പിറകിലെ ആന ചിന്നം വിളിച്ചു, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞു; പാപ്പാന് ഗുരുതര പരിക്ക്
കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് ഒരു വിഭാഗം ആളുകള്‍ ആവശ്യപ്പെട്ടിരുന്നു

പാലക്കാട്: പാലക്കാട് പാടൂര്‍ വേലക്കിടെ ആനയിടഞ്ഞു. വേലക്ക് തിടമ്പേറ്റിയ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇടഞ്ഞത്. എഴുന്നള്ളത്തിന് ആനപന്തലില്‍ അണിനിരന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പിന്നില്‍ നിന്ന ആനയുടെ ചിന്നം വിളിയെ തുടര്‍ന്ന് പരിഭ്രാന്തനാകുകയായിരുന്നു.
ഉടന്‍ തന്നെ എലിഫന്റ് സ്‌ക്വാഡും പാപ്പാന്മാരും ചേര്‍ന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തളക്കുകയായിരുന്നു. അതേസമയം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ മുന്നോട്ട് ഓടുന്നതിനിടെ ഒന്നാം പാപ്പന് പരിക്കേറ്റു. നെന്മാറ കരിമ്പാറ സ്വദേശി രാമന് (63) ആണ് പരിക്കേറ്റത്. ഒാടുന്നതിനിടെ ആനക്കിടയില്‍പ്പെട്ടാണ് രാമന് പരിക്കേറ്റത്.
രാമന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. രാമനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റൊരാളേയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടാതെ പാടൂര്‍ തെക്കേകളം രാധിക, അനന്യ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഇവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. താലൂക്ക് ആശുപത്രിയില്‍ മൂന്ന് പേര്‍ ചികിത്സയിലുള്ളതായാണ് വിവരം. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. പകല്‍ നടന്ന എഴുന്നള്ളത്തിന് ശേഷം ആനകളെ പന്തലില്‍ നിന്ന് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം.

പരിഭ്രാന്തനായി മുന്നോട്ടോടിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ അടുത്തുള്ള വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്നു. ആനയെ തളച്ച് പിന്നീട് തൃശൂരിലേക്ക് കൊണ്ടുപോയി. അതേസമയം ഉത്സവ ചടങ്ങുകള്‍ക്ക് തടസ്സമുണ്ടായിട്ടില്ല എന്ന് ഭാരവാഹികള്‍ അറിയിച്ചു.
നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതില്‍ നിരവധി തവണ വിലക്കേര്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍ തലയെടുപ്പുള്ള ആനകളില്‍ മുന്‍പന്തിയിലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. അതിനാല്‍ തന്നെ ആരാധകരും ഏറെയാണ്.
2019 ഫെബ്രുവരിയില്‍ ഗുരുവായൂരില്‍ ഗൃഹപ്രവേശത്തിനെത്തിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഇടഞ്ഞോടിയിരുന്നു. പിന്നാലെ രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയത്. പിന്നീട് ഉപാധികളോടെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിയിരുന്നു.












Click it and Unblock the Notifications