പാലക്കാട് പോലീസ് പിടിച്ചുകൊണ്ടുപോയവര്‍ എങ്ങോട്ട് പോയി? സ്‌റ്റേഷനില്‍ കമ്മീഷന്റെ പരിശോധന
പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം രണ്ടു പേരെ കാണാനില്ലെന്ന് പരാതി. ആവാസ്, ജയരാജ് എന്നിവരെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി കുടുംബം കോടതിയെ സമീപിച്ചു. പാലക്കാട് ജില്ലാ മജിസ്‌ട്രേറ്റ് കോടതി വസ്തുത അന്വേഷിക്കാന്‍ അഭിഭാഷക കമ്മീഷനെ നിയോഗിച്ചു. ശ്രീരാജ് വള്ളിയോട് എന്ന അഭിഭാഷകനാണ് കമ്മീഷന്‍. ഇദ്ദേഹം പാലക്കാട് നഗരത്തിലെ രണ്ടു പോലീസ് സ്‌റ്റേഷനുകളില്‍ പരിശോധന നടത്തി. മലമ്പുഴ സ്റ്റേഷനിലും പരിശോധിക്കുമെന്നാണ് വിവരം. കമ്മീഷന്റെ അന്വേഷണത്തോട് പോലീസ് സഹകരിക്കുന്നുണ്ട്.

ഷാജഹാന്‍ വധക്കേസില്‍ പോലീസ് മകനെ കസ്റ്റഡിയിലെടുത്ത ശേഷം കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജയരാജിന്റെ അമ്മ ദേവയാനിയാണ് പരാതി നല്‍കിയത്. ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല. കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് സമര്‍പ്പിക്കുമെന്നാണ് വിവരം.
അതേസമയം, ജയരാജും ആവാസും ഷാജഹാന്‍ വധക്കേസില്‍ പ്രതികളാകാനുള്ള സാധ്യതയുണ്ട് എന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന സൂചന. ഈ മാസം 14നാണ് ഷാജഹാന്‍ കൊല്ലപ്പെട്ടത്. 16നാണ് രണ്ടു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിപ്പോഴും പോലീസ് കസ്റ്റഡിയിലുണ്ടോ എന്നാണ് കമ്മീഷന്‍ ആദ്യം പരിശോധിക്കുന്നത്. ശേഷം വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. അതേസമയം, ജയരാജിനെയും ആവാസിനെയും പ്രതി ചേര്‍ത്ത് വൈകാതെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഇരുവരും പോലീസ് കസ്റ്റഡിയില്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന സംശയമാണ് കുടുംബത്തിനുള്ളത്.
ഇതുവരെ കേസില്‍ എട്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ ബിജെപി-ആര്‍എസ്എസ് അനുഭാവികളാണ് എന്ന് പോലീസ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യം പ്രതികളുടെ രാഷ്ട്രീയ ചായ്‌വ് പോലീസ് പറഞ്ഞിരുന്നില്ല. ആര്‍എസ്എസ് ആണ് കൊലപാതകം നടത്തിയതെന്ന് സിപിഎം ആരോപിച്ച വേളയിലും പോലീസ് ഇക്കാര്യത്തില്‍ മൗനം തുടര്‍ന്നു. മാത്രമല്ല, വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പോലീസ് നിലപാട്. പിന്നീടാണ് രാഷ്ട്രീയ വൈരമുണ്ടെന്ന് പോലീസ് സമ്മതിച്ചത്. ശേഷം പ്രതികളുടെ രാഷ്ട്രീയ ചായ്‌വും പോലീസ് പറയുന്നു.
പോലീസ് ഇതുവരെ ഇക്കാര്യത്തില്‍ മൗനം പാലിച്ചതില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ടായിരുന്നു. സിപിഎമ്മുകാര്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് ആര്‍എസ്എസ് ആരോപിച്ചിരുന്നു. തങ്ങള്‍ സിപിഎം പ്രവര്‍ത്തകരാണ് എന്നാണ് പ്രതികള്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന വേളയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഇത് ഗുഢലക്ഷ്യത്തോടെ പറയുന്നതാണ് എന്ന് സിപിഎം കുറ്റപ്പെടുത്തുന്നു.












Click it and Unblock the Notifications