വധൂവരന്‍മാരുടെ തല മുട്ടിച്ച സംഭവം; പ്രതിയായ ബന്ധുവിനെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: വധൂവരന്‍മാരുടെ തല കൂട്ടിമുട്ടിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഇവരുടെ അയൽവാസിയായ സുഭാഷ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. വിശദമായ തുടര്‍ നടപടികളുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
വിവാദമായ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‌ട്ട് നൽകാൻ വനിതാ കമ്മീഷൻ കൊല്ലങ്കോട് പോലീസിന് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെയാണ് സുഭാഷിനെ പ്രതിയാക്കി പോസീസ് കേസെടുത്തത്. ദേഹോപദ്രവമേല്‍പ്പിക്കല്‍,സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

ജൂൺ 24 നായിരുന്നു പല്ലശന സ്വദേശിയായ സച്ചിനും കോഴിക്കോട് മുക്കം സ്വദേശിനി സജ്‌ലയും തമ്മിലുള്ള വിവാഹം. വിവാഹശേഷം വരന്റെ വീട്ടിലേക്ക് വധു കയറുന്നതിനിടെയായിരുന്നു സുഭാഷ് ഇരുവരുടേയും തല കൂട്ടിയിടിച്ചത്. അപ്രതീക്ഷി്തമായി തലയ്ക്ക് ഇടി കിട്ടിയതോടെ വേദന കൊണ്ട് പുളയുന്ന സജ്ലയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇതോടെ നിരവധി പേർ ശക്തമായ നടപടി വേണമെന്ന് ആവശ്യമുയർത്തിയിരുന്നു.
അപ്രതീക്ഷിതമായി തല കൂട്ടിയിടിച്ചപ്പോഴുണ്ടായ വേദന സഹിക്കാവുന്നതിലപ്പുറമായിരുന്നുവെന്നും ഇനിയൊരാള്‍ക്കും ഈ അനുഭവമുണ്ടാകരുതെന്ന് യുവതിയും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന വനിതാ കമ്മീഷൻ വിഷയത്തിൽ ഇടപെട്ടത്. കമ്മിഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു.












Click it and Unblock the Notifications