പോലീസുകാര്‍ക്ക് ഷോക്കേറ്റത് പന്നിക്കെണിയില്‍ നിന്ന്; ഒരാള്‍ അറസ്റ്റില്‍; സംഭവം ഇങ്ങനെ
പാലക്കാട്: മുട്ടിക്കുളങ്ങര കെ.എ.പി-രണ്ട് ബറ്റാലിയന്‍ ക്യാമ്പിലെ രണ്ടു പോലീസുകാരെ വയലില്‍ ദുരൂഹസാഹചര്യത്തില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
മുട്ടിക്കുളങ്ങര സ്വദേശി സുരേഷിനെയാണ് അറസ്റ്റ് ചെയ്തത്. കാട്ടുപന്നിയെ വൈദ്യുതി കെണിവെച്ച് പിടച്ചതിന് വനംവകുപ്പ് കേസുകളില്‍ പ്രതിയാണ് സുരേഷ്. ബോധപൂര്‍വമായ നരഹത്യ, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കാട്ടുപന്നിയെ പിടിക്കാന്‍ വീട്ടില്‍ സ്ഥാപിച്ച വൈദ്യുതി കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് പോലീസുകാര്‍ കൊല്ലപ്പെട്ടതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ടെന്ന് പാലക്കാട് എസ്പി ആര്‍ വിശ്വനാഥ് പറഞ്ഞു. മതിലിനോട് ചേര്‍ന്ന് സ്ഥാപിച്ച കെണിയില്‍ രാത്രി 10 മണിയോടെ വൈദ്യുതി കണക്ഷന്‍ നല്‍കിയ ശേഷം സുരേഷ് ഉറങ്ങാന്‍ പോയി. പിന്നീട് നോക്കിയപ്പോഴാണ് പോലീസുകാര്‍ ഷോക്കേറ്റ് മരിച്ചു കിടക്കുന്നത് കണ്ടത്. ഇതിന് പിന്നാസെ മൃതദേഹവും കൈവണ്ടിയില്‍ കയറ്റി പാടത്ത് കൊണ്ടുപോയിട്ടെന്നും ഇയാള്‍ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് പോലീസുകാരുടെ മരണം പുറത്തുവനന്ത്. ഹവില്‍ദാര്‍മാരായ തരൂര്‍ അത്തിപ്പൊറ്റ കുണ്ടുപറമ്പ് വീട്ടില്‍ പരേതനായ കെ.സി. മാങ്ങോടന്റെ മകന്‍ മോഹന്‍ദാസ് , എലവഞ്ചേരി കുമ്പളക്കോട് ചെട്ടിത്തറവീട്ടില്‍ മാരിമുത്തുവിന്റെ മകന്‍ അശോക് കുമാര്‍ എന്നിവരാണ് മരിച്ചത്. ക്യാമ്പിന് പിറകുവശത്തെ വയലില്‍ മരിച്ചനിലയിലായിരുന്നു ഇവരെ കണ്ടത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ തന്നെ കണ്ടെത്തിയത്.
ക്യാമ്പിന്റെ പിറകുവശത്തെ ചുറ്റുമതിലിന് പുറത്ത് ഏകദേശം 200 മീറ്റര്‍ അകലെയായിരുന്നു മൃതദേഹങ്ങള്‍ കിടന്നിരുന്ന വയല്‍. 60 മീറ്ററോളം അകലത്തിലായിരുന്നു രണ്ട് മൃതദേഹങ്ങളും. വരമ്പിനോട് ചേര്‍ന്നായിരുന്നു മൃതദേഹങ്ങള്‍ കൊണ്ടിട്ടിരുന്നത്. ഇരുവരുടെയും കൈയില്‍ ഉള്‍പ്പെടെ പൊള്ളലേറ്റ് തൊലി ഉരിഞ്ഞ നിലയിലുള്ള പാടുകളുണ്ട്. ഇരുവരെയും ബുധനാഴ്ച രാത്രി ഒമ്പതര മുതല്‍ കാണാനില്ലായിരുന്നു. വ്യാഴാഴ്ച രാവിലെ പോലീസും ക്യാമ്പിലെ സേനാംഗങ്ങളും നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.












Click it and Unblock the Notifications