അഭിമന്യൂ വധം: എസ്ഡിപിഐ ഓഫിസുകളിൽ വ്യാപക പരിശോധനകളുമായി പോലീസ്, കേരളമൊട്ടാകെ പരിശോധന!
പാലക്കാട‌്: എസ്ഡിപിഐ ഓഫിസുകളിൽ വ്യാപക പരിശോധനകളുമായി പൊലീസ്. ജില്ലാ ഓഫിസുകളിലും നേതാക്കൻമാരുടെ വീടുകളിലും വ്യാപക പരിശോധനകളാണ് നടക്കുന്നത്. എറണാകുളം മഹാരാജാസ‌് കോളേജ‌് വിദ്യാർഥിയും എസ‌്എഫ‌്ഐ പ്രവർത്തകനുമായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് എസ‌്ഡിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊലീസ‌് റെയ‌്ഡ‌് നടത്തിയത്.
ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന‌് രേഖകളും മിനുട്ട്സ് ബുക്കും സർക്കുലറുകളും പോലീസ‌് ശേഖരിച്ചു. ജില്ലാ നേതാക്കളുടെയും മറ്റു ഭാരവാഹികളുടെയും ഫോൺനമ്പറുകളും വിവരങ്ങളും ശേഖരിച്ചിട്ടുണ്ട‌്. ക്രിമിനൽ കേസുകളിലുൾപ്പെട്ട എസ‌്ഡിപിഐ നേതാക്കളുടെയും പ്രവർത്തകരുടെയും വിവരങ്ങൾ ലഭിക്കുന്നതിനാണിതെന്ന‌് റെയ‌്ഡിന‌് നേതൃത്വം നൽകിയ പാലക്കാട‌് ഡിവൈഎസ‌്പി ജിഡി വിജയകുമാർ പറഞ്ഞു.

മുനിസിപ്പൽ ബസ‌്സ‌്റ്റാൻഡിന‌് സമീപം പള്ളിക്കുന്നത്ത‌് ബിൽഡിങ്ങിലാണ‌് എസ‌്ഡിപിഐ ജില്ലാ കമ്മിറ്റി ഓഫീസ‌് പ്രവർത്തിക്കുന്നത‌്. ഞായറാഴ‌്ച പകൽ 12.30ഓടെയാണ‌് പൊലീസ‌് റെയ‌്ഡിനെത്തിയത‌്. നാല‌് സിഐമാരും മൂന്ന‌് എസ‌്ഐമാരും റെയ‌്ഡിനുണ്ടായിരുന്നു. പ്രധാന നേതാക്കളാരും ഓഫീസിലുണ്ടായിരുന്നില്ല. സംശയകരമായ ഒന്നും കണ്ടെടുക്കാനായില്ലെന്ന‌് ഡിവൈഎസ‌്പി പറഞ്ഞു. പരിശോധനകൾ തുടരുമെന്നും എസ്ഡിപിഐ നേതാക്കൾ നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു.'ബാബറിമസ‌്ജിദ‌് പുനർനിർമാണം നടത്തുക’, 'രാഷ‌്ട്രപുനർ നിർമാണത്തിന‌്’ തുടങ്ങിയവ അച്ചടിച്ച എസ‌്ഡിപിഐ കലണ്ടറും ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട‌്. എസ‌്ഡിപിഐയുടെ പേരിലാണ‌് കലണ്ടർ . സംസ്ഥാന വ്യാപകമായി പൊലീസ‌് റെയ‌്ഡ‌് നടക്കുന്നതിനാൽ പലതും ഓഫീസിൽ നിന്നും മാറ്റിയിട്ടുണ്ടാകുമെന്ന‌് സംശയിക്കുന്നു. ഹേമാംബിക സിഐ പ്രേമാനന്ദകൃഷ‌്ണൻ, കസബ സിഐ ഗംഗാധരൻ, ചിറ്റൂർ സിഐ ഹംസ, മലമ്പുഴ സിഐ ബോബിൻ മാത്യു, പാലക്കാട‌് നോർത്ത‌് എസ‌്ഐ ഷെമീർ, കൊഴിഞ്ഞാമ്പാറ എസ‌്ഐ മിഥുൻ, കോങ്ങാട‌് എസ‌്ഐ ഹരീഷ‌് എന്നിവരും വനിതാ പൊലീസും സംഘത്തിലുണ്ടായിരുന്നു.
പാലക്കാട‌് നഗരത്തിൽ അനുമതിയില്ലാതെ പ്രകടനം നടത്തിയ സംഭവത്തിൽ എട്ട‌് എസ‌്ഡിപിഐ പ്രവർത്തകർ ശനിയാഴ‌്ച അറസ‌്റ്റിലായിരുന്നു. കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേർക്കെതിരെ കേസെടുത്തു. നേതാക്കളും പ്രവർത്തകരും നിരീക്ഷണത്തിലാണ‌്. കൂടാതെ ഒറ്റപ്പാലം, പട്ടാമ്പി ഓഫിസുകളിലും പരിശോധന നടന്നു. പട്ടാമ്പിയിൽ പ്രകടനം നടത്തിയവർക്കെതിരെയും കേസെടുത്തു.












Click it and Unblock the Notifications