കോരയാര്‍ പുഴയില്‍ വടിവാളുകള്‍; സുബൈര്‍ വധത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി
പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ വധിക്കാന്‍ പ്രതികള്‍ ഉപയോഗിച്ചു എന്ന് കരുതുന്ന ആയുധങ്ങള്‍ കണ്ടെത്തി. കോരയാര്‍ പുഴയില്‍ നടത്തിയ തെളിവെടുപ്പിനിടെയാണ് നാല് വടിവാളുകള്‍ കണ്ടെത്തിയത്. മൂന്ന് പേരെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരായ രമേശ്, അറുമുഖം, ശരവണന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുമായിട്ടാണ് കോരയാര്‍ പുഴയില്‍ തെളിവെടുപ്പ് നടത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് സുബൈറിനെ കൊലപ്പെടുത്തിയ സംഘം കാറില്‍ അതിവേഗം കുതിക്കുകയും കോരയാര്‍ പുഴയുടെ ആളില്ലാത്ത ഭാഗത്ത് ആയുധങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. ഒരു മണിക്കൂറോളം ഇവിടെ തെളിവെടുപ്പ് നടന്നു. ശേഷം പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലത്തേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയി.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ മൂന്ന് പ്രതികളെ പോലീസ് പിടികൂടിയത്. ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സുബൈറിനെ വധിക്കാന്‍ പ്രതികള്‍ നേരത്തെ രണ്ടു തവണ ശ്രമിച്ചിരുന്നു. എന്നാല്‍ പോലീസ് സാന്നിധ്യമുണ്ടായതിനാല്‍ അന്ന് നടത്താന്‍ സാധിച്ചില്ലെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന സഞ്ജിത് വധത്തിന് പ്രതികാരമായിട്ടാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു.
തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സുബൈര്‍ ആണെന്ന് സഞ്ജിത് പ്രതി രമേശിനോട് പറഞ്ഞിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കും. പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. അപ്പോഴാണ് ആര്‍ക്കൊക്കെ സംഭവത്തില്‍ ബന്ധമുണ്ട് എന്ന് പറയാന്‍ സാധിക്കുക എന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു. ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞുവെന്നും എഡിജിപി പ്രതികരിച്ചു.
ഈ മാസം 29ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തുന്നുണ്ട്. ഈ വേളയില്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അദ്ദേഹത്തെ ബോധിപ്പിക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. അമിത് ഷാ വന്ന ശേഷം കേന്ദ്ര അന്വേഷണ ഏജന്‍സി അന്വേഷിക്കണമോ എന്ന കാര്യം തീരുമാനിക്കുമെന്ന് നടന്‍ സുരേഷ് ഗോപിയും പറഞ്ഞു.
അതേസമയം, പാലക്കാട് നടന്ന കൊലപാതകങ്ങള്‍ ആസൂത്രിതമാണ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. സംസ്ഥാനത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കലാപകാരികളെ അടിച്ചമര്‍ത്തും. ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ശ്രമം. സാഹൗര്‍ദം തകര്‍ക്കുകയാണ് ലക്ഷ്യം. ആലപ്പുഴയിലും നേരത്തെ ഈ ശ്രമം നടന്നു. ക്രിമിനല്‍ സംഘങ്ങളെ വളര്‍ത്തിയെക്കുകയാണ് ഇരുവിഭാഗവും. മതത്തെ ഉപയോഗിച്ചാണ് ഇവര്‍ വളരുന്നത്. യഥാര്‍ഥ വിശ്വാസികള്‍ ഇവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications