പാലക്കാട് നെല്ല് സംഭരണം തുടങ്ങി;ഇതുവരെ സംഭരിച്ചത് 1791.98 മെട്രിക് ടണ്‍
പാലക്കാട്: ജില്ലയില്‍ ഒക്ടോബര്‍ ആദ്യവാരത്തോടെ നെല്ല് സംഭരണം ആരംഭിച്ചതായും ഇതുവരെ 1791.98 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചതായും പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു.സപ്ലൈകോ പ്രതീക്ഷിക്കുന്നത് 1.13 ലക്ഷം മെട്രിക് ടൺ നെല്ലിന്റെ സംഭരണം ആണ്.
11 മില്ലുകളാണ് നെല്ല് സംഭരിക്കുന്നത്. ജില്ലയില്‍ ആലത്തൂര്‍ താലൂക്കിലാണ് നെല്ല് സംഭരണം ആരംഭിച്ചത്. നെല്ല് സംഭരണത്തിനായി കൃഷി വകുപ്പില്‍ നിന്ന് 18 കൃഷി അസിസ്റ്റന്റുമാരെ പ്രൊക്യുര്‍മെന്റ് അസിസ്റ്റന്റായി നിയമിച്ചിട്ടുണ്ട്. കൂടാതെ സപ്ലൈകോ 20 പേരെ ദിവസവേതനാടിസ്ഥാനത്തിലും നിയമിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു.

ജില്ലയില്‍ 49,730 പേര്‍ നെല്ല് സംഭരണത്തിനായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന്റെ എണ്ണം കൂട്ടാനുള്ള നടപടി സ്വീകരിക്കുന്നതിന് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ക്ക് എം.എല്‍.എമാരായ കെ.ഡി പ്രസേനന്‍, കെ. ബാബു എന്നിവര്‍ നിര്‍ദേശം നല്‍കി. ആവശ്യമാകുന്ന മുറയ്ക്ക് പ്രൊക്യുര്‍മെന്റ് അസിസ്റ്റന്റുമാരുടെ സേവനം ഉറപ്പാക്കണമെന്ന് കെ. ബാബു എം.എല്‍.എ പറഞ്ഞു.
പച്ചത്തേങ്ങ സംഭരണത്തിന് സഹകരണ ബാങ്കുകളുമായി യോഗം ചേരണം: മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ
പച്ചത്തേങ്ങ സംഭരണവുമായി ബന്ധപ്പെട്ട് സഹകരണ സ്ഥാപനങ്ങളെയും എം.എല്‍.എമാരെയും ഉള്‍പ്പെടുത്തി യോഗം ചേരണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി. പട്ടാമ്പി സഹകരണ ബാങ്ക് മുതുതലയില്‍ പച്ചത്തേങ്ങ സംഭരണം ആരംഭിക്കാന്‍ പോകുകയാണെന്നും ഇത്തരത്തില്‍ സന്നദ്ധരായ മറ്റ് ബാങ്കുകളെ കൂടി ഇതിനായി കൂട്ടിച്ചേര്‍ക്കുന്നതിന് ആലോചിക്കാവുന്നതാണെന്നും എം.എല്‍.എ പറഞ്ഞു. ജില്ലയില്‍ ഇതുവരെ 85 മെട്രിക് ടണ്‍ പച്ചത്തേങ്ങ സംഭരിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
ലക്ഷം വീടുകളുടെ പുനരുദ്ധാരണം: ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കണം
ലക്ഷം വീടുകള്‍ ഒറ്റവീടുകളാക്കി നിര്‍മിക്കുന്നതിന് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ലൈഫ് മിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, എസ്.സി, എസ്.ടി വകുപ്പുകള്‍ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ഒരു മാസത്തിനകം ലഭ്യമാക്കണമെന്ന് ജോയിന്റ് ഡയറക്ടര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തില്‍ പൂട്ടിക്കിടക്കുന്ന തോട്ടം തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നല്‍കുന്നതിന് അര്‍ഹരായ തൊഴിലാളികളെ കണ്ടെത്തി ആനുകൂല്യം നല്‍കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. മലമ്പുഴ കേന്ദ്രീകരിച്ചുള്ള തോട്ടം തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി ലഭ്യമാക്കുന്നതിന് സിറ്റിങ് നടത്തി അര്‍ഹരെ കണ്ടെത്തി ലഭ്യമാക്കുന്നതിന് തീരുമാനമെടുക്കാമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.












Click it and Unblock the Notifications