ് കേസ്സ് അന്വേഷിക്കുന്നതിന് രൂപീകരിച്ച സ്പെഷ്യൽ ടീം ചെന്നൈയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
കൊല്ലം സ്വദേശിയും, പാലക്കാട് ടൗണിലെ സ്കൂൾ അധ്യാപികയുമായ പരാതിക്കാരിയെ കഴിഞ്ഞ ജൂൺ മാസം ആറാം തിയ്യതി എസ്ബിഐ ഹെസ് ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് ഫോണിൽ വിളിച്ച് നിങ്ങളുടെ എടിഎം കാർഡിന്റെ കാലാവധി കഴിയാൻ പോവുകയാണെന്നും, പുതുക്കുന്നതിന് എ ടി എം കാർഡിന്റെ രഹസ്യ വിവരങ്ങൾ ആവശ്യപ്പെടുകയും, തുടർന്ന് ഫോണിലേ വന്ന OTP [ One Time Password] സന്ദേശത്തിന്റെ നമ്പർ ചോദിച്ചറിയുകയും ചെയ്തു.

വിവരങ്ങൾ കൈമാറി അൽപസമയം കഴിഞ്ഞതും പരാതിക്കാരിയുടെ അക്കൗണ്ടിൽ നിന്നും 25000 രൂപ പിൻവലിച്ചു കഴിഞ്ഞതായി മെസ്സേജ് വന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം മനസ്സിലായത്. തുടർന്ന് പാലക്കാട് ടൗൺ നോർത്ത് പോലീസിൽ പരാതി നൽകി കേസ്സ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ജില്ലയിലെ മറ്റ് പോലീസ് സ്റ്റേഷനുകളിലും സമാന രീതിയിൽ രജിസ്റ്റർ ചെയ്ത കേസ്സുകൾ അന്വേഷിക്കുന്നതിന് പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ നിർദ്ദേശത്തെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപവൽകരിക്കുകയായിരുന്നു.
പരാതിക്കാരിയുടെ ഫോണിലേക്ക് വന്ന നമ്പരും, പണം നിക്ഷേപിക്കപ്പെട്ട ബാങ്ക് അക്കൗണ്ട് നമ്പരും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇതിനു പിന്നിൽ ജാർഖണ്ഡ്, ബീഹാർ, ജമ്മു കശ്മീർ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള വൻ ലോബിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് മാവോയിസ്റ്റ്, തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. ഒരു മാസത്തോളം നീണ്ട നിരീക്ഷണത്തിലാണ് പ്രതി മഹാതോ യെ സൈബർ സെല്ലിന്റെ സഹായത്തോടെ ചെന്നൈയിൽ നിന്നും കസ്റ്റഡിയിലെടുക്കാനായത്, മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി പോലീസ് സംഘം ബീഹാറിലേക്ക് ഉടൻ പുറപ്പെടും. പ്രതിയെ ഇന്ന് പാലക്കാട് കോടതിയിൽ ഹാജരാക്കും.
പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ടൗൺ നോർത്ത് എസ് ഐ . ആർ.രഞ്ജിത്ത്, മലമ്പുഴ എസ് ഐ. എസ്. ഷമീർ, വനിതാ എസ് സി പി ഒ അമ്പിളി, ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ. നന്ദകുമാർ, ആർ. കിഷോർ, എം..സുനിൽ, കെ.. അഹമ്മദ് കബീർ, ആർ.. വിനീഷ്, ആർ. രാജീദ്, സൈബർ സെൽ ഉദ്യോഗസ്ഥരായ ബി. വിനീത് കുമാർ, ഡി. ഷബീബ് റഹ്മാൻ, പി. വിനു എന്നിവരടങ്ങിയ സംഘമാണ് കേസ്സ ന്വേഷണം നടത്തിയത്.












Click it and Unblock the Notifications