കളിച്ചത് യുഡിഎഫ്; മുന്നില്‍ നിന്നത് സ്വതന്ത്രര്‍... മുതലമട പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടം
രണ്ട് സ്വതന്ത്രരില്‍ ഒരാള്‍ പഞ്ചായത്ത് പ്രസിഡന്റും മറ്റൊരാള്‍ വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടു

പാലക്കാട്: മുതലമട പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായി. യുഡിഎഫ് അംഗങ്ങളും സ്വതന്ത്രരും ബിജെപി പ്രതിനിധിയും ഒന്നിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് വോട്ടെടുപ്പില്‍ സിപിഎം അംഗം തോറ്റു. ഇതുവരെ സ്വതന്ത്രരായിരുന്ന പി കല്‍പ്പന ദേവി പ്രസിഡന്റും താജുദ്ദീന്‍ വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടു. സിപിഎം പ്രതിനിധിയായി നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള താജുദ്ദിന്‍ ഏറ്റവും ഒടുവില്‍ സ്വതന്ത്രനായിട്ടാണ് മല്‍സരിച്ചതും ജയിച്ചതും. മുന്‍ പ്രസിഡന്റും സിപിഎം പ്രതിനിധിയുമായ ബേബി സുധയെ ആണ് കല്‍പ്പന ദേവി പരാജയപ്പെടുത്തിയത്.
20 അംഗങ്ങളാണ് മുതലമട പഞ്ചായത്തിലുള്ളത്. സിപിഎം അംഗം സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവച്ചിരുന്നു. ബാക്കി സിപിഎമ്മിന് എട്ട് അംഗങ്ങളാണുള്ളത്. മറുഭാഗത്ത് യുഡിഎഫിന് ആറ് അംഗങ്ങളുണ്ട്. രണ്ട് സ്വതന്ത്രരും മൂന്ന് ബിജെപി പ്രതിനിധികളും സിപിഎം വിരുദ്ധ ചേരിയിലാണ്. തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനായിരുന്നു ബിജെപി വിപ്പ് നല്‍കിയത്. രണ്ട് ബിജെപി അംഗങ്ങള്‍ ഇത് പാലിച്ചു. എന്നാല്‍ പാര്‍ട്ടിയില്‍ പ്രാഥമിക അംഗത്വമില്ലാത്ത സി രാധ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ വോട്ട് രേഖപ്പെടുത്തി. ഇതോടെയാണ് സിപിഎം തോറ്റത്.
ഈ മാസം നാലിനാണ് സിപിഎം ഭരണത്തിനെതിരെ സ്വതന്ത്ര അംഗങ്ങള്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നതും സിപിഎം ഭരണം വീണതും. ഇന്നായിരുന്നു പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ്. ഒരു വര്‍ഷം മുമ്പ് സമാനമായ രീതിയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു എങ്കിലും ക്വാറം തികയാത്തത് കാരണം ചര്‍ച്ചയ്ക്ക് എടുത്തില്ല. എന്നാല്‍ ഇത്തവണ കൃതമായ കണക്കുകൂട്ടലോടെയായിരുന്നു പ്രതിപക്ഷം.
ജോലി ലഭിച്ചതിനെ തുടര്‍ന്ന് സിപിഎം അംഗം എന്‍വൈ അബ്ദുല്‍ റഹ്മാന്‍ അടുത്തിടെ രാജിവച്ചിരുന്നു. ഇതോടെ ഭരണകക്ഷിയുടെ അംഗബലം കുറഞ്ഞു. ഈ അവസരമാണ് പ്രതിപക്ഷം ഉപയോഗപ്പെടുത്തിയത്. 11-8 എന്ന നിലയിലാണ് പ്രമേയം പാസായത്. സിപിഎം അംഗം രാജിവച്ച വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഇത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.












Click it and Unblock the Notifications