മധുവിന്റെ കൊലപാതകം: മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് അടുത്തയാഴ്ച
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് ചിണ്ടക്കി ഊരില്‍ മധു(30)വിനെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം അവസാന ഘട്ടത്തില്‍. അടുത്തയാഴ്ച അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ മജിസ്‌ട്രേറ്റായ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നാണ് വിവരം. പ്രഥമ വിവര റിപ്പോര്‍ട്ട്, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, മൃതദേഹ പരിശോധന റിപ്പോര്‍ട്ട് എന്നിവയുടെ പരിശോധനയാണ് ഇനി ശേഷിക്കുന്നത്. ഒറ്റപ്പാലം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കൂടിയായ സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്ജാണ് അന്വേഷണം നടത്തുന്നത്.
കേസില്‍ പോലീസ് അന്വേഷണം അഗളി ഡിവൈ.എസ്.പിയായിരുന്ന ടി.കെ.സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് 88 ദിവസം പൂര്‍ത്തിയാകുമ്പോള്‍ 16 പ്രതികള്‍ക്കെതിരെയും മണ്ണാര്‍ക്കാട് എസ്.സി,എസ്.ടി പ്രത്യേക കോടതിയില്‍ കുറ്റപത്രവും പോലീസ് സമര്‍പ്പിച്ചു. പ്രതികളെല്ലാവരും നിലവില്‍ ഉപാധികളോടെ ജാമ്യത്തില്‍ ഇറങ്ങിയിരിക്കയാണ്.

സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായുള്ള മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. അഗളി പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്.ഐ പ്രസാദ് വര്‍ക്കിയുടെ മൊഴിയും രേഖപ്പെടുത്തിയതോടെയാണ് മൊഴിയെടുപ്പ് പൂര്‍ത്തിയായത്. ആള്‍ക്കൂട്ടത്തില്‍ നിന്ന് മര്‍ദ്ദനമേറ്റ മധുവിനെ അഡീഷണല്‍ എസ്.ഐ പ്രസാദ് വര്‍ക്കിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ മാസം 27ന് മധുവിന്റെ സഹോദരി ചന്ദ്രികയുടെ ഭര്‍ത്താവ് മുരുകന്റെയും മധുവിനെ പരിശോധിച്ച അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ.ലീമ ഫ്രാന്‍സിസിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 22 നാണ് ആഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരുസംഘം ആളുകള്‍ വനത്തില്‍ കഴിയുകയായിരുന്ന മധുവിനെ പിടികൂടി നാട്ടിലെത്തിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയത്.
സംഭവത്തില്‍ ഉള്‍പ്പെട്ട 16 പേരെയും 24 നു തന്നെ പോലീസ് പിടികൂടിയിരുന്നു. പ്രതികള്‍ക്കെതിരെ പോലീസ് കൊലക്കുറ്റവും പട്ടികവര്‍ഗത്തിനുനേരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകളുമാണ് കുറ്റപത്രത്തില്‍ പ്രധാനമായും ചുമത്തിയിട്ടുള്ളത്. 6850 പേജുള്ള കുറ്റപത്രത്തില്‍ 119 സാക്ഷിമൊഴികളുണ്ട്. 112 മുതലുകളും അന്വേഷണ സംഘം ഹാജരാക്കിയിട്ടുണ്ട്.












Click it and Unblock the Notifications